കരുത്തു നേടി യു.എ.ഇ സമ്പദ് വ്യവസ്ഥ; 2019ല്‍ രേഖപ്പെടുത്തിയത് 2.9 ശതമാനം വളര്‍ച്ച

മൂന്നാം പാദ റിപ്പോര്‍ട്ടില്‍ 2.3 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്.

കരുത്തു നേടി യു.എ.ഇ സമ്പദ് വ്യവസ്ഥ; 2019ല്‍ രേഖപ്പെടുത്തിയത് 2.9 ശതമാനം വളര്‍ച്ച

ദുബായ്: 2019ല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 2.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് യു.എ.ഇ കേന്ദ്രബാങ്ക് റിപ്പോര്‍ട്ട്. എണ്ണ മേഖലയിലെ വളര്‍ച്ചയാണ് സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചതെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ നാലാം പാദ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തില്‍ 1.7 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

നോണ്‍ ഹൈഡ്രോ കാര്‍ബണ്‍ മേഖലെ 1.1 ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ മേഖല 7.6 ശതമാനവും വളര്‍ച്ചയുണ്ടാക്കി. പ്രകൃതി വാതക ഉത്പാദനം വര്‍ദ്ധിച്ചതാണ് ഹൈഡ്രോ കാര്‍ബണ്‍ മേഖലയ്ക്ക് കരുത്തായത്- റിപ്പോര്‍ട്ട് പറയുന്നു.

മൂന്നാം പാദ റിപ്പോര്‍ട്ടില്‍ 2.3 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനെ കവച്ചു വയ്ക്കുന്നതാണ് നിലവിലെ പ്രകടനം. അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനത്തേക്കാള്‍ കൂടുതലാണ് കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച. 1.6 ശതമാനം വളര്‍ച്ചയാണ് ഐ.എം.എഫ് പ്രവചിച്ചിരുന്നത്. പിന്നീടിത് 2.8 ശതമാനമാക്കി പരിഷ്‌കരിച്ചിരുന്നു.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ രാജ്യത്തു നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കപ്പെട്ട വിദേശ രാഷ്ട്രം ഇന്ത്യയാണ്; 40.1 ശതമാനം. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന്‍ 9.9 ശതമാനം മാത്രമേയുള്ളൂ. രാജ്യത്ത് തൊഴില്‍ വര്‍ദ്ധിച്ചതിന്റെ സൂചനയാണ് വിദേശത്തേക്കുള്ള വ്യക്തിഗത പണമയക്കലിലെ വര്‍ദ്ധന.

Next Story
Read More >>