പുറത്തേക്കടിച്ചു കളഞ്ഞ അവസരങ്ങളും പുല്ല് പറിക്കുന്ന കോച്ചും; ഈ ടീം ജയം അര്‍ഹിക്കുന്നില്ല- ബ്ലാസ്റ്റേഴ്സ്-ഗോവ റിവ്യൂ

എതിരാളികളുടെ മിടുക്കില്‍ നിന്നല്ല, സ്വന്തം പിഴവില്‍ നിന്നാണ് കേരളം രണ്ടു ഗോളും വഴങ്ങിയത്

പുറത്തേക്കടിച്ചു കളഞ്ഞ അവസരങ്ങളും പുല്ല് പറിക്കുന്ന കോച്ചും; ഈ ടീം ജയം അര്‍ഹിക്കുന്നില്ല- ബ്ലാസ്റ്റേഴ്സ്-ഗോവ റിവ്യൂ

വലിയ പിഴ, അല്ലാതെന്തു പറയാന്‍... ഈ സമനിലയ്ക്ക് ന്യായീകരണങ്ങളില്ല. ഡഗ് ഔട്ടില്‍ പലവേള പൊട്ടിത്തെറിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷട്ടോരി കളിക്കു ശേഷം ഗോവന്‍ കോച്ച് സെര്‍ജിയോ ലൊബറയ്ക്ക് കൈ പോലും കൊടുക്കാതെയാണ് മടങ്ങിയത്. അത്രയ്ക്കുണ്ടായിരുന്നു കേരളം പാഴാക്കിയ അവസരങ്ങളുടെ എണ്ണം.

സ്വന്തം ഗ്രൗണ്ട്, ചങ്കുപൊട്ടി അലറി വിളിക്കുന്ന കാണികള്‍, ഗോളിന്റെ മുന്‍തൂക്കം, എതിര്‍ടീമിനേക്കാള്‍ ഒരു കളിക്കാരന്‍ കൂടുതല്‍ തുടങ്ങി കളി ജയിക്കാന്‍ വേണ്ട എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തുവന്ന ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. തോല്‍വിയോളം പോന്ന സമനില. നഷ്ടമായത് മൂന്നു പോയിന്റ് നേടി പോയിന്റ് ടേബിളില്‍ മുന്നിലേക്കെത്താനുള്ള സുവര്‍ണാവസരം. ഈ സമനിലയോടെ ആറു കളികളില്‍ നിന്ന് അഞ്ചു പോയിന്റ് മാത്രമാണ് കേരള ടീമിന്റെ സമ്പാദ്യം. ആദ്യ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ജയം മാത്രമാണ് ബാലന്‍സ് ഷീറ്റില്‍. രണ്ടു സമനിലയും രണ്ടു തോല്‍വിയും. ഇതോടെ ആദ്യ നാലിലേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ യാത്ര ദുഷ്‌കരമായി.

>സ്വന്തം പിഴവുകള്‍

എതിരാളികളുടെ മിടുക്കില്‍ നിന്നല്ല, സ്വന്തം പിഴവില്‍ നിന്നാണ് കേരളം രണ്ടു ഗോളും വഴങ്ങിയത് എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ കളിയിലേതു പോലെ, ഒഗ്ബച്ചയെയും മെസ്സി ബൗളിയെയും സ്‌ട്രൈക്കര്‍മാരായി മുന്നില്‍ നിര്‍ത്തി പരമ്പരാഗതമായ 4-4-2 ശൈലിയിലാണ് കോച്ച് ബ്ലാസ്‌റ്റേഴ്‌സിനെ വിന്യസിച്ചത്. മിഡ്ഫീല്‍ഡില്‍ ജീക്‌സണ്‍ സിങും സിഡോഞ്ചയും. വിങ്ങില്‍ സഹല്‍ അബ്ദുല്‍സമദയും പ്രശാന്തും. പ്രതിരോധത്തില്‍ മാസിഡോണിയന്‍ താരം ദ്രൊബാറോവിനൊപ്പം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ജസലും രാജു ഗെയ്ക്‌വാദും മുഹമ്മദ് റാകിബും.

രണ്ട് സ്‌ടൈക്കര്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കേരളത്തിന്റെ പരീക്ഷണത്തെ ഡിഫന്‍സീവ് മിഡില്‍ രണ്ടും പ്രതിരോധത്തില്‍ നാലും പേരെയാണ് ഗോവ കോച്ച് ലിബറോ വിന്യസിച്ചത്. മന്‍വീര്‍ സിങ് ഏക സ്‌ട്രൈക്കറായി 4-2-3-1 ശൈലിയില്‍ ആയിരുന്നു വിന്യാസം.

കളിക്ക് രണ്ടു മിനിറ്റ് മാത്രം പ്രായമാകവെ കേരളം സന്ദര്‍ശകരെ ഞെട്ടിച്ചു. രാജു ഗെയ്ക്‌വാദിന്റെ ത്രൂപാസില്‍ നിന്ന് ഹാഫ് വോളി തൊടുത്ത് മിഡ്ഫീല്‍ഡര്‍ സര്‍ജിയോ സിഡോഞ്ച കേരളത്തെ മുന്നിലെത്തിച്ചു. സ്‌കോര്‍ 1-0.

