ഇബ്ര എന്ന മാന്ത്രികന്‍

' എനിക്കു എന്നെക്കുറിച്ചു തോന്നുന്നത് ഞാനൊരു മൃഗമാണെന്നാണ്. ഒരു സിംഹത്തെപ്പോലെ'. ഇതു ഇബ്ര വെറുതെ പറഞ്ഞതല്ല. ബൂട്ടണിഞ്ഞ ക്ലബ്ബുകള്‍ക്കൊപ്പമെല്ലാം രാജകീയ പ്രകടനം പുറത്തെടുത്ത ഇബ്രയെ വിശേഷിപ്പിക്കാന്‍ ഏറ്റവും നല്ലവാക്കും അതു തന്നെയാണ് - ഫുട്ബോളിലെ സിംഹം

ഇബ്ര എന്ന മാന്ത്രികന്‍

വിഷ്ണു എസ് പ്രസാദ്

വാഷിങ്ടണ്‍: പച്ചപ്പുല്‍മൈതാനത്തു കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഫുട്ബോളിലെ രാജാക്കന്മാരായി നിലകൊള്ളുമ്പോഴും പ്രകടനമികവുകൊണ്ട് തന്റേതായ സ്ഥാനം ഇബ്ര നേടിയെടുത്തിട്ടുണ്ട്. 36ാം വയസിസും കാലുകളില്‍ മാന്ത്രികസ്പര്‍ശവുമായി കളം നിറഞ്ഞാടുന്ന ഇബ്ര 500 ക്ലബ്ബുഗോളെന്ന നേട്ടവും പൂര്‍ത്തിയാക്കിയിരിക്കുന്നു. കാല്‍പന്തു ലോകത്തെ സിംഹം എന്ന വിളിപ്പേരുള്ള ഇബ്രയുടെ വിസ്മയ പ്രകടനങ്ങളിലേക്ക് ഒരു മടക്കയാത്ര.

ആദ്യ കിരീടം 20ാ വയസ്സില്‍

2001ല്‍ അജാക്സിലൂടെ തന്റെ ആദ്യ കപ്പുയര്‍ത്തുമ്പോള്‍ 20 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനു പ്രായം. തന്റെ 1.95 മീറ്റര്‍ ഉയരത്തെ മൈതാനത്തില്‍ നന്നായി പ്രയോജനപ്പെടുത്തുന്ന ഇബ്രയുടെ മികവിലായിരുന്നു 2001-2002 സീസണില്‍ അജാക്സ് കിരീടത്തില്‍ ചുംബിച്ചത്. 24 മത്സരങ്ങളില്‍ നിന്നു ആറു ഗോളുകളായിരുന്നു അദ്ദേഹം നേടിയത്. 2003ല്‍ ഡച്ച് സൂപ്പര്‍ കപ്പില്‍ അജാക്സ് കിരീടം നേടിയതും ഇബ്രയുടെ മികവിലാണ്. 2003 -04 സീസണിലെ ലീഗ് ട്രോഫി അജാക്സ് നേടിയപ്പോള്‍ 13 ഗോളുകളുമായി ഇബ്രാഹിമോവിച്ച് മുന്നില്‍ത്തന്നെയുണ്ടായിരുന്നു. 2001-04 കാലയളവില്‍ അജാക്സിനൊപ്പം 74 മത്സരങ്ങളില്‍ നിന്നു 35 ഗോളാണ് ഇബ്ര അടിച്ചെടുത്തത്.

യുവന്റസിലൂടെ ഇറ്റലിയിലേക്ക്

ചെറിയ കാലയളവില്‍ത്തന്നെ ലോക ഫുട്ബോളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇബ്രയ്ക്കായി. അജാക്സിനൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനം 2004ല്‍ യുവന്റസിലേക്കുള്ള വഴിതുറന്നു. ഇറ്റാലിയന്‍ ലീഗിലേക്കുള്ള വരവ് ഗംഭീരമായി. ആദ്യ സീസണില്‍ 16 ഗോളുകളുമായി മിന്നും പ്രകടനം ഇബ്ര കാഴ്ചവയ്ച്ചതോടെ ഇറ്റാലിയന്‍ സീരി എ കപ്പ് യുവന്റസ് സ്വന്തമാക്കി. ആ സീസണിലെ യുവന്റസിന്റെ ടോപ് സ്‌കോററുംഅദ്ദേഹമായിരുന്നു. 2005-06 സീസണില്‍ യുവന്റസ് ലീഗ് കിരീടം ചൂടിയപ്പോള്‍ ഏഴു ഗോളുകള്‍ നേടി. 2006ല്‍ ക്ലബ്ബു വിടുമ്പോള്‍ യുവന്റസ് ജഴ്സിയില്‍ 70 മത്സരങ്ങളില്‍ നിന്നു 23 ഗോളുകള്‍ അദ്ദേഹം അക്കൗണ്ടിലാക്കി.

