തീക്കട്ടയ്ക്കു ഉറുമ്പരിക്കരുത്

ഭരിക്കുന്നവരുടെ പോഷക സംഘടന എന്ന നിലവാരത്തിലേക്കു പൊലീസ് അസോസിയേഷൻ മാറിയതു കൊണ്ടാണ് സാധാരണ പൊലീസുകാരെ ഭീഷണിപ്പെടുത്തി തപാൽ വോട്ടുകൾ കൈവശപ്പെടുത്താനും അതിൽ ​ഗുരുതരമായ തിരിമറി നടത്താനും സാധിക്കുന്നത്. ഇവിടെ വേലി തന്നെ വിളവു തിന്നുകയാണ്. അമിതമായ രാഷ്ട്രീയ ഇടപെടൽ സേനയുടെ നിഷ്പക്ഷതയെ മാത്രമല്ല, നിയമപാലനത്തിലെ സ്വാഭാവിക നീതിയെ പോലും ബാധിക്കുന്നു. ഇതിനവസാനം കാണാൻ കഴിയണം.

തീക്കട്ടയ്ക്കു ഉറുമ്പരിക്കരുത്

രാജ്യത്തെ ഭരണഘടനയും അതുൾക്കൊള്ളുന്ന നിയമസംവിധാനവും എല്ലാ പൗരൻമാർക്കും ഒരു പോലെ ബാധകമാണ്. അതിൽ പൊലീസെന്നോ മന്ത്രിയെന്നോ ന്യായാധിപനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസവുമില്ല. അതാണ് നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത. അതുയർത്തിപ്പിടിക്കാൻ ഏതൊരു പൗരനുമുള്ള ബാദ്ധ്യത, ആ അളവിനേക്കാൾ നിയമപാലകർക്കുണ്ടെന്നത് അവരുടെ തൊഴിൽ, സേവന ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുമുണ്ട്. ചില പ്രത്യേക ശ്രദ്ധയും സൂക്ഷ്മതയും നിയമപാലനത്തിലും നീതി നിർവ്വഹണത്തിലും പൊലീസിന് നിർബന്ധമാണ്. എന്നാൽ കേരളത്തിലെ പൊലീസിനുള്ളിൽ അത്തരം ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാടെ ലംഘിക്കുന്നതിൻറെ ഉത്തമദൃഷ്ടാന്തങ്ങളാണ് സമീപദിവസങ്ങളിൽ പുറത്തുവരുന്നത്. തെല്ലാശങ്കയോടെയല്ലാതെ അതു നോക്കികാണാനാകില്ല. നിയമം ലംഘിക്കാനും ജനാധിപത്യ രീതികളെ ദുർബ്ബലപ്പെടുത്താനും പൊലീസ് തന്നെ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തപാൽ വോട്ടിലെ തിരിമറി.

നിർഭയമായും സ്വാധീനവിധേയമല്ലാതെയും സ്വയം തീരുമാനപ്രകാരവുമാണ് ഓരോ പൗരവും തന്റെ സമ്മതിദാനാവകാശം വിനിയോ​ഗിക്കേണ്ടത്. ഒരു തരത്തിലുള്ള ബാഹ്യഇടപെടലുകളും ഇക്കാര്യത്തിലുണ്ടാവരുതെന്ന നിബന്ധന വോട്ടിം​ഗിന്റെ രഹസ്യസ്വഭാവത്തെയും നിഷ്പക്ഷതയെയും കൂടുതൽ പ്രോജ്ജ്വലമാക്കുന്നതുമാണ്. എന്നാൽ, പൊലീസുകാരുടെ തപാൽ വോട്ടു കൂട്ടത്തോടെ ശേഖരിച്ച്, യഥാർത്ഥ വോട്ടറുടെ താല്പര്യത്തിനെതിരായി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി വോട്ടുരേഖപ്പെടുത്തുന്ന അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് പോലീസ് അസോസിയേഷനിൽ നിന്നുണ്ടായത്. സ്ഥലം മാറ്റുമെന്നും അച്ചടക്ക നടപടിക്കു വിധേയനാവേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമാണ് പൊലീസുകാരുടെ തപാൽ വോട്ടുകൾ അസോസിയേഷനിലെ പ്രധാനികൾ കൈവശപ്പെടുത്തുന്നത്. ഇതു പിന്നീട് തങ്ങളുടെ ഇഷ്ടപ്രകാരം വോട്ടു രേഖപ്പെടുത്തിയശേഷം, മൊത്തമായി തെരഞ്ഞെടുപ്പു ഉദ്യോ​ഗസ്ഥരെ ഏല്പിക്കുന്നു. ഇവിടെ പ്രത്യക്ഷത്തിൽ മൂന്നോളം ക്രിമിനൽ, ജനപ്രാതിനിധ്യ നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നു എന്നതാണ് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ ഏറ്റവും ഒടുവിലത്തെ നടപടികൾ സൂചിപ്പിക്കുന്നത്. രഹസ്യ സ്വഭാവമുള്ള വോട്ടു കൈവശപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക, ആ ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തുക, പ്രലോഭനങ്ങളിലൂടെയും സമ്മർദ്ദം ചെലുത്തിയും തപാൽ വോട്ടു കൈക്കലാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പൊലീസ് അസോസിയേഷൻ പ്രഥമദൃഷ്ട്യാ നടത്തിയിട്ടുള്ളത്. ഒരു വ്യക്തിയുടെ തിരിമറിയല്ല, സംഘടിത ശക്തിയുടെ കരുത്തിൽ നടത്തിയ അട്ടിമറി നീക്കമാണിത്.

