വേണം, കുന്നുകൾക്ക് മാത്രമായി ഒരു മാനിഫെസ്റ്റോ

1974 ലെ ഇടുക്കിയിലെ അടിമാലിയിലെ ഉരുൾപൊട്ടൽ,76 ലെ വാളയാർ ഉരുൾപൊട്ടൽ,84 ലെ കോഴിക്കോട് പുതുപ്പാടിയിലെ ഉരുൾപൊട്ടൽ, കൂരാച്ചുണ്ട് ഉരുൾപൊട്ടൽ,85ലെ ഇടുക്കി കുംഭപ്പാറ ഉരുൾപൊട്ടൽ, 92 ൽ കാപ്പിക്കളത്തെ ഉരുൾപൊട്ടൽ, 2001 ൽ അമ്പൂരി ഉരുൾപൊട്ടൽ തുടങ്ങി പിന്നീട് സംഭവിച്ച പുല്ലൂരാമ്പാറ, ഏറ്റവുമൊടുവിൽ 2018ൽ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുൾപൊട്ടൽ ജല സ്ഫോടനങ്ങളുടെ നിലയ്ക്കാത്ത പട്ടികകളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഉരുൾപൊട്ടലുകളും ജീവൻ നഷ്ടമാകുന്ന അനേകംപേർ... പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ണീർ പ്രവാഹങ്ങളായി മാത്രം മാറുന്ന കാഴ്ചകൾ...

വേണം, കുന്നുകൾക്ക് മാത്രമായി ഒരു മാനിഫെസ്റ്റോ

എൻ.കെ സലീം

ഈ അടുത്തകാലത്തായി മലയോരവാസികൾ ക്ക് മൺസൂൺ ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.ഓരോ മൺസൂണും പെയ്ത് തീരുമ്പോൾ പെയ്തുതീരാത്ത കണ്ണീരുമായാണ് മലയോരവാസികൾ ജീവിക്കുന്നത്.ഒരായുഷ്കാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതെല്ലാം മലവെള്ളപ്പാച്ചിലിൽ കൺമുന്നിലൂടെ ഒഴുകി പ്പോകുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാനേ ഈ മനുഷ്യർക്ക് കഴിയുന്നുള്ളൂ... മൺസൂൺ വല്ലാത്തൊരു ദുരിതപ്പെയ്ത്തായി മാറുന്ന കാഴ്ചകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിലെ മലയോരങ്ങളിൽ കാണുന്നത്.

1974 ലെ ഇടുക്കിയിലെ അടിമാലിയിലെ ഉരുൾപൊട്ടൽ,76 ലെ വാളയാർ ഉരുൾപൊട്ടൽ,84 ലെ കോഴിക്കോട് പുതുപ്പാടിയിലെ ഉരുൾപൊട്ടൽ, കൂരാച്ചുണ്ട് ഉരുൾപൊട്ടൽ,85ലെ ഇടുക്കി കുംഭപ്പാറ ഉരുൾപൊട്ടൽ, 92 ൽ കാപ്പിക്കളത്തെ ഉരുൾപൊട്ടൽ, 2001 ൽ അമ്പൂരി ഉരുൾപൊട്ടൽ തുടങ്ങി പിന്നീട് സംഭവിച്ച പുല്ലൂരാമ്പാറ, ഏറ്റവുമൊടുവിൽ 2018ൽ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുൾപൊട്ടൽ ജല സ്ഫോടനങ്ങളുടെ നിലയ്ക്കാത്ത പട്ടികകളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഉരുൾപൊട്ടലുകളും ജീവൻ നഷ്ടമാകുന്ന അനേകംപേർ... പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ണീർ പ്രവാഹങ്ങളായി മാത്രം മാറുന്ന കാഴ്ചകൾ...

കേരളത്തിന്റെ ഭൂമി ശാസ്ത്ര ഘടന ഏറെ സങ്കീർണമായ ഒന്നാണ്. കുന്നുകളും മലകളും സമതലങ്ങളും കയറ്റിറക്കങ്ങളും കൊണ്ട് മനോഹരമായ ഭൂപ്രദേശം. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും ഈ കയറ്റിറക്കങ്ങളുടെ ഉയരങ്ങളും കാഴ്ചകളും മാറി ഒരു സമതലത്തിലേക്ക് നമ്മുടെ നാട് മാറുന്നു. തനത് ജൈവാവരണങ്ങൾ, അതിന്റെ സങ്കീർണ്ണതകളും വിസ്മയങ്ങളും നമ്മൾ ഒരൊറ്റ വിളയിലേക്ക് മാത്രം ഒതുക്കി മലഞ്ചെരിവുകളെ വെളിച്ചപ്പെടുത്തുന്നു.

