ആരോഗ്യമുള്ള കുഞ്ഞിന് നായസ്നേഹം ഉത്തമം!

ശൈശവകാലത്തെ അലര്‍ജി സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കുമെത്രെ

ആരോഗ്യമുള്ള കുഞ്ഞിന് നായസ്നേഹം ഉത്തമം!

ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുമ്പോള്‍ അമ്മയില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ അകറ്റി നിര്‍ത്തേണ്ടതുണ്ടോയെന്നു ആശങ്കയുണ്ടാകാറുണ്ട്. പ്രത്യേകിച്ച് നായസ്നേഹികളായ മാതാപിതാക്കന്മാര്‍ക്ക് ഇതൊരു വലിയ ചോദ്യചിഹ്നമായി മാറും.

എന്നാല്‍ ഇവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിവരമാണ് കനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാല ഇപ്പോള്‍ പുറത്തുവിടുന്നത്. ആരോഗ്യമുള്ള കുട്ടിയുണ്ടാകാന്‍ നായസ്നേഹം നല്ലതാണത്രേ. ശൈശവകാലത്തെ അലര്‍ജി സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കും എന്നാണ് ഇവരുടെ വാദം. മാത്രമല്ല കുട്ടികള്‍ക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാദ്ധ്യതകളും കുറവായിരിക്കും.

റുമിനോകോക്കസ്, ഓസ്സില്ലോസ്പൈറ എന്നിങ്ങനെ രണ്ടു ബാക്ടീരിയകളാണ് ഇതിനായി സഹായിക്കുന്നത്. ഗര്‍ഭത്തിലായിരിക്കുമ്പോള്‍ നായകളുമായി സംസര്‍ഗ്ഗം ലഭിക്കുന്ന കുട്ടികളില്‍ ഈ ബാക്റ്റീരിയകള്‍ കാണാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്.

ജനനശേഷം നായകളുമായി നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല എങ്കില്‍ പോലും ഗര്‍ഭാവസ്ഥയില്‍ ലഭിക്കുന്ന ഈ പ്രതിരോധശക്തി അവരില്‍ തുടരുമെന്നും ആല്‍ബര്‍ട്ട സര്‍വ്വകലാശാല ഗവേഷകര്‍ പറയുന്നു. അങ്ങനെ നിങ്ങളുടെ നായസ്നേഹത്തിന്റെ ഒരു പ്രയോജനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കാത്തിരുന്ന കണ്‍മണിക്കായി നിങ്ങളുടെ പ്രിയപ്പെട്ട നായ്ക്കളെ അകറ്റി നിര്‍ത്തേണ്ടതില്ല എന്നു സാരം.

Read More >>