യുവന്റസിന് അട്ടിമറി തോല്‍വി

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് യുവന്റസ് പരാജയപ്പെടുന്നത്.

യുവന്റസിന് അട്ടിമറി തോല്‍വി

ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ യുവന്റസിന് തോല്‍വി. 13ാം സ്ഥാനക്കാരായ സ്പാല്‍ ഒന്നിനെതിരേ രണ്ടു ഗോളിനാണ് യുവന്റസിന് അട്ടിമറിച്ചത്. ലീഗില്‍ കിരീടത്തോടടുക്കുന്ന യുവന്റസിന് നാണക്കേടുണ്ടാക്കുന്നതാണ് ഈ തോല്‍വി. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് യുവന്റസ് പരാജയപ്പെടുന്നത്.

യുവന്റസ് നിരയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം നിഴലിച്ച് നിന്നു. പൗലോ ഡിബാലയും മോയിന്‍ കീനും അണിനിരന്ന യുവന്റസിന്റെ യുവ നിരയെ ഭാഗ്യം തുണച്ചില്ല. മത്സരത്തില്‍ ആദ്യം ലീഡെടുത്തതും യുവന്റസായിരുന്നു. 30ാം മിനുട്ടില്‍ കാന്‍സിലോയുടെ അസിസ്റ്റില്‍ കീനാണ് പന്ത് പോസ്റ്റിലാക്കിയത്. ആദ്യപകുതിയില്‍ 58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ യുവന്റസിന് സാധിച്ചെങ്കിലും ഒരു തവണ മാത്രമാണ് ഗോള്‍ ശ്രമം നടത്താനായത്.

ആക്രമണത്തില്‍ മുന്നിട്ടു നിന്ന സ്പാല്‍ രണ്ടാംപകുതിയുടെ തുടക്കം തന്നെ ഗോള്‍മടക്കി. 49ാം മിനുട്ടില്‍ സ്‌കിയാറ്റില്ലയുടെ അസിസ്റ്റില്‍ ബൊനിഫാസിയാണ് വലകുലുക്കിയത്. മത്സരം സമനിലയിലേക്കെത്തിയതോടെ യുവന്റസ് ടീമില്‍ മാറ്റങ്ങള്‍ വരുത്തി. ആക്രമിച്ച കളിച്ച സ്പാല്‍ 74ാം മിനുട്ടില്‍ ലീഡെടുത്തു. ഫ്ളൊക്കാരിയാണ് സ്പാലിനുവേണ്ടി വലകുലുക്കിയത്. അവസാന മിനുട്ടുകളില്‍ സ്പാല്‍ പ്രതിരോധം ശക്തിപ്പെടുത്തിയതോടെ യുവന്റസ് തോല്‍വി സമ്മതിച്ചു. 32 മത്സരങ്ങളില്‍ നിന്ന് 84 പോയിന്റുള്ള യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 64 പോയിന്റുള്ള നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്.

Read More >>