പുലര്‍ച്ചെ മൂന്നിനും വിളിക്കാന്‍ കഴിയുന്ന സുഹൃത്താണ് പ്രഭാസ്, നേരത്തെ ഒരു പ്രണയമുണ്ടായിരുന്നു: അനുഷ്‌ക ഷെട്ടി

2008ല്‍ ഒരു പ്രണയമുണ്ടായിരുന്നു എന്നും വളരെ മനോഹരമായ ഒരു ബന്ധമായിരുന്നു അതെന്നും അനുഷ്‌ക വെളിപ്പെടുത്തി.

പുലര്‍ച്ചെ മൂന്നിനും വിളിക്കാന്‍ കഴിയുന്ന സുഹൃത്താണ് പ്രഭാസ്, നേരത്തെ ഒരു പ്രണയമുണ്ടായിരുന്നു: അനുഷ്‌ക ഷെട്ടി

തെലുങ്ക് സിനിമയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ജീവിതത്തില്‍ ഇരുവരും പ്രണയത്തിലാണ് എന്നും വൈകാതെ വിവാഹം ഉണ്ടാകും എന്നും നിരവധി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രഭാസ് തനിക്ക് ആരാണ് എന്ന് തുറന്നു പറയുകയാണ് ഇപ്പോള്‍ നടി. ചെന്നൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് പ്രഭാസിനെ കുറിച്ച് നടി വാചാലയായത്.

'പ്രഭാസിനെ 15 വര്‍ഷമായി അറിയാം. പുലര്‍ച്ചെ മൂന്നു മണിക്കും വിളിക്കാവുന്ന സുഹൃത്താണ് അദ്ദേഹം. വിവാഹം കഴിയാത്തതു കൊണ്ടും സ്‌ക്രീനിലെ ജോഡികള്‍ ആയതു കൊണ്ടും ഞങ്ങളെ കുറിച്ച് നിരവധി ഗോസിപ്പുകളുണ്ട്. ഞങ്ങള്‍ രണ്ടു പേരും ഇമോഷനുകള്‍ മറച്ചുവയ്ക്കാത്ത കൂട്ടത്തിലാണ്. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നു' - അനുഷ്‌ക പറഞ്ഞു.

2008ല്‍ ഒരു പ്രണയമുണ്ടായിരുന്നു എന്നും വളരെ മനോഹരമായ ഒരു ബന്ധമായിരുന്നു അതെന്നും അനുഷ്‌ക വെളിപ്പെടുത്തി. 'പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല'- അവര്‍ പറഞ്ഞു.

ഈയിടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ അനുഷ്‌ക രംഗത്തെത്തിയിരുന്നു. തന്നോട് ചോദിക്കാതെ നിങ്ങള്‍ക്കെങ്ങനെ ഈ വാര്‍ത്ത എഴുതാന്‍ കഴിയുന്നു എന്നായിരുന്നു അവരുടെ ചോദ്യം.

'ഇത്തരം വാര്‍ത്തകള്‍ നിങ്ങള്‍ക്ക് എങ്ങനെ എഴുതാനാകുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ആരെയെങ്കിലും കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുമ്പോള്‍ അത് കുടുംബത്തെ ബാധിക്കുന്നുണ്ട്. വാര്‍ത്തയില്‍ സത്യമില്ല എന്ന് ജനങ്ങള്‍ക്കറിയില്ല. എന്നെ അത്തരം അഭ്യൂഹങ്ങള്‍ ഒന്നും ബാധിക്കാറേയില്ല. എന്റെ വിവാഹം എന്താണ് ഇത്ര വലിയ കാര്യം എന്ന് എനിക്കറിയില്ല. ഒരു ബന്ധത്തെ മറച്ചുവയ്ക്കാന്‍ ആര്‍ക്കുമാകില്ല. എന്റെ വിവാഹം എങ്ങനെ ഞാന്‍ മറച്ചു വയ്ക്കും?' - ഐ.ബി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക ചോദിച്ചു.

Next Story
Read More >>