ഹൃദയത്തെ പരിപാലിക്കാം നല്ല ആരോഗ്യശീലങ്ങളിലൂടെ

Published On: 16 Jun 2018 7:15 AM GMT
ഹൃദയത്തെ പരിപാലിക്കാം നല്ല ആരോഗ്യശീലങ്ങളിലൂടെ

ഓരോ വ്യക്തിയും കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഭക്ഷണരീതിയാണ് ഹൃദയത്തിന്റെ ആരോഗ്യം നിശ്ചയിക്കുന്നതിലെ മുഖ്യഘടകം.ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നാടന്‍ ഭക്ഷണമാണ് ഉത്തമം. എണ്ണയില്‍ വറുത്തവ, മാംസം, മുട്ട, പഴകിയ ഭക്ഷണം, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളായ വെണ്ണ, നെയ്യ് ഇവയൊന്നും ഹൃദ്രോഗികള്‍ക്ക് നന്നല്ല.

ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. രക്തധമനികളുടെ ഉള്‍വശത്ത് ഇവ അടിഞ്ഞുകൂടി കട്ട പിടിച്ച് രക്ത പ്രവാഹത്തെ കൂടുതല്‍ തടസപ്പെടുത്തുന്നു. ഹൃദ്രോഗികള്‍ ഒരു നേരം മാത്രം ധാന്യഹാരം കഴിക്കുന്നതാണ് നല്ലത്.മറ്റ് സമയങ്ങളില്‍ പഴങ്ങളോ, വേവിക്കാത്ത പച്ചക്കറികളോ കഴിക്കാം. കരിക്ക് ഹൃദ്രോഗികള്‍ക്ക് ഉത്തമമാണ്. അതോടൊപ്പം തന്നെ ധാരാളം ശുദ്ധജലവും കുടിക്കണം.

കരിക്ക് മാത്രം കഴിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപവസിക്കുന്നതും രോഗശമനത്തിന് നല്ലതാണ്. നാളികേരവും ഹൃദ്രോഗികള്‍ക്ക് ഉപയോഗിക്കാം.ഹൃദയം തകരാറിലാകുന്നതിന്റെ പ്രധാന കാരണം തെറ്റായ ജീവിതശൈലിയാണ്. നേരവും കാലവും നോക്കാതെ വാരിവലിച്ചുള്ള ഭക്ഷണരീതിയില്‍ തുടങ്ങണം മാറ്റം. അമിതവണ്ണം, മദ്യപാനം, പുകവലി ഇവയ്ക്കെല്ലാം ഹൃദ്രോഗവുമായി ബന്ധമുണ്ട്.

ഇവ ഒഴിവാക്കിയാല്‍ മാത്രമേ ഹൃദയത്തെ കാക്കാന്‍ സാധിക്കൂ. ജീവിതരീതിയില്‍ വന്ന മാറ്റം മനുഷ്യശരീരത്തിന് തെല്ലും വ്യായാമം നല്‍കുന്നില്ല. പണ്ടുകാലത്ത് കാര്‍ഷികവൃത്തിക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.വ്യായാമമില്ലാത്ത ഒരാള്‍ക്ക് ചെറിയ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ പോലും ഗുരുതരമായിരിക്കും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്. ഇവ ഹൃദ്രോഗത്തിന് കാരണമായിത്തീരുന്നു.

വ്യായാമം ചെയ്യുന്നവരില്‍ ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കുകയും അടിയന്തിരഘട്ടമുണ്ടായാല്‍ ഒല്‍പം കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള തയാറെടുപ്പ് ഉണ്ടായിരിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കും കുറഞ്ഞിരിക്കുന്നതിന്റെ കാരണമിതാണ്.അമിത വണ്ണം കുറയ്ക്കുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, കൊഴുപ്പു കൂടുതലടങ്ങിയതും ബേക്കറിപ്പലഹാരങ്ങളും വര്‍ജിക്കുക, പകരം പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കുക, മാനസികമായി സ്വസ്ഥത കൈവരിക്കുക, സൂര്യപ്രകാശവും ശുദ്ധവായുവും ആവോളം ആസ്വദിക്കുക, ശുചിത്വം പാലിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാക്കുക വഴി ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം.

Top Stories
Share it
Top