വാരാണസിയില്‍ മോദി വാഴുമോ

കേരളത്തിലെ തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ ശീലിച്ചു പോയവര്‍, ഒരുവേള അതിശയിക്കും. എവിടെയുമില്ല തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലം.

വാരാണസിയില്‍ മോദി വാഴുമോ

പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളം കൊടുംചൂടില്‍ തിളയ്ക്കുകയാണ് വാരാണസി. പ്രധാനമന്ത്രിയുടെ മണ്ഡലമെന്ന ഖ്യാതിയുള്ള ഈ ക്ഷേത്രനഗരത്തില്‍ എത്തുന്ന ആരും- വിശേഷിച്ച്, കേരളത്തിലെ തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ ശീലിച്ചു പോയവര്‍, ഒരുവേള അതിശയിക്കും. എവിടെയുമില്ല തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലം. നഗരത്തിലെ കെട്ടിടങ്ങള്‍ക്കു മേല്‍ പാറുന്ന ബി.ജെ.പിയുടെ കൊടികളും മോദിയുടെ ചിത്രം പതിച്ച ഓട്ടോറിക്ഷകളും വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന കവലകളിലെ ദിശാസൂചികകളില്‍ ഉയര്‍ത്തിയ ബി.ജെ.പി യുടെ പരസ്യപ്പലകകളും ഒഴിച്ചാല്‍ പ്രത്യക്ഷമായ മറ്റു പ്രചാരണ ബഹളങ്ങള്‍ വാരാണസിയിലില്ല.

എന്നാല്‍, മണ്ഡലത്തില്‍ ചില അടിയൊഴുക്കുകള്‍ ശക്തമാണെന്നു നഗരവാസികളുമായുള്ള സംസാരത്തില്‍ വ്യക്തമായി. മോദിയുടെ പേരില്‍ രോമാഞ്ചമണിയുന്ന ഒട്ടേറെപ്പേരെ ആവേശക്കമ്മിറ്റിക്കാരെ നഗരത്തിലുടനീളം കണ്ടു. അവരുടെ വാഴ്ത്തുപാട്ടുകള്‍ വേണ്ടത്ര കേട്ടു. അങ്ങനെ മോദിയെ മുച്ചൂടും പ്രശംസിച്ച ഒരു ഓട്ടോറിക്ഷക്കാരനോട്, ഇടക്കിടെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയെ കുറിച്ച് ചോദിച്ചാല്‍ അവിടെ തീരും അയാളുടെ ആവേശം. അതോടെ ആ മോദി ആരാധകന്‍ മൗനിയും വിഷാദവാനുമാകും. ഉത്തരം മുട്ടിയ അയാള്‍ പിന്നെ ഹിന്ദിയിലോ ഭോജ്പുരിയിലോ എന്തെങ്കിലുമൊക്കെ പിറുപിറുക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അസീ ഘട്ടിലെ ഗംഗാ ആരതി അവസാനിക്കുമ്പോള്‍ രസകരമായ ഒരു കാഴ്ച കണ്ടു. ആരതിയ്ക്ക് ശേഷം പിരിഞ്ഞുപോകുന്ന ഭക്തര്‍ക്കിടയിലേക്ക് ബി.ജെ.പിയുടെ കൊടിയുടെ നിറത്തിലുള്ള കുര്‍ത്തയും ജുബ്ബയുമിട്ട ഒരു വൃദ്ധനെ കയ്യില്‍ ഒരു വലിയ പ്ലാസ്റ്റിക് താമരയുമായി കുറേപ്പേര്‍ കൂട്ടിക്കൊണ്ടു വരുന്നു. ഗംഗാ ഭക്തര്‍ക്കിടയില്‍ മോദി ഭക്തരുടെ വോട്ട് തേടല്‍. ഈ ഭക്തിപ്രകടനങ്ങള്‍ക്കിടയിലും മൗലികമായ ചില ചോദ്യങ്ങള്‍ വാരാണസിയില്‍ ഉയരുന്നുണ്ട്.

വലിയ പ്രതീക്ഷകളോടെയായിരുന്നു മോദി വാരാണസിയില്‍ മത്സരിക്കാന്‍ എത്തിയത്. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം ഈ മണ്ഡലത്തിന് എന്തു നല്‍കി? നഗരപ്രദേശങ്ങളില്‍ നടക്കുന്ന റോഡ് വികസനവും ഫ്ളൈ ഓവര്‍ നിര്‍മ്മാണവും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊന്നും ഇവിടെയില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാരാണസി ലോക്‌സഭാ മണ്ഡലത്തിലെ അഞ്ചു സീറ്റുകളിലും ജയിച്ചത് ബി.ജെ.പിയാണ്.

