ചാമ്പ്യന്‍സ് ലീഗ് തോല്‍വി വാല്‍വെര്‍ദെ തെറിക്കുമൊ

മുന്‍ ബാഴ്സതാരം സാവി മുതല്‍ അയാക്സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് വരെയുള്ളവരില്‍ ആരെയും ബാഴ്സ അധികൃതര്‍ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാന്‍ സാദ്ധ്യതയുണ്ട്.

ചാമ്പ്യന്‍സ് ലീഗ് തോല്‍വി വാല്‍വെര്‍ദെ തെറിക്കുമൊ

ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ തോല്‍വിയുടെ ഞെട്ടലിലാണ് ബാഴ്സലോണ. ലീഗില്‍ മികച്ച ഫോമില്‍ മുന്നേറുകയാണെങ്കിലും ബാഴ്സയുടെ ട്രിപ്പിള്‍ കിരീടമെന്ന മോഹം പൊലിഞ്ഞിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തിലെ തോല്‍വിയോടെ പരിശീലകന്‍ ഏര്‍ണെസ്റ്റ് വാല്‍വെര്‍ദെയുടെ സ്ഥാനം പരുങ്ങലിലാണ്.

ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനു വിജയിച്ചതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെയാണ് ആന്‍ഫീല്‍ഡില്‍ ബാഴ്സ ഇറങ്ങിയത്. എന്നാല്‍ അടിക്ക് തിരിച്ചടിയെന്നോണം രണ്ടാംപാദത്തില്‍ നാലു ഗോളുകള്‍ നേടി ലിവര്‍പൂള്‍ ബാഴ്സയെ വീഴ്ത്തി. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറില്‍ റോമയോട് സമാന രീതിയിലാണ് ബാഴ്സ തോറ്റത്. ആദ്യ പാദത്തില്‍ 4-1ന് ജയിച്ച ബാഴ്സ രണ്ടാംപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി വഴങ്ങി പുറത്താവുകയായിരുന്നു. അന്നു മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വാല്‍വെര്‍ദെക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

നാലു വര്‍ഷം മുമ്പാണ് ബാഴ്സ ഒടുവിലായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. മൂന്നു വര്‍ഷമായി വാല്‍വെര്‍ദെ പരിശീലിപ്പിക്കുന്ന ബാഴ്സക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലില്‍ എത്താനായില്ല. കളിച്ച എട്ട് ഫൈനലില്‍ അഞ്ചിലും ബാഴ്സ കപ്പെടുത്തിട്ടുമുണ്ട്. പരിശീലകനെ മറ്റാതെ ഇനി രക്ഷയില്ലെന്ന മട്ടിലാണ് ആരാധകരുടെ പ്രതികരണം. ടീം മാനേജ്മെന്റും വാല്‍വെര്‍ദെയ്ക്ക് പകരക്കാരനെ തേടുന്നതായാണ് സൂചന. അങ്ങനെയെങ്കില്‍ മുന്‍ ബാഴ്സതാരം സാവി മുതല്‍ അയാക്സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് വരെയുള്ളവരില്‍ ആരെയും ബാഴ്സ അധികൃതര്‍ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാന്‍ സാദ്ധ്യതയുണ്ട്.

വാല്‍വെര്‍ദെ പുറത്തായാല്‍ പകരം ബാഴ്സ പരിശീലകനാകാന്‍ സാദ്ധ്യതയുള്ളവര്‍:

