ഗ്രിസ്മാന്‍ അത്ലറ്റികോ മാഡ്രിഡ് വിടും

ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ജൂലൈയില്‍ ഗ്രിസ്മാന്‍ ബാഴ്സയിലെത്തുമെന്നാണ് വിവരം.

ഗ്രിസ്മാന്‍ അത്ലറ്റികോ മാഡ്രിഡ് വിടും

മാഡ്രിഡ്: ഫ്രാന്‍സ് സ്ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാന്‍ അത്ലറ്റികോ മാഡ്രിഡ് വിടും. ക്ലബ്ബ് വിടുകയാണെന്ന് കാര്യം ഗ്രിസ്മാന്‍ വീഡിയോയിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. താരം ഈ സീസണോടെ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം നേരത്തെ തന്നെ നിലനിന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ജൂലൈയില്‍ ഗ്രിസ്മാന്‍ ബാഴ്സയിലെത്തുമെന്നാണ് വിവരം. 104 മില്യണ്‍ പൗണ്ടിനാണ് അദ്ദേഹത്തിന്റെ കൂടുമാറ്റമെന്നാണ് വിവരം. അത്ലറ്റികോ മാഡ്രിഡിന്റെ നിര്‍ണ്ണായക താരങ്ങളിലൊരാളായ ഗ്രിസ്മാന്‍ ക്ലബ്ബ് വിടുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കും.

2014ല്‍ റയല്‍ സോസിഡാഡില്‍ നിന്നാണ് ഗ്രിസ്മാന്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ടീമിന്റെ മുഖ്യ സ്ട്രൈക്കറായിരുന്ന ഗ്രിസ്മാന്‍ 255 മത്സരത്തില്‍ നിന്ന് 133 ഗോളാണ് നേടിയത്. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയതില്‍ ഗ്രിസ്മാന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ടീമിനൊപ്പം യുവേഫ യൂറോകപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, സൂപ്പര്‍ കോപ്പ എന്നീ കിരീടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഡീഗോ ഗോഡിനും ഈ സീസണോടെ കൂടുമാറിയതോടെ അത്ലറ്റികോ കൂടുതല്‍ പ്രതിസന്ധിയിലാവും. ലാ ലിഗയില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടിയിട്ടുണ്ട്.

ലൂയിസ് സുവാരസ് അടുത്ത സീസണോടെ ക്ലബ്ബുവിടുമെന്നിരിക്കെ നല്ല പകരക്കാരനായാണ് ഗ്രിസ്മാനെ പരിഗണിക്കുന്നത്. ലയണല്‍ മെസ്സിക്കൊപ്പം ഗ്രിസ്മാന്‍ കൂടി എത്തുന്നതോടെ ബാഴ്സലോണയുടെ മുന്നേറ്റ നിരയുടെ കരുത്തിരട്ടിക്കും.

Read More >>