വാരാണസി നഗരസഭാ ഭരണം വര്‍ഷങ്ങളായി ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ മണ്ഡലം എന്ന സവിശേഷത. ഇതെല്ലാമിരിക്കെ വാരാണസിയില്‍ നരേന്ദ്ര മോദി ജയിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

നിലവിലെ വോട്ടിന്റെ കണക്കനുസരിച്ചു മോദിയുടെ വിജയത്തെപ്പറ്റി സംശയിക്കാന്‍ വിദൂരസാദ്ധ്യതയുമില്ല. പക്ഷേ, എല്ലാറ്റിലും ഒരു പക്ഷേ ഉണ്ടല്ലോ. പല അതികായന്മാരും അടിതെറ്റി വീണതിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രം സാക്ഷ്യം പറയും എന്നൊരു പക്ഷേ ഉണ്ട്. മൗലികമായ ചില ചോദ്യങ്ങളിലാണ് ആ പക്ഷേ നിലകൊള്ളുന്നത്. അവ വേണ്ടുംവിധം ഉന്നയിക്കാന്‍ ആര്‍ക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. അവസാനഘട്ട തെരഞ്ഞെടുപ്പിന് ഇനി നാലു ദിവസമേയുള്ളൂ. പരസ്യ പ്രചാരണം 17 ന് തീരും.

പുറംമോടിക്കു പിന്നിലെ വാരാണസി

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വികസനത്തിനായി പരമ്പരാഗത വസ്തുശില്പ ഭംഗിയുള്ള നിരവധി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിനെതിരെ വാരാണസിയില്‍ പ്രതിഷേധം ശക്തമാണിപ്പോള്‍. പൊളിച്ചു കളയുന്നതില്‍ കച്ചവട സ്ഥാപനങ്ങള്‍ മാത്രമല്ല, വര്‍ഷങ്ങളുടെ പഴക്കമുള്ള ഒട്ടേറെ കൊച്ചുകൊച്ചു ക്ഷേത്രങ്ങളും ഉണ്ട്. ഇതില്‍ പ്രതിഷേധിച്ച് വാരാണസിയിലെ പ്രമുഖ സന്യാസിമാരില്‍ ഒരാളായ സ്വാമി അഭിമുക്തേശ്വാരാന്ദ് അനുയായികള്‍ക്കൊപ്പം സത്യാഗ്രഹം നടത്തി. അദ്ദേഹം ഇപ്പോഴും സമരം തുടരുകയാണ്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ബ്രഹ്മണര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളില്‍ എന്തുമാറ്റമാണ് മോദിയുടെ സാന്നിദ്ധ്യം വാരാണസിയില്‍ ഉണ്ടാക്കിയത്. വാരാണസിയില്‍ റെയില്‍വേയുടെ ഒരു കാന്‍സര്‍ ആശുപത്രി ഉണ്ടായിരുന്നു. അതിപ്പോള്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്.

ഗ്രാമ വികസനത്തിനായി മോദി ദത്തെടുത്ത ജയാപൂര്‍, നാഗേപൂര്‍, കഹ് ക്കാരിയ, ഡുംരി എന്നീ നാലു ഗ്രാമങ്ങളുടെ വികസനം എവിടെയെത്തി? ഈ ഗ്രാമങ്ങളെ പറ്റി ധ്രുവ്-റാട്ടിമാര്‍ എടുത്ത ഒരു ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണം ചെയ്തിരുന്നു.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പ്രകാരമുള്ള വൃത്തിയുള്ള കക്കൂസുകളോ മൂത്രപ്പുരകളോ പോലും അവിടങ്ങളില്‍ ഇല്ല. ഗ്രാമവാസികള്‍ക്കായി നിര്‍മ്മിച്ചു കൊടുത്ത കുറച്ചു വീടുകള്‍ ഉണ്ട്. സൗജന്യ ഗ്യാസ് അടുപ്പുകള്‍ കൊടുത്തെങ്കിലും ഒന്നിനു പോലും കണക്ഷന്‍ കിട്ടിയില്ല.

നഗരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ചില വികസനങ്ങള്‍ നടന്നിട്ടുണ്ട്. അവിടേക്കുള്ള റോഡുകള്‍ വികസിപ്പിച്ചപ്പോള്‍ വര്‍ഷങ്ങളായി പടര്‍ന്നു പന്തലിച്ച റോഡരികിലെ തണല്‍ മരങ്ങള്‍ മുഴുവന്‍ വെട്ടിനശിപ്പിച്ചു. പകരം ഇവിടുത്തെ പരിസ്ഥിതിക്കും ഭൂ ഘടനയ്ക്കും ചേരാത്ത കുറെ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. മതിലുകള്‍ മുഴുവന്‍ ഒന്നുകില്‍ മോദിയുടെ പ്രചാരണം. അല്ലെങ്കില്‍ ഹിന്ദുത്വ പ്രചാരണം.