മലഞ്ചരിവുകളുടെ ഈ വെളിച്ചപ്പെടൽ ഉണ്ടാക്കുന്ന ചെരിവകളുടെ അസ്ഥിരത ചില്ലറയല്ല.കുന്നിൻചെരിവുകളിൽ അനേകം നീർച്ചാലുകളുടെ ഗതിമാറ്റം വരുത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പുതിയ കാലത്ത് വലുതായി കൊണ്ടിരിക്കുകയാണ്.നിലവിലുള്ള നീരൊഴുക്കുകൾ തടസ്സപ്പെടുത്തി പ്രകൃതിജന്യമായ ജൈവാവരണങ്ങൾ നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭൂപ്രദേശങ്ങളുടെ അസ്ഥിരപ്പെടൽ ഇന്ന് നമ്മുടെ കുന്നുകളിൽ കാണാം.

മലഞ്ചരിവിൽ അടിത്തട്ടിലെ പാറക്കു മുകളിലായി രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ മണ്ണും ഉരുളൻ പാറകളും കാണും. കനത്ത മഴയിൽ വെള്ളം വാർന്ന് പോകാൻ നീർച്ചാലുകൾ ഇല്ലെങ്കിൽ വെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങും.മണ്ണ് വെള്ളത്തിൽ കുതിർന്നാൽ പാറയും മണ്ണും തമ്മിലുള്ള സ്ഥിരത നഷ്ടപ്പെടുന്നു.കാറ്റടിക്കുമ്പോൾ ഇവിടെയുള്ള മരങ്ങൾക്ക് ഇളക്കം തട്ടുന്നതതോടെ വേരും മണ്ണിൽനിന്ന് ഇളകാൻ തുടങ്ങും. ഇതോടെ മൺ പാളി ശക്തമായി താഴേക്ക് പതിക്കുന്നു. കേരളത്തിലെ ഉരുൾപൊട്ടലുകളെ കുറിച്ച് പഠനം നടത്തുമ്പോൾ ഇത്തരത്തിലുള്ള കാരണങ്ങളാണ് ഉരുൾപൊട്ടലിന് ഏറെയും നിദാനമായെതെന്ന് കാണാം.

നമ്മുടെ മലയേറ്റങ്ങളുടെ ചരിത്രം തന്നെയാണ് ഉരുൾപൊട്ടലിനും എന്ന് കാണാൻ കഴിയും. കുടിയേറ്റവും അതുണ്ടാക്കിയ അശാസ്ത്രീയമായ ഇടപെടലുകളും കൊണ്ട് അസ്ഥിരവും ദുർബലമായിപ്പോയി നമ്മുടെ കുന്നുകളും മലകളും..

ഉരുൾപൊട്ടലിന് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങൾ ആണ് നമ്മുടെ മലയോരങ്ങൾ.. ഇടുക്കിയും വയനാടും കോഴിക്കോടും എല്ലാം സംഭവിക്കുന്നത് അനേകം ഉരുൾപൊട്ടലുകളാണ്.ഈ പ്രളയകാലത്ത് നൂറുകണക്കിന് ചെറുതും വലുതുമായ ഉരുൾപൊട്ടലുകളാണ് ഇതിനകം സംഭവിച്ചത്.

കുന്നുകൾ, ചെരിവുകൾ എന്നിവയെ കൈകാര്യം ചെയ്യും ചെയ്യുന്നതിലെ അശാസ്ത്രീയതക്ക് മാറ്റം വരുന്നില്ലെങ്കിൽ ഭാവികേരളം തീർത്തും അപകടകരമായ ഒരു സാഹചര്യത്തിലേക്കായിരിക്കും നീങ്ങുക. ഗാഡ്ഗിൽ കമ്മിറ്റി പറഞ്ഞ അതേ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ആണ് ഇത്രയും ഉരുൾപൊട്ടൽ ഉണ്ടായതെന്ന വസ്തുത നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

ഭാവികേരളത്തെ, നവകേരളത്തെ നിർമിക്കുമ്പോൾ നമ്മുടെ കുന്നുകൾക്ക് മാത്രമായി പുതിയ ഒരു മാനിഫെസ്റ്റോ മുന്നോട്ടു വെക്കണം.അവിടെയുള്ള ഇടപെടലുകളെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഏറ്റവും സമഗ്രമായ പഠനങ്ങൾ ഉണ്ടാകണം. ഏറ്റവും ശാസ്ത്രീയമായ ഭൂവിനിയോഗ രീതികൾ അവലംബിക്കണം. ഓർക്കണം,വലിയ വികസനത്തോടൊപ്പം തന്നെ ഉണ്ടാകുന്ന പാരിസ്ഥിതിക അസംതുലനവും അതുമൂലം ഉണ്ടായേക്കാവുന്ന ദുരന്തങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഈ വികസനത്തിൽ നിന്ന് കിട്ടുന്നതിലേറെ തുക ചെലവാക്കേണ്ടി വരുമെന്നത്. അതുകൊണ്ടുതന്നെ നവ കേരളത്തെ നിർമ്മിക്കുമ്പോൾ നിർമാണ വസ്തുക്കളായി മാത്രം നമ്മുടെ കുന്നുകളെ കാണരുത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

Read More >>