മോദിക്കെതിരെ മന്‍മോഹന്‍സിങ്

സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ സിങ് നോട്ടുനിരോധനത്തെ കുറിച്ച് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ത്തിയത് ശ്രദ്ധേയമായിരുന്നു.

മോദിക്കെതിരെ മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: നോട്ടുനിരോധനം, തൊഴില്‍ മേഖലയില്‍, ജി.എസ്.ടി നടപ്പിലാക്കിയതിലെ അപാകത എന്നി രാജ്യത്തുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം മോദിയുടെ നേതൃത്വത്തിലുളള ബി.ജ.പി സര്‍ക്കാറിനാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്.

കേന്ദ്രം സൃഷ്ടിച്ച തൊഴിലുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന കണക്കുകള്‍ ചോദ്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

''വലിയ തോതില്‍ തൊഴില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ന്യായീകരിക്കാന്‍ നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുന്ന കണക്കുകളെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമല്ല ഉളളത്.'' സിങ് ആരോപിച്ചു.

കളളപ്പണം തടയുന്നതിനു വേണ്ടി 2016 നവംബറില്‍ 1000, 500 എന്നീ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക് തന്നെ സമ്മതിച്ചതായി അദ്ദേഹം ചൂണ്ടികാട്ടി.

''വിദേശത്ത് ഡോളറുകളായി സൂക്ഷിച്ച കളളപ്പണം തിരിച്ചെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം പാലിക്കുന്നതില്‍ കൃത്യമായ ഒന്നും ചെയ്തിട്ടില്ല.'' മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ഓര്‍മ്മിപ്പിച്ചു.

ജി.എസ്.ടി നടപ്പിലാക്കിയത് തെറ്റായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ''വ്യാവസായിക ഉല്‍പാദന രംഗത്ത് വളര്‍ച്ചയുണ്ടാകണമെങ്കില്‍ മെക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഇനിയും അര്‍ത്ഥവത്താകേണ്ടതുണ്ട്. ഇസ് ഓഫ് ബിസിനസ് ഡൂയിങില്‍ നിന്നും ചെറുകിട-മാര്‍ജിനല്‍ എന്റര്‍പ്രൈസുകള്‍ക്ക് ഇനിയും ഗുണം ലഭിക്കേണ്ടതുണ്ട്. ജി.എസ്.ടി തെറ്റായി നടപ്പിലാക്കിയതും നോട്ടുനിരോധനവും അത്തരം സംരഭങ്ങളെ സാരമായി ബാധിച്ചു.'' സിങ് വിശദീകരിച്ചു.

സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ സിങ് നോട്ടുനിരോധനത്തെ കുറിച്ച് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ത്തിയത് ശ്രദ്ധേയമായിരുന്നു.