വനിതാ മൃഗ ഡോക്ടറുടെ മരണം: പ്രതികരിച്ച് താരങ്ങള്‍

ഈ സമൂഹത്തിൽ സ്ത്രീയായി ജനിച്ചത് കുറ്റമാണോയെന്ന് അനുഷ്ക ഷെട്ടി

വനിതാ മൃഗ ഡോക്ടറുടെ മരണം: പ്രതികരിച്ച് താരങ്ങള്‍

തെലങ്കാനയില ഷംഷാബാദിൽ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിനിമാ താരങ്ങൾ.

ഈ സമൂഹത്തിൽ സ്ത്രീയായി ജനിച്ചത് കുറ്റമാണോ? വന്യമൃഗങ്ങളുമായി പോലും പ്രതികളെ താരതമ്യം ചെയ്യരുത് അവർക്ക് നാണക്കേടാണെന്നും അനുഷ്‌കാ ഷെട്ടിപറഞ്ഞു. പിടിച്ചുലച്ച് കളഞ്ഞു ഈ സംഭവമെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും അവർ കുറിച്ചു.

ഷംഷാബാദിൽ നടന്ന സംഭവം അതിക്രൂരമാണെന്നും ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്നും ക്രിക്കറ്റ് താരം വിരാട് കോഹ്ലി പ്രതികരിച്ചു.

അങ്ങേയറ്റം വേദനയും രോഷവും നിരാശയുമാണ് തോന്നുന്നതെന്ന് നടി അനുഷ്കാ ശർമ്മ ട്വീറ്റ് ചെയ്തു പേടിപ്പിക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. നീതി എത്രയും വേഗത്തിൽ നടപ്പിലാകണമെന്നും താരം കുറിച്ചു. 'വേദന, രോഷം, നിരാശ, അവിശ്വസനീയത... വളരെ ഭയാനകമായ സംഭവമാണിത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം... ആ പെൺകുട്ടിയുടെ കുടുംബത്തിന് എന്റെ പ്രാർഥനകൾ. എത്രയും വേഗം തന്നെ നീതി നടപ്പിലാക്കണമെന്നും അനുഷ്ക ശര്‍മ്മ പറഞ്ഞു

മനുഷ്യർക്കിടയിലെ ചെകുത്താൻമാരെ തുരത്താൻ ഒരുമിച്ച് നിൽക്കണമെന്ന് നടൻ സൽമാൻ ഖാൻ കുറിച്ചു.

സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക എന്ന് കീർത്തി സുരേഷ് പ്രതികരിച്ചു.'ദിവസം ചെല്ലുന്തോറും കാര്യങ്ങൾ കൂടുതൽ ഭയാനകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതും ഏറ്റവും സുരക്ഷിതമെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഹൈദരാബാദ് പോലെയൊരു നഗരത്തിൽ. സ്ത്രീകൾക്ക് ഏതു സമയത്തും സ്വതന്ത്രമായി സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക? ഇത്തരം സൈക്കോപാത്തുകളുടെ തേടിപ്പിടിച്ച് എത്രയും പെട്ടന്നു തന്നെ ശിക്ഷിക്കണം'- കീർത്തി കുറിച്ചു.

മനുഷ്യരെപ്പോലെ പെരുമാറാത്തവർക്ക് മനുഷ്യാവകാശ നിയമങ്ങൾ ബാധകമല്ലെന്നായിരുന്നു വിജയ് ദേവേരക്കൊണ്ട അഭിപ്രായപ്പെട്ടു. ഭയപ്പെടുത്തുന്ന സംഭവമാണിത്. കുടുംബത്തിലുള്ള പുരുഷന്മാരുടെ അല്ലെങ്കിൽ ആൺകുട്ടികളുടെ കാര്യത്തിൽ നമ്മൾ തീർച്ചയായും ഉത്തരവാദിത്തം കാണിക്കണം. തെറ്റായ പെരുമാറ്റം ആരിൽ നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും വിജയ് ദേവേരക്കൊണ്ട കുറിച്ചു.

എങ്ങനെ പ്രതികരിക്കണമെന്നു പോലും എനിക്കറിയില്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ചോ, ക്രൂരതയെക്കുറിച്ചോ ചിന്തിക്കാനാകാത്ത വിധം ആളുകളുടെ മനസ്സിൽ ഭയം നിറയ്ക്കാൻ ഒരു ദേശം ഒരുമിച്ചു നിൽക്കേണ്ട സമയമായിരിക്കുന്നുവെന്ന് നടി രാകുൽ പ്രീത് സിങ് പ്രതികരിച്ചു.

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപമാണ് ബുധനാഴ്ച 25കാരിയായ മൃഗഡോക്ടറെ ഡോക്ടറെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്നത്. ശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തി. കേസിൽ പ്രതികളായ ലോറിഡ്രൈവർ മുഹമ്മദ് ആരിഫ് കൂട്ടാളികളായ ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവരെ സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു . പ്രതികളെല്ലാം 30 വയസ്സിൽ താഴെയുള്ളവരാണ്.


Read More >>