കോപ്പ അമേരിക്ക; ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ

ജൂലൈ ഏഴിന് സാവോ പോളോയിലെ മാരക്കാന സ്‌റ്റേഡിയത്തിലാണ് കലാശപോരാട്ടം.

കോപ്പ അമേരിക്ക;  ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ

കാല്‍പ്പന്തിന്റെ ലാറ്റിനമേരിക്കന്‍ വസന്തത്തിന് ബ്രസീല്‍ വേദിയാക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ. കോപ അമേരിക്കയുടെ 46-ാം പതിപ്പ് ജൂണ്‍ 14ന് ബ്രസീല്‍ ആരംഭിക്കുമ്പോള്‍ സംപ്രേഷണമില്ലാത്തതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് തത്സമയം കളിക്കാണാന്‍ സാധിക്കില്ല. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ സംപ്രേഷണവകാശം ലഭിച്ച സ്റ്റാര്‍ സ്പോര്‍ട്സ് കോപ ഒഴിവാക്കിയതാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് തിരിച്ചടിയായത്.

ശനിയാഴ്ച സാവോ പോളോയില്‍ ബ്രസീല്‍ ബൊളീവിയും തമ്മിലാണ് ആദ്യ മത്സരം. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും ബ്രസീലിന് മുന്‍തൂക്കമുണ്ട്. എന്നാല്‍, സൂപ്പര്‍താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായത് വെല്ലുവിളിയാണ്. എട്ടു വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിന് 2007 മുതല്‍ കോപ കിട്ടാക്കനിയാണ്. രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്ക് കിരീടദാഹം തീര്‍ക്കാനുള്ള അവസാന അവസരമാണിത്. കോപയില്‍ തുടര്‍ച്ചയായി രണ്ടു ഫൈനലുകളില്‍ തോല്‍വിയടഞ്ഞതും വിങ്ങലായി അര്‍ജന്റീനയുടെ മനസ്സിലുണ്ട്.

ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് പുറമെ അതിഥികളായി ഏഷ്യയില്‍നിന്ന് ഖത്തറും ജപ്പാനും ഈ കോപയ്ക്കുണ്ട്. 1999ലും ജപ്പാന്‍ കോപയില്‍ പന്തു തട്ടിയിട്ടുണ്ട്. മധ്യ, ഉത്തര അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഇല്ലാത്ത ആദ്യ കോപ അമേരിക്ക എന്ന പ്രത്യേകതയും ഈ കോപയ്ക്കുണ്ട്. സ്വന്തം നാട്ടില്‍ നടന്ന 2015 കോപയും 2016ല്‍ അമേരിക്ക വേദിയായ ശതാബ്ദ കോപയും സ്വന്തമാക്കിയാണ് ചിലി എത്തുന്നത്.

മൂന്നു ഗ്രൂപ്പുകളിലായാണ് മത്സരം. ബ്രസീല്‍, ബൊളീവിയ, വെനസ്വേല, പെറു എന്നിവരാണ് എ ഗ്രൂപ്പില്‍. ബി ഗ്രൂപ്പില്‍ അര്‍ജന്റീന, കൊളംബിയ, പരാഗ്വേ, ഖത്തര്‍ എന്നീ ടീമുകളാണ് ഉള്ളത്. സി ഗ്രൂപ്പില്‍ ഉറുഗ്വേ, ഇക്വഡോര്‍, ജപ്പാന്‍, ചിലി എന്നിവരാണുള്ളത്.

റയോ ഡി ജനീറോ, സാവോ പോളോ, ബെലൊ ഹൊറിസോന്റെ, പോര്‍ട്ടോ അലെഗ്ര, സാല്‍വദോര്‍ എന്നിവയാണ് വേദികള്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാര്‍ട്ടറിന് യോഗ്യത നേടുക. ജൂലൈ ഏഴിന് സാവോ പോളോയിലെ മാരക്കാന സ്‌റ്റേഡിയത്തിലാണ് കലാശപോരാട്ടം.

Read More >>