ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ അട്ടിമറിച്ച് വലന്‍സിയ, ബാഴ്‌സക്ക് സമനില, ലിവര്‍പൂളിന് തോല്‍വി

സൂപ്പര്‍ താരം മെസ്സി കളത്തിലിറങ്ങിയിട്ടും ബാഴ്‌സലോണ ജര്‍മന്‍ ക്ലബായ ബൊറൂഷ്യ ഡോര്‍ട്മുണ്ടിന് മുമ്പില്‍ സമനില വഴങ്ങി

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ അട്ടിമറിച്ച് വലന്‍സിയ, ബാഴ്‌സക്ക് സമനില, ലിവര്‍പൂളിന് തോല്‍വി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അടിതെറ്റി ഇംഗ്ലീഷ് വമ്പന്മാര്‍. ഇറ്റാലിയന്‍ ടീമായ നെപ്പോളി ലിവര്‍പൂളിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ചെല്‍സിയെ സ്പാനിഷ് ടീമായ വലന്‍സിയയാണ് കെട്ടുകെട്ടിച്ചത്. സ്‌കോര്‍ 1-0.

സൂപ്പര്‍ താരം മെസ്സി കളത്തിലിറങ്ങിയിട്ടും ബാഴ്‌സലോണ ജര്‍മന്‍ ക്ലബായ ബൊറൂഷ്യ ഡോര്‍ട്മുണ്ടിന് മുമ്പില്‍ സമനില വഴങ്ങി. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ സ്ലാവിയ പ്രാഹയ്ക്ക് മുമ്പിലും ലിയോണ്‍ സെനിതിന് മുമ്പിലും സമനില വഴങ്ങി.

ഓസ്ട്രിയന്‍ ക്ലബായ സാല്‍സ്ബര്‍ഗ് ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും വലിയ വിജയം നേടിയത്. ബെല്‍ജിയന്‍ ക്ലബായ ഗെന്‍കിനെതിരെ രണ്ടിനെതിരെ ആറു ഗോളിനാണ് സാല്‍സ്ബര്‍ഗിന്റെ ജയം. ആറില്‍ അഞ്ചു ഗോളും ഒന്നാം പകുതിയില്‍ ആയിരുന്നു. 19കാരനായ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ബ്രൗട്ട് ഹലന്ദ് സാല്‍സ്ബര്‍ഗിന് വേണ്ടി ഹാട്രിക് നേടി.

ബെന്‍ഫിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ലീപ്‌സിഗ് രണ്ടിനെതിരെ ഒരു ഗോളിന് വിജയം കണ്ടു. ഡച്ച് ക്ലബായ അയാക്‌സ് ലോക്‌സിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

>പെനാല്‍റ്റി പാഴാക്കി ചെല്‍സി

ഗ്രൂപ്പ് എച്ചില്‍ വലന്‍സിയക്ക് മുമ്പില്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ചെല്‍സിക്കു നേരിട്ടത്. സ്പാനിഷ് ക്ലബിനു വേണ്ടി 74-ാം മിനിറ്റില്‍ റോഡ്രിഗോ ആണ് ലക്ഷ്യം കണ്ടത്. കളില്‍ 60 ശതമാനം സമയം പന്ത് കൈവശം വെച്ചത് ചെല്‍സിയായിരുന്നു. 22 തവണ അവര്‍ ഗോളിലേക്ക് നിറയൊഴിക്കുകയും ചെയ്തു. ചെല്‍സിക്കു വേണ്ടി റോസ് ബര്‍ക്‌ലി പെനാല്‍റ്റി പാഴാക്കുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിലെ കഴിഞ്ഞ 42 കളികളില്‍ ചെല്‍സി വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണിത്. 2013ല്‍ ബാസലിനെതിരെ ആയിരുന്നു ഇതിന് മുമ്പുള്ള തോല്‍വി.

മാനേജര്‍ എന്ന നിലയില്‍ മുന്‍ സൂപ്പര്‍ താരം ഫ്രാങ്ക് ലംപാര്‍ഡിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു ഇത്.