ഒരു കാലത്ത് ഏറ്റവും പേരുകേട്ടതായിരുന്നു ബനാറസ്സാരികള്‍. അത് നെയ്‌തെടുക്കുന്ന തൊഴിലാളികള്‍ ഇന്ന് തികഞ്ഞ ദാരിദ്ര്യത്തിലാണ്. സാരി മൊത്തമായി വാങ്ങി നെയ്ത്തുക്കാര്‍ക്ക് ചെറിയ പ്രതിഫലം നല്‍കി ഇടനിലക്കാര്‍ വലിയ ചൂഷണം നടത്തുകയാണ്.വാരാണസിയില്‍ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ. കൃഷി, വ്യവസായം, കൈത്തോഴില്‍, വിദ്യാഭ്യാസ, സേവന മേഖലകള്‍ ഒന്നും ഇവിടെ വികസിച്ചിട്ടില്ല. മറ്റെല്ലാം ഗതകാല പ്രതാപ സ്മരണകള്‍ മാത്രം.

അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങളെ പറ്റി ചോദ്യങ്ങള്‍ ഉയരുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം. കോണ്‍ഗ്രസ്സ് അടക്കമുള്ള ഒരു പ്രതിപക്ഷപാര്‍ട്ടിയും ഈ ചോദ്യം ഉയര്‍ത്തുന്നില്ല. മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെയും തെലങ്കാനയിലെ കര്‍ഷകരുടെയും നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നിലെങ്കില്‍ ഒരുപക്ഷേ, യാഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വാരാണസിയില്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു.

2014 ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ തിരിച്ചടിയായേക്കുമോ എന്ന ഭയം ഇപ്പോള്‍ ബി.ജെ.പി നേതൃത്വത്തെ വേവലാതിപ്പെടുത്തുന്നുണ്ട്. ഇന്നു മുതല്‍ 19 വരെ മോദിയും അമിത്ഷായും അടക്കം ബി.ജെ.പി നേതൃത്വം വാരാണസിയില്‍ തമ്പടിക്കുകയാണ്. ഇന്നു നടക്കുന്ന പ്രിയങ്കയുടെ റോഡ് ഷോയ്ക് ശേഷം വരാണാസിയില്‍ മോദിയുടെ റോഡ് ഷോ നടക്കും.

വാരാണസിയില്‍ മൂന്നു ലക്ഷത്തോളം മുസ്ലിം വോട്ടര്‍മാരും രണ്ടര ലക്ഷം വീതം യാദവ, ദളിത് വോട്ടുകളും ഉണ്ട്. എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ശാലിനി യാദവ് പുറത്തു നിന്നും വന്നവരാണ്. അതിന്റെ അസംതൃപ്തി ഇവിടത്തെ പ്രവര്‍ത്തകരിലുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തില്‍ പരം വോട്ടാണ് കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച അരവിന്ദ് കേജരിവാളിനു ലഭിച്ചത്. മോദിയുടെ വാഗ്ദാന ലംഘനത്തില്‍ മനം മടുത്ത ഒരു വലിയ വിഭാഗം നിശ്ശബ്ദ വോട്ടര്‍മാരും വാരാണസിയിലുണ്ട്. ഇടതുപക്ഷാഭിമുഖ്യമുള്ള നിരവധി ചെറിയ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌ക്കാരിക ഗ്രൂപ്പുകള്‍ മോദിക്കെതിരെ ദിവസങ്ങളായി പ്രചാരണം നടത്തുന്നുണ്ട്. രാഷ്ട്രീയ ശക്തി എന്ന നിലയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വാരാണസിയില്‍ ദുര്‍ബ്ബലമാണെങ്കിലും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ചിന്താധാരകളുടെ സ്വാധീനം ഇന്നും ഇവിടെയുണ്ട്.

പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ ഒരു ഓളം ഉണ്ടാകും എന്നതിലപ്പുറം മറ്റു മാറ്റമൊന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല. കൈക്കരുത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയോട് മുട്ടിനില്‍ക്കാന്‍ പറ്റുക ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായി തന്നെയാണ്. ഇങ്ങനെ അടിയൊഴുക്കുകള്‍ പലതാണ്. ഇവ ഏകീകരിക്കപ്പെട്ടാല്‍ എന്തെങ്കിലും അത്ഭുതം സംഭവിച്ചാലോ.

Read More >>