കോപ അമേരിക്ക; കുടീഞ്ഞോ തകര്‍ത്താടി, ജയത്തോടെ ബ്രസീല്‍ തുടങ്ങി

ഫിലിപ്പോ കുട്ടിനോ നേടിയ രണ്ടു ഗോളും സബ്സ്റ്റിറ്റിയൂട്ടായി വന്ന എവര്‍ട്ടന്റെ സൂപ്പര്‍ സോളോ ഗോളുമാണ് കാനറികള്‍ക്ക് വിജയം സമ്മാനിച്ചത്.

കോപ അമേരിക്ക; കുടീഞ്ഞോ തകര്‍ത്താടി,  ജയത്തോടെ ബ്രസീല്‍ തുടങ്ങി

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയമധുരം. ആതിഥേയരായ ബ്രസീല്‍ ദുര്‍ബലരായ ബൊളീവിയയെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫിലിപ്പോ കുട്ടിനോ നേടിയ രണ്ടു ഗോളും സബ്സ്റ്റിറ്റിയൂട്ടായി വന്ന എവര്‍ട്ടന്റെ സൂപ്പര്‍ സോളോ ഗോളുമാണ് കാനറികള്‍ക്ക് വിജയം സമ്മാനിച്ചത്.

പരമ്പരാഗതമായ 4-3-3 ശൈലിയിലാണ് കോച്ച് ടിറ്റെ ടീമിനെ കളത്തില്‍ വിന്യസിച്ചത്. ഫിര്‍മിനോ, റിച്ചാര്‍ഡ്സണ്‍, നെരസ് എന്നിവര്‍ മുന്നില്‍. മദ്ധ്യനിരയില്‍ കാസിമിറോയും ഫെര്‍ഡിനാഞ്ഞോയും കുടിഞ്ഞോയും. സില്‍വ, മാര്‍ക്വിഞ്ഞോസ് എന്നിവന്‍ ഇടതു-വലതു സെന്റര്‍ ബാക്കുകള്‍. വിങ്ങിലൂടെ ആക്രമിക്കാനും തിരിച്ചിറങ്ങാനുമുള്ള ദൗത്യം ഡാനി ആല്‍വസിനും ഫിലിപ്പ് ലൂയിസിനും.

ബ്രസീലിന്റെ മൂര്‍ച്ചയുടെ ആക്രമണം മുന്നില്‍ക്കണ്ട് പ്രതിരോധത്തിന് പ്രാധാന്യമുള്ള 4-4-1-1 ശൈലിയിലാണ് ബൊളീവിയില്‍ കോച്ച് എഡ്വാര്‍ഡോ വില്ലെഗാസ് ടീമിനെ വിന്യസിച്ചത്. ഏക സ്ട്രൈക്കറായി മാര്‍ട്ടിനസ് മൊറാനെ മാത്രം. പ്രതിരോധം കടുപ്പിച്ചുള്ള ഈ നിര്‍ത്തം ബ്രസീലിനെ വലയ്ക്കുമെന്ന് തോന്നിച്ചു. ആദ്യ പകുതിയില്‍ സിംഹഭാഗം സമയവും പന്ത് കൈവശം വച്ചെങ്കിലും ബ്രസീലിന് ബൊളീവിയന്‍ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയില്‍ 77 ശതമാനം സമയവും പന്ത് കൈവശം ലവെച്ചത് ബ്രസീല്‍. ഫിര്‍മിനോയും റിച്ചാര്‍ഡ്സണും നെരസും മങ്ങി. ഏക ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായ കുടിഞ്ഞോയെ ബൊളീവിയന്‍ പ്രതിരോധം പൂട്ടുകയും ചെയ്തു. സഹതാരങ്ങളുമായി ആശയവിനിമയം നടത്തി ഫൈനല്‍ തേഡില്‍ നല്ല ശ്രമങ്ങള്‍ നടത്തിയത് റോബര്‍ട്ടോ ഫിര്‍മിനോ മാത്രം. ആദ്യ പകുതിയില്‍ ബ്രസീല്‍ പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഒരു നീക്കം പോലും ബൊളീവിയയുടെ പക്കല്‍ നിന്നുണ്ടായില്ല.

കെട്ടുപൊട്ടിച്ച് കുടീഞ്ഞോ

ബൊളീവിയ പ്രതിരോധം കടുപ്പിച്ചതോടെ വിങ്ങുകളില്‍ നിന്ന് ഗോള്‍മുഖത്തേക്ക് പന്ത് ലോബ് ചെയ്യുന്ന പ്ലാന്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടെ 49-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സില്‍ പന്തു കൈയില്‍ തട്ടിയതിന് ബൊളീവിയക്ക് ശിക്ഷകിട്ടി. വാറിന്റെ സഹായത്തോടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കുടിനോ എടുത്ത കിക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0. 53-ാം മിനിറ്റില്‍ കുടിഞ്ഞോ ഹെഡറിലൂടെ വീണ്ടും വലകുലുക്കി. ഡേവിഡ് നെരസിന് പകരം സബ്സ്റ്റിറ്റിയൂട്ട് ആയി വന്ന എവര്‍ട്ടര്‍ സോളോ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി.

Read More >>