സൂപ്പർ മെസി; ബാഴ്സ ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ

യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന അയാക്സും ചാമ്പ്യൻസ് ലീഗ് സെമിയിലെത്തി

സൂപ്പർ മെസി; ബാഴ്സ ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ

ഇരട്ടഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി കളംവാണപ്പോൾ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. ബാഴ്‌സലോണയിലെ നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. ഇരുപാദങ്ങളിലുമായി 4-0 ന്റെ വിജയം നേടിയാണ് ബാഴ്‌സയുടെ സെമി പ്രവേശനം.

കളിയുടെ ആദ്യ പകുതയിൽ തന്നെ ഇരു ​ഗോളുകളുമായി മെസി തകർത്താടി. 16-ാം മിനിറ്റിൽ ​ഗോൾ നേടി മെസി യുണൈറ്റഡിനെ ഞെട്ടിച്ചു. പന്ത് ക്ലിയര്‍ ചെയ്യാനുള്ള യുണൈറ്റഡ് ഡിഫന്‍സിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച മെസ്സി ഇടംകാലുകൊണ്ട് ഗോള്‍ കീപ്പര്‍ ഡിഹിയയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്ന് യുണൈറ്റഡ് ഉണരും മുന്‍പേ മെസി ലീഡ് ഉയർത്തി. 20-ാം മിനിറ്റില്‍ യുണൈറ്റഡ് പ്രതിരോധത്തെ വെട്ടിച്ച് മെസി വലംകാലുകൊണ്ട് തൊടുത്ത അത്ര ശക്തമല്ലാത്ത ഷോട്ട് തടയുന്നതില്‍ ഡിഹിയക്ക് പിഴയ്ക്കുകയായിരുന്നു. രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആധിപത്യത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 61-ാം മിനിറ്റില്‍ 25 വാര അകലെ നിന്ന് തൊടുത്ത ഒരു ഷോട്ടിലൂടെ കുടീഞ്ഞ്യോ ബാഴ്‌സയുടെ ഗോള്‍ പട്ടിക തികച്ചു. 2015-ന് ശേഷം ബാഴ്‌സ ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്.


ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന അയാക്സും ചാമ്പ്യൻസ് ലീഗ് സെമിയിലെത്തി. ടോറിനോയിൽ നടന്ന മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി ആദ്യംഗോൾ നേടി. എന്നാൽ ആറു മിനുറ്റുകൾക്കുള്ളിൽ വാൻ ഡി ബീക്കിലൂടെ അവർ തിരിച്ചടിച്ചു. അറുപത്തിയേഴാം മിനുറ്റിൽ ഡി ലൈറ്റിന്റെ വിജയ​ഗോളിലൂടെ അയാക്സ് സെമിയിൽ കടന്നു.

Read More >>