>റെക്കോര്‍ഡ് സൂക്ഷിച്ച് നെപ്പോളി

ചാമ്പ്യന്‍സ് ലീഗിലെ മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബുകള്‍ക്കെതിരെ ജയിക്കുക എന്ന ശീലം നെപ്പോളി ഇന്നലെയും കൈവിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 2017ലെ തോല്‍വി ഒഴിച്ചാല്‍ കഴിഞ്ഞ ആറില്‍ അഞ്ചു കളികളിലും നെപ്പോളി ഇംഗ്ലീഷ് ക്ലബുകള്‍ക്കെതിരെ വിജയിച്ചിട്ടുണ്ട്.

യുര്‍ഗന്‍ ക്ലോപ്പിന്റെ ലവിര്‍പൂളിനെതിരെ പെനാല്‍റ്റിയിലൂടെ ഡ്രൈസ് മാര്‍ട്ടിനസും ഫെര്‍ണാണ്ടോ ലോറന്റെയുമാണ് നെപ്പോളിക്കായി ഗോള്‍ നേടിയത്. യോസെ കാലജനെ ഡിഫന്‍ഡര്‍ ആന്‍ഡി റോബര്‍ട്‌സണ്‍ വീഴ്ത്തിയതിനാണ് ഇറ്റാലിയന്‍ ക്ലബിന് പെനാല്‍റ്റി ലഭിച്ചത്. ഗോളെന്നുറച്ച് രണ്ട് ഷോട്ടുകളാണ് ലിവര്‍പൂള്‍ കീപ്പര്‍ അഡ്രിയാന്‍ രക്ഷപ്പെടുത്തിയത്.

പ്രതിരോധത്തില്‍ കോട്ട കെട്ടിയ കൗലിബാലിയാണ് മുഹമ്മദ് സലാ, മാനെ, ഫിര്‍മിനോ എന്നിവര്‍ കൂട്ടം ചേര്‍ന്നു നടത്തിയ ലിവര്‍പൂള്‍ ആക്രമണത്തെ തടഞ്ഞു നിര്‍ത്തിയത്. കൗലിബാലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്

>സമനിലക്കുരുക്കില്‍ ബാഴ്‌സ

പരിക്കു മൂലം കുറച്ചുകാലമായി പുറത്തായിരുന്ന സൂപ്പര്‍ താരം മെസ്സി കളത്തിലിറങ്ങിയിട്ടും ബാഴ്‌സലോണക്ക് ഡോട്മുണ്ടിനോട് സമനില വഴങ്ങേണ്ടി വന്നു. 55-ാം മിനിറ്റില്‍ ബാഴ്‌സ പെനാല്‍റ്റി വഴങ്ങിയെങ്കിലും ഗോളി ടെര്‍ സ്റ്റീഗന്‍ രക്ഷകനായി.

സീസണില്‍ ആദ്യമായാണ് മെസ്സി ക്ലബിനു വേണ്ടി ഇന്നലെ ബൂട്ടുകെട്ടിയത്. 16കാരന്‍ അന്‍സു ഫാതിയും ഇന്നലെ ടീമിനായി കളത്തിലിറങ്ങി. മെസ്സി, ഗ്രീസ്മാന്‍, സുവാരസ് എന്നിവരെല്ലാം കളിച്ചിട്ടും 90 മിനിറ്റില്‍ ഒരു തവണ മാത്രമാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് പന്ത് ലക്ഷ്യത്തിലേക്ക് പായിക്കാനായത്.

ഡോര്‍ട്മുണ്ടിന്റെ വിജയത്തിനു വിലങ്ങു തടിയായി നിന്ന ടെര്‍ സ്റ്റിഗനാണ് മാന്‍ ഓഫ് ദ മാച്ച്.

2009-10 ശേഷം ആദ്യമായാണ് ബാഴ്‌സലോണ ഗോളില്ലാതെ ഒരു സീസണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞ 14 ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ഇതുവരെ ബാഴ്‌സ തോറ്റിട്ടില്ല.

Read More >>