മനസ്സു തുറന്ന് ഗ്രീസ്മാന്‍; മെസ്സി ഇതുവരെ വിളിച്ചിട്ടില്ല

അത്‌ലറ്റിക്കോ മാഡ്രിഡിനായും ഫ്രാന്‍സിനായും ഏഴാം നമ്പറില്‍ കളിക്കുന്ന ഗ്രീസ്മാന് ബാഴ്‌സയിലും ഏഴാം നമ്പര്‍ ജഴ്‌സിയാണ് നല്‍കുക.

മനസ്സു തുറന്ന് ഗ്രീസ്മാന്‍; മെസ്സി ഇതുവരെ വിളിച്ചിട്ടില്ല

മാഡ്രിഡ്: ബാഴ്‌സയിലേക്കുള്ള കൂടുമാറ്റത്തില്‍ മനസ്സു തുറന്ന് ഫ്രഞ്ച് സൂപ്പര്‍ താരം ആന്റോണിയോ ഗ്രീസ്മാന്‍. ബാഴ്‌സലോണയില്‍ നിന്ന് ലയണല്‍ മെസ്സി ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും എന്നാല്‍ ലൂയിസ് സുവാരസിന്റെ മെസ്സേജ് കിട്ടിയെന്നും താരം വെളിപ്പെടുത്തി. ബ്രസീല്‍ താരം നെയ്മര്‍ ബാഴ്‌സയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീലിയന്‍ ഫുട്‌ബോളിന് നെയ്മര്‍ ബാഴ്‌സയിലെത്തുന്നതാണ് നല്ലത്. എന്നാല്‍ അത് എളുപ്പമാണ് എന്നു താന്‍ കരുതുന്നില്ല- ഗ്രീസ്മാന്‍ കൂട്ടിച്ചേര്‍ത്തു. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് 120 ദശലക്ഷം യൂറോക്കാണ് ഗ്രീസ്മാന്‍ കഴിഞ്ഞ ദിവസം ബാഴ്‌സയിലെത്തിയത്. ജൂലൈ 14ന് ക്ലബ് താരവുമായി കരാര്‍ ഒപ്പുവെച്ചത്.

ഇപ്പോള്‍ ബാഴ്‌സയ്‌ക്കൊപ്പമാണ് ഹൃദയമെന്നും അടുത്ത കളിക്കായി കാത്തിരിക്കുകയാണെന്നും ഗ്രീസ്മാന്‍ പറഞ്ഞു. ചൊവ്വാഴ്ച ചെല്‍സിക്കെതിരെ കറ്റാലന്‍ ക്ലബിന് സൗഹൃദമത്സരമുണ്ട്. ഈ കളിയില്‍ താരത്തിന് ഇടം ലഭിച്ചേക്കും.

അത്‌ലറ്റിക്കോ മാഡ്രിഡിനായും ഫ്രാന്‍സിനായും ഏഴാം നമ്പറില്‍ കളിക്കുന്ന ഗ്രീസ്മാന് ബാഴ്‌സയിലും ഏഴാം നമ്പര്‍ ജഴ്‌സിയാണ് നല്‍കുക. നിലവിലെ ഏഴാം നമ്പര്‍ ബ്രസീല്‍ താരം കുട്ടീഞ്ഞോക്ക് മറ്റേതെങ്കിലും നമ്പര്‍ നല്‍കിയേക്കും. അതേസമയം, ഗ്രീസ്മാന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അത്‌ലറ്റികോ മാഡ്രിഡിനും ബാഴ്‌സക്കും ഇടയില്‍ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ട്. ഗ്രീസ്മാന് വേണ്ടി 200 മില്യണ്‍ ഡോളര്‍ ബാഴ്‌സ നല്‍കണമായിരുന്നുവെന്നും ഇത് നല്‍കാത്ത പക്ഷം നിയമനടപടിക്ക് ഒരുങ്ങുമെന്നും അത്‌ലറ്റികോ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായി അത്ലറ്റികോയുടെ സുപ്രധാന താരമാണ് ഗ്രീസ്മാന്‍. അവര്‍ക്കായി 255 മത്സരങ്ങളില്‍ നിന്നായി 133 ഗോളുകള്‍ നേടി. 43 അസിസ്റ്റും ഫ്രഞ്ച് താരത്തിന്റെ പേരിലുണ്ട്. ഒരു യൂറോ കപ്പും യുവേഫ സൂപ്പര്‍ കപ്പും അത്ലറ്റികോ ജേഴ്സിയില്‍ താരം സ്വന്തമാക്കി.

Story by
Read More >>