ഇത് എന്തുകൊണ്ടാണ് എന്ന ചോദ്യമുയരുമ്പോഴാണ് സേനയിലെ അമിതരാഷ്ട്രീയവൽക്കരണവും പക്ഷപാതിത്വവും വ്യക്തമാവുക. രാജ്യത്തെ നിയമമനുസരിച്ച് സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ സർക്കാർ വേതനം പറ്റുന്ന ഒരു ജീവനക്കാരനും രാഷ്ട്രീയ പാർട്ടിയിലും അം​ഗത്വമെടുക്കാനോ അതിൽ ഭാ​ഗഭാക്കായി പ്രവർത്തിക്കാനോ പാടില്ല. അതേസമയം അവരുടെ തൊഴിൽ മേഖലയിലെ യൂണിയൻ, അസോസിയേഷൻ, മറ്റു കൂട്ടായ്മകളുടെ പ്രവർത്തനത്തിനു തടസ്സവുമില്ല. ഈ നിയമപരമായ അനുമതിയുടെ അടിസ്ഥാനത്തിലാണ് എല്ലാ സർക്കാർ, അർദ്ധ സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലും സർവീസ് സംഘടനകളും യൂണിയനുകളും പ്രവർത്തിക്കുന്നത്. ഇത്തരം യൂണിയനുകൾക്കു പ്രകടമായ രാഷ്ട്രീയ പക്ഷപാതിത്വമോ വിധേയത്വമോ കാണാമെങ്കിലും അതിലെ അം​ഗങ്ങളുടെ സർവീസ് കാലയളവിൽ പരസ്യമായോ രഹസ്യമായോ അവരുടെ രാഷ്ട്രീയ ന‌ിറം പുറത്തുകാണിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ രൂപീകരണ കാലത്തെ സങ്കല്പത്തിൽ നിന്നു അജ​ഗജാന്തരമുള്ള വ്യത്യാസമാണ് സർവീസ് സംഘടനകളിൽ ഇന്നു കാണുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ രൂപവും ഭാവവുമാണ് എല്ലാ സർവീസ് സംഘടനകൾക്കുമുള്ളത്. അതുകൊണ്ടു തന്നെ സർവീസ് കാലയളവിലെ രാഷ്ട്രീയ പ്രവർത്തനം, വിരമിച്ച ശേഷം പലർക്കും അവരുടെ മാതൃസംഘടനകളിൽ താവളമൊരുക്കാൻ കാരണമാകുന്നു.

അതേസമയം, രാജ്യത്തെ പൊലീസ്, അർദ്ധ സൈനിക വിഭാ​ഗം, മൂന്നു സേനാവിഭാ​ഗം, മറ്റു സുരക്ഷാ, അന്വേഷണ ഏജൻസികൾ എന്നിവയിൽ ട്രേഡ് യൂണിയൻ നിയമമനുസരിച്ചുള്ള സംഘടനാ പ്രവർത്തനം നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. കേരളത്തിൽ എൺപതുകളിലാണ് സംസ്ഥാന പൊലീസ് സേനാം​ഗങ്ങൾക്കു അസോസിയേഷൻ എന്ന രീതിയിൽ ഒരു സംഘടനാ സംവിധാനം നിലവിൽ വന്നത്. പൊലീസുകാരുടെ പൊതുവായ ക്ഷേമ, തൊഴിൽ വിഷയങ്ങളിലുള്ള ഇടപെടലും മറ്റു സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളുമാണ് അസോസിയേഷൻ രൂപീകരണ വേളയിലെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നത്. പോകെ പോകെ ഭരണകക്ഷിയുടെ താല്പര്യം സംരക്ഷിക്കാനുള്ള പോഷകസംഘടനകളുടെ നിലവാരത്തിലേക്കു അസോസിയേഷൻ തരംതാണു. മൊത്തം പൊലീസുകാരുടെ ക്ഷേമത്തിനു പകരം തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനൊപ്പം നിൽക്കാത്ത പൊലീസുകാരെ ചാടിക്കാനും പീഡിപ്പിക്കാനുമുള്ള സംഘടനാ കരുത്തായി അസോസിയേഷൻ സ്ഥാനങ്ങൾ മാറി. ഭരണത്തിലിരിക്കുന്നവർ ആരായിരുന്നാലും അസോസിയേഷനെ തങ്ങളുടെ ചട്ടുകമായി ഉപയോ​ഗിക്കുകയും കൂടി ചെയ്തതോടെ പൊലീസിനുള്ളിലെ അധികാര കേന്ദ്രമായി അസോസിയേഷൻ മാറുകയായിരുന്നു.

ഭരിക്കുന്നവരുടെ പോഷക സംഘടന എന്ന നിലവാരത്തിലേക്കു പൊലീസ് അസോസിയേഷൻ മാറിയതു കൊണ്ടാണ് സാധാരണ പൊലീസുകാരെ ഭീഷണിപ്പെടുത്തി തപാൽ വോട്ടുകൾ കൈവശപ്പെടുത്താനും അതിൽ ​ഗുരുതരമായ തിരിമറി നടത്താനും സാധിക്കുന്നത്. ഇവിടെ വേലി തന്നെ വിളവു തിന്നുകയാണ്. അമിതമായ രാഷ്ട്രീയ ഇടപെടൽ സേനയുടെ നിഷ്പക്ഷതയെ മാത്രമല്ല, നിയമപാലനത്തിലെ സ്വാഭാവിക നീതിയെ പോലും ബാധിക്കുന്നു. ഇതിനവസാനം കാണാൻ കഴിയണം.

Read More >>