ഓരോ ദിവസവും നിങ്ങള്‍ എത്ര വെള്ളം കുടിക്കണമെന്നറിയാമോ?

Published On: 10 April 2018 11:15 AM GMT
ഓരോ ദിവസവും നിങ്ങള്‍ എത്ര വെള്ളം കുടിക്കണമെന്നറിയാമോ?

ആരോഗ്യത്തോടെ ജീവിക്കുക എന്നതിനാണ് നാം എന്നും മുന്‍ഗണന നല്‍കാറ്. ഏതൊരു ജീവിയുടെയും ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുദ്ധജലം. ആരോഗ്യത്തോടെ ജീവിക്കാനുള്ള എളുപ്പവഴി വെള്ളം കുടിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു ദിവസം ശരാശരി 8 മുതല്‍ 10 വരെ ഗ്ലാസ്സ് വെള്ളം മനുഷ്യന്‍ നിര്‍ബന്ധമായും കുടിക്കണം.

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തത്തിലെ വിഷാണുക്കളെ ഇല്ലാതാക്കാനും ഈ വെള്ളംകുടി നമ്മെ സഹായിക്കുന്നു. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ 10 ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസേന കുടിച്ചാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശം.

മനുഷ്യശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പല പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഈ ജലാംശത്തിലൂടെയാണ്. ശരീരത്തിലെ താപം നിലനിര്‍ത്താനും വിസര്‍ജന പ്രക്രിയ സുഗമമാക്കാനും അമിതവണ്ണം കുറയ്ക്കാനുമൊക്കെ ജലത്തിന്റെ സഹായം കൂടിയേ തീരൂ. വെള്ളം കുടിക്കുന്നതില്‍ കുറവു വന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും നേരിടേണ്ടി വരിക.

ശരീരത്തിലെ ജലാംശം കുറഞ്ഞാല്‍ ശക്തമായ തലവേദന, തൊണ്ടവരളല്‍, തലകറക്കം, ത്വക്ക് വിണ്ട്കീറുക, ഉന്മേഷകുറവ്, പരവേശം, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ജലാശം ഉള്ള ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും. മുട്ട, പച്ചകറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ നന്നായി കഴിക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായമാവും.

Top Stories
Share it
Top