ഭാരം കുറയ്ക്കാന്‍ എളുപ്പ മാര്‍ഗ്ഗം; പോഷക സമ്പുഷ്ടമായ പ്രാതലും കുറഞ്ഞ അളവില്‍ ഉച്ച ഭക്ഷണവും

Published On: 2018-03-23 05:30:00.0
ഭാരം കുറയ്ക്കാന്‍ എളുപ്പ മാര്‍ഗ്ഗം; പോഷക സമ്പുഷ്ടമായ പ്രാതലും കുറഞ്ഞ അളവില്‍ ഉച്ച ഭക്ഷണവും

പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവുമുള്ളവര്‍ക്ക് ഊര്‍ജ്ജ സമ്പുഷ്ടമായ പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ ഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ ഉപയോഗം നിയന്ത്രണത്തിലാക്കാനും കഴിയുമെന്ന് പഠനം.
പ്രമേഹ രോഗികള്‍ പോഷക സമൃദ്ധമായ പ്രാതല്‍, മിതമായ ഉച്ച ഭക്ഷണം, നാമ മാത്രമായ അത്താഴം എന്നിവയടങ്ങുന്ന ആഹാര രീതി പിന്തുടരുന്നതിലൂടെ വിശപ്പ് കുറയ്ക്കാനും പ്രമേഹം നിയന്ത്രണത്തിലാക്കാനും സാധിക്കുന്നതായി ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പഠനവിഭാഗം തലവന്‍ ഡാനിയേല ജാകുബോവിസ് പറഞ്ഞു.
ശരീരത്തിന്റെ മെറ്റബോളിക് നിലയ്ക്ക് ദിവസത്തിന്റെ വ്യത്യസ്ത സമയങ്ങളില്‍ വ്യതിയാനമുണ്ട്. അതുകൊണ്ടു തന്നെ ഏതു സമയത്ത് എത്ര അളവില്‍ ഭക്ഷണം കഴിക്കുന്നുവെന്നത് പ്രധാനമാണ്. രാവിലെ കഴിച്ച ഒരു കഷ്ണം ബ്രെഡ്ഡിന് രക്തത്തിലെ പഞ്ചസാര നില സന്തുലിതമായി നിലനിര്‍ത്താന്‍ കഴിയുന്നു. എന്നാല്‍ വൈകുന്നേരം ഇതേ ഭക്ഷണം കഴിച്ചാല്‍ ഫലം മറിച്ചായിരിക്കും.
ശരാശരി 69 വയസ്സുള്ള 18 പുരുക്ഷന്മാരിലും 11 സ്ത്രീകളിലും രണ്ട് വ്യത്യസ്ത ആഹാര രീതികള്‍ പരീക്ഷിച്ചാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ഒരു വിഭാഗത്തിന് മൂന്നു നേരത്തെ ഭക്ഷണവും മറുവിഭാഗത്തിന് ആറു നേരത്തെ ഭക്ഷണവും നല്‍കി. ഓരോ രണ്ടാഴ്ച കൂടുമ്പോള്‍ ഇവരുടെ രക്തത്തിലെ പഞ്ചസാര നില പരിശോധിച്ചു. ഇതില്‍ പോഷക സമൃദ്ധമായ പ്രാതലടങ്ങുന്ന 3 നേരത്തെ ഭക്ഷണം കഴിച്ചവരുടെ പഞ്ചസാര നിലയില്‍ വ്യക്തമായ കുറവ് രേഖപ്പെടുത്തി.

Top Stories
Share it
Top