വെെനിൻെറ രുചിക്കൂട്ട്; തയ്യാറാക്കാം വ്യത്യസ്ത വൈനുകള്‍

പലവിധത്തിലുള്ള വെെനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് റെഡ് വെെനാണ്. മിതവായ അളവിൽ റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ വെളിവാക്കുന്നത്.

വെെനിൻെറ രുചിക്കൂട്ട്; തയ്യാറാക്കാം വ്യത്യസ്ത വൈനുകള്‍

വിജി ബിൽജോ

വൈന്‍ നുകരാന്‍ മിക്ക ആളുകള്‍ക്കും ഇഷ്ടമാകും. കേക്കും വൈനുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അതിന് കാരണം വൈന്‍ ഒരു ലഹരിയായി ആരും കണുന്നില്ല എന്നതു തന്നെയാവാം. പലവിധത്തിലുള്ള വെെനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് റെഡ് വെെനാണ്. മിതവായ അളവിൽ റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ വെളിവാക്കുന്നത്. പുറത്ത് നിന്നും വാങ്ങി പണം കളയുന്നതിനേക്കാള്‍ എളുപ്പം ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയും. ഇതുവഴി പണ ലാഭം മാത്രമല്ല. ഗുണമേന്മയും ഉറപ്പ് വരുത്താം.

റെഡ് വെെൻആവശ്യ സാധനങ്ങൾ

കറുത്ത മുന്തിരിങ്ങ - 1 1/2 കിഗ്രാം

പഞ്ചസാര - 2 1/2 കിഗ്രാം

ഗോതമ്പ് - 300 ഗ്രാം

യീസ്റ്റ് - 1 ടീസ്പൂണ്‍

മുട്ട - 1

വെള്ളം - 2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)

തയ്യാറാക്കുന്ന വിധം

മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. തുടർന്ന് മുന്തിരിങ്ങ നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ പകുതി (1 1/4കിഗ്രാം)യും, ഗോതമ്പും കലക്കിവെച്ച യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക.

തുടര്‍ന്നുള്ള 10 ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. ഇതിനായി തിളപ്പിച്ച വെള്ളത്തില്‍ കഴുകിയ സ്പൂൺ ഉപയോ​ഗിക്കാം. പിന്നീട് 10 ദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. 21ാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(1 1/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിച്ചെടുത്ത് തെളിയാൻ വെക്കുക. ശേഷം ആവശ്യം പോലെ ഈ വൈൻ ഉപയോഗിയ്ക്കാവുന്നതാണ്.

പെെനാപ്പിൾ വെെൻ


ആവശ്യ സാധനങ്ങൾ

നല്ലപോലെ പഴുത്ത പൈനാപ്പിള്‍ -1 കിഗ്രാം

വെള്ളം - നാലു കുപ്പി

യീസ്റ്റ് - 1ടീസ്പൂണ്‍

ഓറഞ്ച് നീര് - രണ്ടെണ്ണം പിഴിഞ്ഞത്

തയ്യാറാക്കുന്ന വിധം

പെെനാപ്പിൾ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇതില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ചൂടാറും മുന്‍പ് യീസ്റ്റും ചേര്‍ക്കണം. പിന്നീട് ഓറഞ്ചു നീര് ചേര്‍ത്തിളക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് ഉണങ്ങിയ ഭരണിയിലാക്കി വയ്ക്കുക. കൂടുതല്‍ ദിവസം വയ്‌ന്തോറും കൂടുതല്‍ രുചിയും ഉണ്ടാകും.

റോസ് ആപ്പിൾ വെെൻ


ആവശ്യ സാധനങ്ങൾ

ചാമ്പക്ക- 1 കി​ഗ്രാം

പഞ്ചസാര- 1 കി​ഗ്രാം

യീസ്റ്റ്- 1/2 ടീസ്പൂണ്‍

വെള്ളം - 1 ലിറ്റര്‍(തിളപ്പിച്ചാറിയത്)

തയ്യാറാക്കുന്ന വിധം

ചാമ്പക്ക നന്നായി കഴുകിയെടുക്കുക. ശേഷം കുരുകളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. ഇതിലേക്ക് പഞ്ചസാര, യീസ്റ്റ്, വെള്ളം എന്നിവ ചേർത്ത് ഒരു ഭരണയിൽ സൂക്ഷിക്കുക. ഈ മിശ്രിതം 21ാമത്തെ ദിവസം ഒരു തുണികൊണ്ട് അരിച്ചെടുക്കാം. തുടർന്ന് 21 ദിവസം വീണ്ടും ഭരണയിൽ സൂക്ഷിക്കുക. 42ാമത്തെ ദിവസം സ്വാദിഷ്ടമായ ചാമ്പക്ക വെെൻ തയ്യാർ.

Read More >>