ആരാംകോയുടെ എണ്ണപ്പാടത്ത് വന്‍ ഡ്രോണ്‍ ആക്രമണം; ഭീരുക്കളുടെ പണിയെന്ന് സൗദി

ഒരു ദിവസം പത്ത് ലക്ഷം ബാരല്‍ എണ്ണ കുഴിച്ചെടുക്കുന്ന സ്ഥലമാണ് ശൈബ.

ആരാംകോയുടെ എണ്ണപ്പാടത്ത് വന്‍ ഡ്രോണ്‍ ആക്രമണം; ഭീരുക്കളുടെ പണിയെന്ന് സൗദി

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദനക്കമ്പനിയായ ആരാംകോയുടെ സൗദിയിലെ ശൈബ എണ്ണപ്പാടത്തേക്ക് ഹൂഥി വിമതരുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ചെറിയ തോതിലുള്ള തീപിടിത്തം ഉണ്ടായതായും അതണച്ചുവെന്നും ആരാംകോ കമ്പനി പ്രതിനിധി വ്യക്തമാക്കി. അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും ആരാംകോ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം യമനിലെ ഹൂഥികള്‍ ഏറ്റെടുത്തു. പത്തു ഡ്രോണുകളാണ് ശൈബയെ ലക്ഷ്യം വെച്ച് തൊടുത്തതെന്നും സൗദിയുടെ ഉള്‍പ്രദേശത്തേക്കുള്ള ഏറ്റവും വലിയ ആക്രമണമാണ് നടത്തിയതെന്നും ഹൂഥി വക്താവ് അവകാശപ്പെട്ടു.

യെമന്‍-സൗദി അതിര്‍ത്തിയില്‍ ഹൂഥികളുടെ ആക്രമണങ്ങള്‍ പതിവാണ്. തങ്ങളുടെ പ്രദേശത്ത് പതിക്കും മുമ്പെ സൗദി സൈന്യം മിസൈലുകള്‍ പ്രതിരോധിക്കുകയാണ് പതിവ്.

ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുന്നതായി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇത് ഭീരുക്കളുടെ ഭീകരാക്രമണമാണ്. അന്താരാഷ്ട്ര എണ്ണ വിതരണം തടസ്സപ്പെടുകയാണ് അവരുടെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൈബ, ഇന്ധനത്തിന്റെ നിധികുംഭം

ഒരു ദിവസം പത്ത് ലക്ഷം ബാരല്‍ എണ്ണ കുഴിച്ചെടുക്കുന്ന സ്ഥലമാണ് ശൈബ.വടക്കുപടിഞ്ഞാറന്‍ യമനിലെ ഹൂഥി നിയന്ത്രിത മേഖലയില്‍ നിന്ന് ഇവിടേക്ക് ആയിരം കിലോമീറ്റര്‍ ദൂരമുണ്ട്. യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണിത്. അറേബ്യന്‍ ഉപദ്വീപിന്റെ എംപ്റ്റി ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള ഹൂഥികളുടെ ആക്രമണം സൗദി സേനയെ അമ്പരപ്പിച്ചിട്ടുണ്ട്.

ശൈബയില്‍ 14.3 ബില്യണ്‍ ബാരല്‍ എണ്ണനിക്ഷേപമുണ്ട് എന്നാണ് കരുതുന്നത്. ഭൂമിയിലെ അങ്ങേയറ്റം വിദൂരമായ നിധി എന്നാണ് സൗദി ആരാംകോ പ്രദേശത്തെ തങ്ങളുടെ വെബ്‌സൈറ്റില്‍ വിശേഷിപ്പിക്കുന്നത്.

യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഭരണകൂടത്തെ മാറ്റണം എന്നാവശ്യപ്പെട്ടാണ് ഹൂഥികള്‍ സൗദിക്കെതിരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹൂഥികള്‍ക്ക് ആയുധം വിതരണം ചെയ്യുന്നത് ഇറാനാണ് എന്നാണ് സൗദിയുടെ ആരോപണം. ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.

Read More >>