സാവി ഹെര്‍ണാണ്ടസ്: 2015 വരെ ബാഴ്സയുടെ കളിക്കാരനായിരുന്ന സാവി നിലവില്‍ ഖത്തര്‍ ക്ലബ് അല്‍ സാദിലാണ് കളിക്കുന്നത്. സീസണ്‍ അവസാനത്തോടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സാവി. 20 വര്‍ഷത്തെ ഫുട്ബോള്‍ കളിക്ക് ശേഷം പരിശീലകനാവാന്‍ സാവിക്ക് താല്പര്യമുള്ളതായാണ് സൂചന. അങ്ങനെയെങ്കില്‍ ബാഴ്സ പരിശീകനാകാന്‍ സാവിക്ക് സാദ്ധ്യത കൂടുതലാണ്. ക്ലബ്ബുമായുള്ള മുന്‍ ബന്ധംവെച്ച് കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുകയും ചെയ്യും. ടീം മാനേജ്മെന്റ് സാവിയെ പരിഗണിച്ചാല്‍ 39കാരനായ സാവി ബാഴ്സ പരിശീലകനായി എത്തിയേക്കും.

എറിക് ടെന്‍ ഹാഗ്: ഡച്ച് ക്ലബ് അയാക്‌സിന്റെ പരിശീലകനാണ് ടെന്‍ ഹാഗ്. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ഒരു ഡച്ച് ടീമിനെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി വരെ എത്തിച്ച മിടുക്കാണ് ടെന്‍ ഹാഗിനെ ബാഴ്സ നോട്ടമിടാന്‍ കാരണം. എന്നാല്‍ പരിശീലകനായി അധികം അനുഭവസമ്പത്തില്ലാത്തതാണ് ടെന്‍ ഹാഗിന്റെ പോരായ്മ. 2012ല്‍ ഡച്ച് ക്ലബ് ഗോ എഹെഡ് ഈഗിള്സിന്റെ പരിശീലകനായി എത്തിയ ടെന്‍ ഹാഗ് ബയേണിന്റെ രണ്ടാംനിര ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബാഴ്സയിലേക്ക് എത്തിയാല്‍ ടെന്‍ ഹാഗിന് സമ്മര്‍ ദ്ദങ്ങളേറെയാണ്. ബാഴ്സലോണ പോലയൊരു വമ്പന്‍ ടീമിനെ മെരുക്കാനുള്ള കഴിവ് ടെന്‍ ഹാഗിന് ഉണ്ടാകുമൊ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മാഴ്സലിനോ: സ്പെയിന്‍കാരനായ മാഴ്‌സലിനോ ബാഴ്സ പരിശീലകനാകാന്‍ സാദ്ധ്യതയുള്ള ആളാണ്. നിലവില്‍ സ്പാനിഷ് ക്ലബ് വലന്‍സിയയുടെ പരിശീലകനാണ് മാഴ്സലിനോ. ലാ ലീഗയില്‍ പരിചയസമ്പത്തുള്ള മാഴ്സലിനോയ്ക്ക് ബാഴ്സയോട് പെട്ടന്ന് തന്നെ ഇഴുകിച്ചേരാനാകും. യുവകളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ മാഴ്സലിനോയിക്ക് നല്ല കഴിവുമുണ്ട്. ലാ മാസിയ അക്കാദമിയിലെ താരങ്ങളെ മാഴ്സലിനോയിലൂടെ ബാഴ്‌സക്ക് ഉയര്‍ത്തിയെടുക്കാനും സാധിക്കും. അറ്റാക്കിങ് കളിശൈലി പിന്‍തുടരുന്ന മാഴ്സലിനോയ്ക്ക് ലയണല്‍ മെസ്സിയെയും കുട്ടിന്യോയെും പോലെയുള്ള കളിക്കാരെ വേണ്ട വിധം ഉപയോഗപ്പെടുത്താനുമാകും.

റയല്‍ ബെറ്റിക്സ പരിശീലകന്‍ ക്യീക് സെറ്റിയന്‍, ഉക്രൈന്‍ ക്ലബ് ഷക്തറിന്റെ പരിശീകനായ പൗളോ ഫോന്‍സെക, സെവിയ്യയുടെ പരിശീലകനായിരുന്ന പാബ്ലൊ മാച്ചിന്‍ തുടങ്ങിയവരുടെ പേരുകളും ബാഴ്സ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നുണ്ട്.

Read More >>