ഇന്ററിലേക്കു കൂടുമാറ്റം

2006ല്‍ യുവന്റസില്‍ നിന്നും ഇന്റര്‍മിലാനിലേക്ക് ഇബ്ര കൂടുമാറി. ആ സീസണില്‍ ഇന്റര്‍മിലാന്‍ ഇറ്റാലിയന്‍ ലീഗ് കിരീടം നേടി. 2006-07 സീസണില്‍ സീരി എ യില്‍ വീണ്ടും ഇന്റര്‍ തരംഗം സൃഷ്ടിച്ചു. 27 മത്സരങ്ങളില്‍ നിന്നു 15 ഗോളുകള്‍ നേടി ഇന്ററിന്റെ കിരീട നേട്ടത്തിനു ചുക്കാന്‍ പിടിച്ചതും ഇബ്രയായിരുന്നു. 2007-08 സീസണില്‍ ഇന്ററിനൊപ്പം 27 ഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ പേര് ഇതിഹാസതാരങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാന്‍ തുടങ്ങി. ഈ സീസണിലും ലീഗ് കിരീടം ഇന്ററിനായിരുന്നു. 2008ലെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിലും 2008-09 സീസണിലെ ഇറ്റാലിയന്‍ ലീഗിലും ഇബ്രയുള്‍പ്പെട്ട ഇന്റര്‍ സംഘം കിരീടം ചൂടി. ഈ സീസണില്‍ 25 ഗോളുകള്‍ നേടി ലീഗ് ടോപ് സ്‌കോററായി. ഇബ്ര ബൂട്ടണിഞ്ഞ മൂന്നു സീസണിലും ഇന്റര്‍ ഇറ്റാലിയന്‍ രാജാക്കന്മാരായി. 88 മത്സരങ്ങളില്‍ നിന്നു 57 ഗോളാണ് ഇന്ററിനൊപ്പം നേടിയത്.

ബാഴ്സലയിലേക്കു ചുവടുമാറ്റം

സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പം ബൂട്ടുകെട്ടാനുള്ള കളി മികവു ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഇബ്ര സ്വായത്തമാക്കി. 2009ലെ സ്പാനിഷ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കിയ ബാഴ്സ നിരയിലെ കരുത്തുറ്റ പോരാളിയായി ഇബ്ര. 2009-10 ലാ ലിഗയില്‍ ബാഴ്സ കിരീടമുയര്‍ത്തിയപ്പോള്‍ 16 ഗോളായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. 2010ല്‍ സ്പാനിഷ് ലീഗു കപ്പു നേടിയ ബാഴ്സനിരയിലും പങ്കാളിയായ അദ്ദേഹം 29 മത്സരങ്ങളില്‍ നിന്നു 16 ഗോളാണ് ബാഴ്സയ്ക്കുവേണ്ടി 2009-10 സീസണില്‍ നേടിയത്.

2010-11 സീസണില്‍ എ.സി മിലാനുവേണ്ടി ലോണില്‍ കളിച്ച ഇബ്ര 29 മത്സരങ്ങളില്‍ നിന്നു 14 ഗോളും നേടി. 2011-1 2 സീസണില്‍ മിലാനു ബാഴ്സ അദ്ദേഹത്തെ കൈമാറുകയും ചെയ്തു. 2011-12 സീസണില്‍ 32 മത്സരങ്ങളില്‍ നിന്നു 28 ഗോളുനേടി തകര്‍പ്പന്‍ പ്രകടനമാണ് ഇബ്ര കാഴ്ചവച്ചത്.

ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കൊപ്പം

2012ലാണ് പി.എസ്.ജിയിലേക്കു ചേക്കേറുന്നത്. ഇറ്റാലിയന്‍ ലീഗിലെ ഉശിരന്‍ പ്രകടനംകണ്ടു ടീമിലെടുത്ത പി.എസ്.ജിക്കു പിഴച്ചില്ല. ആദ്യ സീസണില്‍ത്തന്നെ 30 ഗോളുകള്‍ നേടിയ അദ്ദേഹം ആ സീസണിലെ ലീഗ് ടോപ് സ്‌കോററായി ക്ലബ്ബിനെ ലീഡു കിരിടത്തിലേക്കു നയിച്ചു. 2013-14 ഫ്രഞ്ച് ലീഗു കപ്പില്‍ പി.എസ്.ജി ചാമ്പ്യന്മാരായതും ഇബ്രയുടെ മികവിലാണ്. 2 2014-15 സീസണിലെ ഫ്രഞ്ച് ലീഗ് കപ്പിലും ലീഗ് വണ്ണിലും പി.എസ്.ജിയുടെ കിരീട നേട്ടത്തിലും അദ്ദേഹം മികവാവര്‍ത്തിച്ചു. 2015-16 സീസണിലെ ഫ്രഞ്ച് ലീഗു കപ്പും ലീഗു വണ്‍ കപ്പും പി.എസ്.ജിക്കായിരുന്നു. ക്ലബ്ബിനൊപ്പം 122 മത്സരങ്ങളില്‍ നിന്നു 113 ഗോളാണ് ഇബ്ര അടിച്ചെടുത്തത്.

2016ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

ഫ്രഞ്ചു ലീഗില്‍ നിന്നു ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കാണു ഇബ്ര കൂടുമാറിയത്. ജോസ് മൗറീഞ്ഞോ പരിശീലകനായുള്ള യുണൈറ്റഡിനൊപ്പം ആദ്യ മത്സരത്തില്‍ ആറു വാരെ അകലെനിന്നും ഹെഡ്ഡറിലൂടെ ഗോള്‍ നേടി ഇബ്ര. 2016-17 സീസണില്‍ ഇംഗ്ലീഷ് ലീഗു കപ്പ് യുണൈറ്റഡ് സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ ഇരട്ട ഗോള്‍ നേടി അദ്ദേഹം ചെകുത്താന്‍ പടയുടെ ഹീറോയായി. യുണൈറ്റഡിനൊപ്പം 33 മത്സരങ്ങളില്‍ നിന്നു 17 ഗോള്‍ നേടിയ ഇബ്ര 2018 അമേരിക്കയിലേക്കു കൂടുമാറി.

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അഞ്ഞൂറാം ഗോള്‍

ഗ്യാലക്സിയിലും താരം

അമേരിക്കന്‍ ക്ലബ്ബായ എല്‍.എ ഗ്യാലക്സിയ്ക്കുവേണ്ടിയാണ് ഇബ്ര നിലവില്‍ കളിക്കുന്നത്. ഈ സീസണില്‍ 22 മത്സരങ്ങളില്‍ നിന്നു 17 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടോറന്റോയ്ക്കെതിരായ മത്സരത്തിന്റെ 43ാം മിനിറ്റില്‍ വലകുലുക്കിയാണ് ഇബ്ര 500 ക്ലബ്ബില്‍ ഇടം നേടിയത്. മദ്ധ്യനിരയില്‍ നിന്നു ഉയര്‍ന്നുവന്ന പന്തിനെ പുറം കാലുകൊണ്ട് തട്ടി ഗോള്‍വലയിലെത്തിച്ച ഇബ്ര 500ാം ഗോള്‍ അവിസ്മരണീയമാക്കി. ഒരിക്കല്‍ ആരാധകരോട് ഇങ്ങനെ പറഞ്ഞിരുന്നു' എനിക്കു എന്നെക്കുറിച്ചു തോന്നുന്നത് ഞാനൊരു മൃഗമാണെന്നാണ്. ഒരു സിംഹത്തെപ്പോലെ'. ഇതു ഇബ്ര വെറുതെ പറഞ്ഞതല്ല. ബൂട്ടണിഞ്ഞ ക്ലബ്ബുകള്‍ക്കൊപ്പമെല്ലാം രാജകീയ പ്രകടനം പുറത്തെടുത്ത ഇബ്രയെ വിശേഷിപ്പിക്കാന്‍ ഏറ്റവും നല്ലവാക്കും അതു തന്നെയാണ് - ഫുട്ബോളിലെ സിംഹം