യു.എന്‍ ഹാബിറ്റാറ്റിന്റെ ഗുഡ്‌വില്‍ അംബാസഡറായി ഈ സൗദി രാജകുമാരി!

നേരത്തെ യു.എന്‍ ഇവരെ മിഡില്‍ ഈസ്റ്റിലെ ജനറനേഷന്‍ അണ്‍ലിമിറ്റഡ് ചാമ്പ്യന്‍ കമ്മിറ്റിയുടെ നേതാവായി തെരഞ്ഞെടുത്തിരുന്നു.

യു.എന്‍ ഹാബിറ്റാറ്റിന്റെ ഗുഡ്‌വില്‍ അംബാസഡറായി ഈ സൗദി രാജകുമാരി!

റിയാദ്: ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹാബിറ്റാറ്റ് (ഹ്യൂമന്‍ സെറ്റ്ല്‍മെന്റ് പ്രോഗ്രാം) പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറായി ലാമിയ ബിന്‍ത് മാജദ് അല്‍ സൗദ് രാജകുമാരി. ഹാബിറ്റാറ്റിന്റെ ആദ്യത്തെ പ്രാദേശിക അറബ് അംബാസഡറാണ് ലാമിയ.

അറബ് രാജ്യങ്ങളിലെ അംബാസഡറായാണ് ലാമിയ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതോടെ നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട ഭവനപദ്ധതികളില്‍ ലാമിയയുടെ വാക്കുകള്‍ക്ക് അറബ് ലോകം കാതോര്‍ക്കും.

പുതിയ നിയോഗത്തില്‍ താന്‍ ആദരിക്കപ്പെട്ടതായി ലാമിയ പ്രതികരിച്ചു. അറബ് ലോകത്തെ യുവതയുടെ സീമാതീതമായ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ പറഞ്ഞു.


ഇതാദ്യമായല്ല യു.എന്‍ അംഗീകാരങ്ങള്‍ ലാമിയയെ തേടിയെത്തുന്നത്. നേരത്തെ യു.എന്‍ ഇവരെ മിഡില്‍ ഈസ്റ്റിലെ ജനറനേഷന്‍ അണ്‍ലിമിറ്റഡ് ചാമ്പ്യന്‍ കമ്മിറ്റിയുടെ നേതാവായി തെരഞ്ഞെടുത്തിരുന്നു.

സൗദി രാജാവായിരുന്ന സൗദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മാജിദ് ബിന്‍ സൗദിന്റെ മകളാണ് ലാമിയ. കൈറോയിലെ മിസ്ര്‍ ഇന്റര്‍നാഷണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍ അറിയപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകയാണ്.

Next Story
Read More >>