'പ്രായം എന്നത് വെറുമൊരു സംഖ്യമാത്രമാണ്'

ടോക്കിയോ: ആള് ജപ്പാനാണ്, തളരാത്ത പോരാളി. പ്രായം വേഗതയെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാതെ പ്രൊഫഷണല്‍ ഫുട്ബോളില്‍ തിളങ്ങുകയാണ് ജപ്പാന്‍...

പ്രായം എന്നത് വെറുമൊരു സംഖ്യമാത്രമാണ്

ടോക്കിയോ: ആള് ജപ്പാനാണ്, തളരാത്ത പോരാളി. പ്രായം വേഗതയെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാതെ പ്രൊഫഷണല്‍ ഫുട്ബോളില്‍ തിളങ്ങുകയാണ് ജപ്പാന്‍ ദേശീയ ടീം അംഗമായിരുന്ന സ്ട്രൈക്കര്‍ കസുയോഷി മിയുറ. അടുത്ത മാസം 52ാം വയസ്സിലേക്ക് കടക്കുന്ന അദ്ദേഹം ജെ- ലീഗ് ക്ലബായ യൊക്കൊഹമാ എഫ്.സിയുമായി കരാര്‍ പുതുക്കിയിരിക്കുകയാണ്. ഇതോടെ കരിയറിലെ 34ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കസുയോഷി.

കിം കസു എന്ന വിളിപ്പേരിലറിയപ്പെടുന്ന കസുയോഷി 1986ലാണ് പ്രൊഫഷണല്‍ ഫുട്ബോളിലെത്തുന്നത്. 1982ല്‍ ബ്രസീലിലെത്തിയ കസു 1986ല്‍ സാന്റോസ് എഫ്.സിയുമായി കരാറിലെത്തി. 1990 ല്‍ ജപ്പാന്‍ ദേശീയ ടീമിലെത്തിയ കസു ജപ്പാന് ആദ്യ ലോകകപ്പിന് (1998) യോഗ്യത നേടികൊടുത്തതില്‍ പങ്ക് വഹിച്ചു. 89 രാജ്യന്തര മത്സരങ്ങള്‍ കളിച്ച കസു 55 ഗോളുകള്‍ നേടി. 1993 ല്‍ ജെ- ലീഗിലെത്തിയതു മുതല്‍ ലീഗിലെ മികച്ച താരങ്ങളിലൊരാളാണ് കസു.


1994-95 സീസണില്‍ ജിയോണയുടെ താരമായിരുന്ന കസു ഇറ്റലിയിലെ സീരി എയില്‍ കളിച്ച ആദ്യ ജപ്പാന്‍ താരവുമായി. 2005 മുതല്‍ യക്കോഹമയില്‍ കളിക്കുന്ന കസുവിന് കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. കഴിഞ്ഞ സീസണില്‍ ഒന്നാം ഡിവിഷനില്‍ കളിച്ചിരുന്ന യക്കോഹമ ഈ സീസണിലാണ് തരംതാണത്. ഫെബ്രുവരി 24നാണ് ജാപ്പാനില്‍ പുതിയ സീസണ്‍ ആരംഭിക്കുന്നത്.

പ്രൊഫഷണല്‍ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് കസുവിന്റെ പേരിലാണ്. 2017 ല്‍ കസു ഈ നേട്ടം കൈവരിക്കുമ്പോള്‍ മറികടന്നത് ഇംഗ്ലീഷ് ഇതിഹാസം സ്റ്റാന്‍ലി മാത്യൂസിന്റെ റെക്കോഡാണ്. എന്നും പിന്തുണയ്ക്കുന്ന ആരാധകര്‍ക്ക് നന്ദി പറയുകയാണ് കസു. മുഴുവന്‍ സമയ പരിശീലനം നടത്തുകയും കഴിയുന്നത്ര മത്സരങ്ങള്‍ കളിക്കുകയും വേണമെന്നാണ് ആഗ്രഹം. ഒരു നിമിഷവും പാഴാക്കാനില്ല, കസുയോഷി മുയിറ പറഞ്ഞു.

Read More >>