നടന ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല മനുഷ്യന്‍; മാമാങ്കത്തിലെ നായികയ്ക്ക് മമ്മൂട്ടിയെ കുറിച്ച് പറയാന്‍ ഏറെ

ഈ സിനിമയിലേക്ക് താന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല

നടന ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല മനുഷ്യന്‍; മാമാങ്കത്തിലെ നായികയ്ക്ക് മമ്മൂട്ടിയെ കുറിച്ച് പറയാന്‍ ഏറെ

കൊച്ചി: 'എന്റെ നടന ജീവിതത്തില്‍ കണ്ടു മുട്ടിയ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം (മമ്മൂട്ടി). നല്ല പ്രൊഫഷണലും യോഗ്യനും. എന്റെ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. ഗൃഹാതുരത തോന്നുമ്പോള്‍ അദ്ദേഹം എനിക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നിരുന്നു. ഒരു ചോദ്യം ചോദിക്കണമെന്ന് തോന്നുമ്പോള്‍ മെസ്സേജ് വഴിയും ഫോണ്‍ വഴിയും അദ്ദേഹം അതിന് ഉത്തരം നല്‍കിയിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് വിസ്മയകരമായ അനുഭവമായിരുന്നു. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവുണ്ട്' - മമ്മൂട്ടി എന്ന മഹാനടനെ കുറിച്ച് പറയുമ്പോള്‍ മാമാങ്കം നായിക പ്രാചി തെഹ്‌ലാന് ആയിരം നാവ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ചും മലയാളത്തിലെ അരങ്ങേറ്റത്തെ കുറിച്ചും ബോളിവുഡ് നടി മനസ്സു തുറന്നത്. ഈ സിനിമയിലേക്ക് താന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല എന്നും തന്നേക്കാള്‍ കഴിവുള്ള ആരെങ്കിലും വരുമെന്നാണ് പ്രതീക്ഷിച്ചത് എന്നും അവര്‍ പറയുന്നു. സിനിമയില്‍ ഉണ്ണിമായയുടെ വേഷമാണ് പ്രാചി കൈകാര്യം ചെയ്യുന്നത്.സിനിമയിലേക്കുള്ള വരവിനെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ;

'2018 ജനുവരിയില്‍ ഹിന്ദി ഷോ ഇക്യാവന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഓഡീഷനു വേണ്ടിയുള്ള വിളിയെത്തുന്നത്. മുംബൈയിലെത്തിയാണ് അവര്‍ എന്നെ തെരഞ്ഞെടുത്തത്. കൊച്ചിയില്‍ 25-30 നടിമാര്‍ എങ്കിലും ഓഡീഷനുണ്ടായിരുന്നു. ഓഡീഷനില്‍ ഏറ്റവും ഉയരം കൂടിയ നടിയായിരുന്നു ഞാന്‍. അഞ്ചടി പതിനൊന്ന് ഇഞ്ച് പൊക്കം. അതു കൊണ്ടു തന്നെ കോസ്റ്റിയൂം ഫിറ്റായിരുന്നു. ഏതെങ്കിലും പരിചയസമ്പത്തുള്ള നടി നായികയായി വരുമെന്നാണ് കരുതിയത്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി അടുത്ത ദിവസം തന്നെ സിനിമയിലേക്ക് വിളിയെത്തി.'

മോഹിനിയാട്ടം പഠിക്കുകയായിരുന്നു വെല്ലുവിളിയെന്ന് അവര്‍ പറയുന്നു. മുംബൈയില്‍ മുരളി സാറിന്റെ കീഴിലാണ് മോഹിനിയാട്ടം പഠിക്കാന്‍ തുടങ്ങിയത്. ഷൂട്ടിങിനിടയില്‍ പണിപ്പെട്ടാണ് അതിനു സമയം കണ്ടെത്തിയത്. ക്ലാസിക്കല്‍ നൃത്തം ഒരിക്കലും എളുപ്പമായിരുന്നില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ സീനുകള്‍ പരിശീലനം ഇല്ലാതെയാണ് ചെയ്തത് എന്നും അവര്‍ പറയുന്നു. അത്‌ലറ്റ് ആയതു കൊണ്ട് എളുപ്പത്തില്‍ ഇത്തരം സീനുകള്‍ ചെയ്യാമെന്നാണ് സംവിധായകന്‍ പറഞ്ഞത്. അതു കൊണ്ട് അത് ചെയ്യാനായി. ടി.വിയിലേക്ക് വരും മുമ്പ് ബാസ്‌കറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു താന്‍. ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ നടിയായി- അവര്‍ പറഞ്ഞു.

എം.പദ്മകുമാർ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തും

Read More >>