ഈ ഗോളിന് മറുപടി വന്നത് ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെയാണ്. മുര്‍താദ് സെറിഗിന്‍ ഗോവയ്ക്കായി ഗോള്‍ നേടിയത്. ജാക്കി ചന്ദ് സിങിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഈ ക്രോസിനെ വായിക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ടി.പി രഹനേഷ് പരാജയപ്പെട്ടു. ഗോള്‍ പോസ്റ്റിനും രഹനേഷിനും ഇടയിലുള്ള ചെറിയ വിടവിലൂടെയായിരുന്നു ഗോള്‍.

അമ്പത്തിയൊന്നാം മിനിറ്റില്‍ പ്രശാന്തിന്റെ ക്രോസില്‍ നിന്ന് മെസ്സി ബൗളി സോഫ്റ്റ് ടച്ചിലൂടെ വീണ്ടും ഗോള്‍ കണ്ടെത്തി. സ്‌കോര്‍ 2-1. രണ്ടു മിനിറ്റിനുള്ളില്‍ ഒഗ്ബച്ചയെ ഫൗള്‍ ചെയ്ത മുര്‍താദ ചുവപ്പ് കാര്‍ഡ് പുറത്തു പോയി. പിന്നീട് പത്തു പേരെ വെച്ചായി ഗോവയുടെ കളി. ഒരു വിദേശം താരം മാത്രമായിരുന്നു സന്ദര്‍ശകര്‍ക്കായി കളത്തിലുണ്ടായിരുന്നത്. എന്നിട്ടും തോല്‍ക്കാത്ത പോരാട്ടവീര്യം പുറത്തെടുത്ത ഗോവ ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങി. അതും സ്വന്തം പിഴവില്‍ നിന്ന്. 93-ാം മിനിറ്റില്‍ കൈയിലെത്തിയ പന്ത് ടി.പി രഹനേഷ് കൈമാറിയത് ചെന്നെത്തിയത് ഗോവന്‍ കളിക്കാരന്റെ കാലില്‍. പന്ത് ബോകിസിനുള്ളില്‍ വച്ച് മന്‍വീര്‍ സിങ് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും രഹനേഷ് തടുത്തു. റീബൗണ്ട് നേരെ ഗോവന്‍ യുവതാരം ലെനി റോഡിഗ്രസിന്റെ കാലുകളില്‍. രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയില്‍ നിന്ന ലെനി എളുപ്പത്തില്‍ ലക്ഷ്യം കണ്ടു.

75-ാം മിനിറ്റ് മുതല്‍ ഇളകിയാടിയ പ്രതിരോധവും കൈയില്‍ കിട്ടിയ പന്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഗോള്‍കീപ്പറുമാണ് ഈ ഗോളിലെ വില്ലന്‍. ഇഞ്ച്വറി ടൈമില്‍ പന്തു കാലില്‍ വയ്ക്കുകയും സ്വന്തം ഹാഫില്‍ കൃത്യമായി പന്ത് ക്ലിയര്‍ ചെയ്യുകയും ചെയ്യുക എന്ന അടിസ്ഥാന പാഠം മറന്നതിനുള്ള ശിക്ഷ. ഈ സമനിലയില്‍ പരിക്കിനെ കുറ്റം പറയേണ്ടതില്ല. എതിര്‍ ടീമില്‍ ഒരാളില്ല, ഒരു ഗോള്‍ മേധാവിത്വം എന്നിവയെല്ലാം ഉണ്ടായിട്ടും സമനില വഴങ്ങുന്നതിനെ തോല്‍വി എന്നു മാത്രമേ വിശേഷിപ്പിക്കാവൂ.

>പാഴാക്കിയ അവസരങ്ങള്‍

ഗോളെന്നുറപ്പിച്ച മൂന്ന് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പാഴാക്കിക്കളഞ്ഞു. അതില്‍ 66-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഒഗ്ബച്ചെ തൊടുത്ത ഹെഡര്‍ പുറത്തേക്കു പോയത് അവിശ്വസനീയമായിരുന്നു. അതു കണ്ട് ഞെട്ടിത്തരിച്ച കോച്ച് എല്‍കോ ഷട്ടോരി താഴെയിരുന്ന് പുല്ലു പറിക്കുന്നത് കാണാമായിരുന്നു. സഹലിന് പകരം കളത്തിലിറങ്ങിയ സെയ്ത്യാ സെന്‍ സിങിന്റെ കിടിലന്‍ ലോങ് റേഞ്ചര്‍ ഗോളാകാതെ മാറിയത് നിര്‍ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. ഒരു തവണ മെസ്സി ബൗളി വലയിലെത്തിച്ച പന്ത് റഫറി ഓഫ് സൈഡ് വിളിച്ചു. ഓഫ് സൈഡാണോ അല്ലയോ എന്നതില്‍ തര്‍ക്കങ്ങള്‍ ബാക്കി വയ്ക്കുന്ന ഗോളായിരുന്നു അത്.

ഡിസംബര്‍ അഞ്ചിന് മുംബൈയില്‍ വെച്ച് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. എഫ്.സി ഗോവ എട്ടിന് ഹൈദരാബാദിനെ നേരിടും. ഇന്ന് ജംഷഡ്പൂര്‍ എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് മത്സരം.

Read More >>