ടൊറോന്റോ രാജ്യാന്തരചലച്ചിത്രോത്സവം -2019 കൊടിയിറങ്ങി; കനഡയില്‍ നിന്ന് സുരേഷ് നെല്ലിക്കോട് എഴുതുന്നു

പതിവുപോലെ ഒത്തിരി വിസ്‌മയങ്ങളുമായാണ്‌ ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും പ്രേക്ഷകരും ഇന്നലെയും ഇന്നുമായി പിരിഞ്ഞുപോകുന്നത്

ടൊറോന്റോ രാജ്യാന്തരചലച്ചിത്രോത്സവം -2019 കൊടിയിറങ്ങി; കനഡയില്‍ നിന്ന് സുരേഷ് നെല്ലിക്കോട് എഴുതുന്നു

ടൊറന്‍ഡോ: തിരിച്ചുപോകാന്‍ മടിച്ചു നില്‍ക്കുന്ന പ്രേക്ഷകരെപ്പോലെ ചാറിയും തോര്‍ന്നും ചുറ്റിത്തിരിയുന്ന മഴ. സെപ്റ്റംബര്‍ 15 - ഔദ്യോഗികതകളുടെ പടങ്ങളൊക്കെ മടക്കി, വെറും പ്രദര്‍ശനങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു ആ ദിവസം. പതിവുപോലെ ഒത്തിരി വിസ്‌മയങ്ങളുമായാണ്‌ ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും പ്രേക്ഷകരും ഇന്നലെയും ഇന്നുമായി പിരിഞ്ഞുപോകുന്നത്. 84 രാജ്യങ്ങളെ പ്രതിനിധീകരിച്ചു വന്ന 333 ചിത്രങ്ങള്‍ കാണാന്‍, അതിന്‍റെ ഇരട്ടിയിലധികം രാജ്യങ്ങളില്‍ നിന്നുവന്നവരുടെ ഉത്സവം അവസാനിക്കുകയാണ്‌.

ഇക്കുറി പതിവില്‍ നിന്നു വ്യത്യസ്തമായി പുരസ്ക്കാരച്ചടങ്ങില്ലാതെ പത്രക്കുറിപ്പ് മാത്രം. ഹ്രസ്വചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ ക്ലോയ് റോയ്‌ചോഡിന്‍റെ Delphine, ലാസേ ലിന്‍‌ഡറിന്‍റെ All Cats Are Grey In The Dark എന്നിവ 10000 ഡോളറിന്‍റെ സമ്മാനങ്ങള്‍ നേടി. The Nap ഈ വിഭാഗത്തില്‍ പ്രത്യേകപരാമര്‍‌ശം നേടി. ടൊറോന്‍റോനഗരം ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല കനേഡിയന്‍ ചിത്രത്തിനുള്ള 15000 ഡോളര്‍ നേടിയത് The Twentieth Century എന്ന ചിത്രമാണ്‌. സം‌വിധായകന്‍ മാത്യു റാന്‍‌കിന്‍.

സോഫി ഡെറാസ്‌പേയുടെ Antigone മുപ്പതിനായിരം ഡോളറിന്‍റെ 'കാനഡ ഗൂസ്' പുരസ്ക്കാരം നേടി. The Body Remembers When The World Breaks Open എന്ന ചിത്രം പ്രത്യേകപ്രശംസയ്ക്ക് അര്‍ഹമായി.

ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള NETPAC സമ്മാനം നേടിയത് ലെബനോനില്‍ നിന്നുവന്ന വാലിദ് മുവാനെസ്. ചിത്രം 1982. ഏറ്റവും നല്ല ചിത്രമായി ജനങ്ങള്‍ തെരഞ്ഞെടുത്തത് ടയ്‌ക്കാ വൈറ്റിറ്റിയുടെ Jojo Rabbit. സമ്മാനത്തുക 15000 ഡോളര്‍. രണ്ടാംസ്ഥാനത്തെത്തിയത് Marriage Story യുമായി നോവ ബോംബാച്ച്. മൂന്നാം സ്ഥാനത്ത് തെക്കന്‍ കൊറിയയില്‍ നിന്നുള്ള ബോങ് ജൂന്‍ ഹോയുടെ Parasite. ഈ ചിത്രം കാന്‍ മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്ക്കാരം നേടിയിരുന്നു.

ചലച്ചിത്രനിരൂപകരുടെ രാജ്യാന്തര സംഘടന ഏര്‍പ്പെടുത്തിയ ഫിപ്രസി (FIPRESCI) പുരസ്ക്കാരം നേടിയത് ഡിസ്‌ക്കവറി വിഭാഗത്തില്‍ ഹെദര്‍ യംഗ് സം‌വിധാനം ചെയ്ത Murmur ഉം പ്രത്യേക-പ്രദര്‍ശനനിരയില്‍ നിന്ന് കോക്കി ഗീഡ്‌റോയ്‌സിന്‍റെ How To Build A Girl ഉം ആണ്‌. മികച്ച ചിത്രത്തിനുള്ള പ്ലാറ്റ്‌ഫോം പുരസ്ക്കാരമായ 20000 ഡോളര്‍ നേടിയത് പീട്രോ മാര്‍സെലോയുടെ Martin Eden. ഈ വിഭാഗത്തില്‍ കാസിക് റാഡ്‌വാന്‍സ്കിയുടെ Anne at 13000 Feet, ആലിസ് വിനോക്കോറിന്‍റെ Proxima എന്നിവ പ്രത്യേകപ്രശംസ നേടിയെടുത്തു.

മിഡ്‌നൈറ്റ് മാഡ്‌നെസ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഗാല്‍‌ഡെര്‍ ഗസേലു ഉറൂഷ്യയുടെ The Platform. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് യഥാക്രമം ആന്‍‌ഡ്രൂ പാറ്റേഴ്‌സന്‍റെ The Vast of Night, ജെഫ് ബാര്‍നബെയുടെ Blood Quantum എന്നീ ചിത്രങ്ങളാണ്‌.

ജനപ്രിയ വാര്‍ത്താചിത്രം - ഫെറാസ് ഫയാദിന്‍റെ The Cave. തൊട്ടുപിന്നില്‍ ഗാരിന്‍ ഹോവന്നീസിയന്‍റെ I Am Not Alone. മൂന്നാം സ്ഥാനത്ത് ബ്രൈസ് ഡാലസ് ഹൊവാര്‍ഡിന്‍റെ Dads.

മികച്ച ചിത്രങ്ങളുടെ നിരയില്‍ ഇന്ത്യന്‍ ചിത്രങ്ങളൂണ്ടായിരുന്നെങ്കിലും പുരസ്ക്കാരങ്ങളൊന്നും ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രിയ ചിത്രങ്ങളുടെ സൗജന്യപ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടക്കുകയുണ്ടായി.

Read More >>