മുടികൊഴിച്ചിലുകാര്‍ പേടിക്കേണ്ട, നിങ്ങള്‍ക്കും മരുന്നുണ്ട്

Published On: 13 May 2018 3:15 PM GMT
മുടികൊഴിച്ചിലുകാര്‍ പേടിക്കേണ്ട, നിങ്ങള്‍ക്കും മരുന്നുണ്ട്

മുടികൊഴിച്ചില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നിരാശരാകുന്നവരാണ് അധികപേരും. ചെറുപ്രായത്തില്‍ തന്നെ കഷണ്ടിയാകുന്നത് പലരുടേയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. അത്തരക്കാര്‍ക്ക് ഇനി ആശ്വസിക്കാം. ബ്രിട്ടണിലെ ഗവേഷകര്‍ മുടികൊഴിച്ചിലിനെതിരായ മരുന്ന് വികസിപ്പിച്ചു കഴിഞ്ഞു. മരുന്ന് ഉപയോഗിക്കുന്നതിലൂടെ പുതിയമുടി വളരും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

മാഞ്ചസ്റ്റര്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച പ്ലോസ് ബയോളജി എന്ന ജേര്‍ണലിലെ പഠനത്തിലാണ് പുതുതായി കണ്ടെത്തിയ മരുന്നിന്റെ ഉപയോഗം രോമ വളര്‍ച്ചയെ സഹായിക്കുമെന്ന കണ്ടെത്തലുള്ളത്. കഷണ്ടിക്കെതിരെ മിനോക്സിഡില്‍, ഫിനാസ്റ്റ്ട്രയിഡ് എന്നീ രണ്ടു മരുന്നുകള്‍ മാത്രമാണുള്ളത്. എന്നാല്‍ രണ്ടുമരുന്നുകളുടെയും ഉപയോഗം ശരീരത്തില്‍ പാര്‍ശ്വഫലമുണ്ടാക്കും. അതോടൊപ്പം രോമവളര്‍ച്ച കുറവാണുതാനും. ഹെയര്‍ ട്രാന്‍പ്ലാന്‍ന്റേഷന്‍ സര്‍ജറി മാത്രമാണ് മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ഏക വഴി.


മുടികൊഴിച്ചില്‍ തടയാനായി ആദ്യകാലങ്ങളില്‍ നല്‍കിയിരുന്നത് പ്രതിരോധശേഷിക്കുള്ള മരുന്നുകളായിരുന്നു. സൈക്ലോസ്പേരിന്‍ എന്ന മരുന്നാണ് വ്യാപകമായി മുടികൊഴിച്ചിലിനെതിരെ ഉപയോഗിച്ചിരുന്നത്. ഈ മരുന്നിനും പാര്‍ശ്വഫലങ്ങള്‍ ധാരാളമുണ്ടായിരുന്നു, പക്ഷെ ഗുരുതരമായിരുന്നില്ല. എന്നാല്‍ ഈ മരുന്നിന്റെ ഉപയോഗം മുഖത്തും മറ്റും അനാവശ്യമായി മുടിവളരുന്നതിന് ഇടയാക്കി. സൈക്ലോസ്പേരിന്റെ ഉപയോഗം എസ്എഫ്ആര്‍പി 1 എന്ന പ്രോട്ടീന്റെ വളര്‍ച്ച കുറയാന്‍ ഇടയായി.

മുടികൊഴിച്ചിലുള്ള 40 പേരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രബന്ധം തയ്യാറാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നഥാന്‍ ഹക്കോ പറഞ്ഞു. മുടികൊഴിച്ചിലിനെതിരെ ആദ്യം കണ്ടെത്തിയ മരുന്നുകളെല്ലാം പരീക്ഷിച്ചത് എലികളിലായിരുന്നു. ഞങ്ങളും ആ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍ പരീക്ഷണം വിജയിക്കില്ല. മനുഷ്യന്റെയും എലിയുടേയും ജീവകണം വ്യത്യസ്തമാണ്. അതുകൊണ്ടാണ് മരുന്നിന്റെ പ്രവര്‍ത്തനം ഫലപ്രദമായത്. അദ്ദേഹം പറഞ്ഞു. എന്നാലും മരുന്നിന്റെ ഉപയോഗം ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതിനായി വിദഗ്ദനായ ഡോക്ടറുടെ സഹായം തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ഹാക്കോ പറഞ്ഞു.

Top Stories
Share it
Top