തൃശ്ശൂരില്‍ രാജഹംസം

ലോകത്തെ ഏറ്റവും വലിയ ജലപക്ഷിയാണ് രാജഹംസം എന്നും അരയന്നം എന്നുമൊക്കെ വിളിക്കുന്ന Greater Flamingo. ഇവ ദേശാടന പക്ഷികളാണ്. ആകാശ മാർഗത്തിൽ ആയിരക്കണക്കിന് കിലോ മീറ്ററുകൾ താണ്ടിയാണ് ഇവ നമ്മുടെ അരികിലെത്തിയിരിക്കുന്നതു.

തൃശ്ശൂരില്‍ രാജഹംസം

ആദ്യമായാണ് രാജഹംസങ്ങളെ കാണുന്നത്. തൃശ്ശൂർ ഐനിക്കാട് കോൾ പാടത്താണ് ഇവയെ കണ്ടത്. ഞായറാഴ്ച കോൾ പാടത്ത് പക്ഷിപ്പടങ്ങളെടുക്കാൻ പോകുമ്പോൾ രാജഹംസങ്ങൾ കോൾ വിട്ടു പോയെന്നായിരുന്നു അറിവ്. അതിനാൽ പ്രതീക്ഷ ഇല്ലായിരുന്നു. സഹയാത്രികൻ മാജികമാൽ ഓടിവന്നറിയിച്ചു- ഫ്ളമിംഗോസ് ഉണ്ടെന്ന്. ഓടി ചെന്നപ്പോൾ മുന്നിൽ അറ്റം കാണാത്ത പാടങ്ങൾ. ആ പാടങ്ങളുടെ അറ്റത്ത് കുറെ ഫോട്ടോഗ്രാഫർമാരെ കണ്ടു. തൊട്ടടുത്ത് രാജഹംസങ്ങളും. പിന്നെ ഒന്നും ആലോചിച്ചില്ല. മാജിയോടൊപ്പം പാടത്തെ ചളിയിലിറങ്ങി. കാൽ ചളിയിൽ പൂണ്ടുപോകുന്നത് പ്രശ്നമാക്കാതെ. നടന്നു. വഴുക്കി വീഴരുത് എന്ന് മനസ്സിലുറച്ചു.. പ്രായം തന്ന ആരോഗ്യപ്രശ്നങ്ങളെല്ലാം മറന്നു. പാടത്തെ ചളിയിലൂടെ ഒരു കിലോമീറ്ററെങ്കിലും നടന്നുകാണും. അവസാനം ഞങ്ങൾ രാജഹംസങ്ങളെ ഷൂട്ട് ചെയ്യുന്ന പടം പിടിയന്മാർക്കടുത്തെത്തി. പാടത്തെ ചളിയിൽ ഇരുന്നും പാതി കിടന്നുമൊക്കെയാണ് പടം പിടുത്തം. ഞാൻ അവർക്കടുത്തു കുന്തിച്ചിരുന്ന്, ചന്തി വരമ്പത്തു മുട്ടാതെ പടമെടുക്കാൻ തുടങ്ങി, എന്നെ പോലെ തലയും താടിയും നരച്ചവരും യുവാക്കളുമുണ്ടായിരുന്നു അവിടെ.

ഇനി നമുക്ക് അറ്റാക്ക് ചെയ്താലോ എന്ന് മുതിർന്ന ഒരു ഫോട്ടോഗ്രാഫർ. ആദ്യം അർഥം മനസ്സിലായില്ല. ഒരു ഫോട്ടോഗ്രാഫർ കൂടുതൽ കൂടുതൽ അടുത്തു പോകുക. അപ്പോൾ പക്ഷികൾ പറക്കും.അതാണ്അദ്ദേഹം ഉദ്ദേശിച്ച അറ്റാക്ക് . പറക്കുന്ന പടം പിടിക്കാൻ ഞങ്ങളുടെ കാമറ തയ്യാറായി. അവ പറന്നു. പറക്കുന്ന പടവും കിട്ടി. ഇനി ഇത്രയും ദൂരം ചളിയിലൂടെ തിരിച്ചുനടക്കണം. നടന്നു. കരയിലെത്തി കാലിലെ ചളി കഴുകുമ്പോൾ മറ്റൊരു ഭാഗത്തെ ചളി വെള്ളത്തിൽ അവ പറന്നിറങ്ങിയതായി സഹയാത്രികൻ പറഞ്ഞു. വേഗം അങ്ങോട്ട് വിട്ടു- സ്‌കൂട്ടറിൽ. ചളിയിലിറങ്ങാതെ റോഡിൽ മോണോപോഡ് സ്ഥാപിച്ചു ഞാനും പടമെടുത്തു. കൂടുതൽ കൃത്യമായി. നേരത്തെ അറ്റാക്കിനു പോയ ഫോട്ടോഗ്രാഫർ ഇത്തവണയും ചളിയിൽ ഇറങ്ങി അടുത്തടുത്ത് പോയി. അവ വീണ്ടും പറന്നു.. ഞങ്ങൾ പടമെടുത്തു.

ലോകത്തെ ഏറ്റവും വലിയ ജലപക്ഷിയാണ് രാജഹംസം എന്നും അരയന്നം എന്നുമൊക്കെ വിളിക്കുന്ന Greater Flamingo. ഇവ ദേശാടന പക്ഷികളാണ്. ആകാശ മാർഗത്തിൽ ആയിരക്കണക്കിന് കിലോ മീറ്ററുകൾ താണ്ടിയാണ് ഇവ നമ്മുടെ അരികിലെത്തിയിരിക്കുന്നതു.

Read More >>