കരള്‍ ചില്ലറക്കാരനല്ല; ബഹുമാനിച്ചേ പറ്റൂ

ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് കരള്‍ രോഗങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ മദ്യപാനികളല്ലാത്ത ആളുകളിലാണ് ഇപ്പോള്‍ കരള്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളും ഇതില്‍നിന്ന് പിന്നിലല്ല.

കരള്‍ ചില്ലറക്കാരനല്ല; ബഹുമാനിച്ചേ പറ്റൂ

ഫാത്തിമ ഷന്‍സ

മനുഷ്യ ശരീരത്തിലെ അവയവങ്ങളില്‍ പ്രധാനിയായ കരള്‍ ചില്ലറക്കാരനല്ല. കരളിന്റെ ജോലികള്‍ തന്നെയാണ് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിച്ച ശേഷം രക്തത്തില്‍ പ്രവേശിച്ച് കരളിലാണ് എത്തുന്നത്.

കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ആവശ്യമായ പോഷക വസ്തുക്കളായി മാറ്റുന്ന ഉത്തരവാദിത്തം കരളിനാണ്. പ്രോട്ടീനുകള്‍ വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അമോണിയ യൂറിയയാക്കി വൃക്കകള്‍ വഴി മൂത്രത്തിലൂടെ പുറത്തുകളയുന്നതും കരളാണ്. ആഹാരത്തിലൂടെ അകത്തെത്തുന്ന മാലിന്യങ്ങളും വിഷപദാര്‍ത്ഥങ്ങളും പുറന്തള്ളുന്ന ഉത്തരവാദിത്തവും കരളിനാണ്. തീര്‍ന്നില്ല. ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോള്‍ നിര്‍മ്മിക്കുന്നത് കരളിലാണ്. രക്തം കട്ടിപിടിക്കാനുള്ള കൊഗുലേഷന്‍ ഫാക്ടേഴ്‌സ് കരളിലാണ്. മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഗ്ലൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ കരുതി വെക്കുന്നതും കരളാണ്.

ഇത്രയും ജോലികള്‍ ചെയ്യുന്ന കരള്‍ ഒരു മനുഷ്യായുസ്സില്‍ മൂന്നു തവണയെങ്കിലും സ്വയം നവീകരണത്തിന് വിധേയമാകുന്നുണ്ട്. ആ കരളിനെ ബഹുമാനിച്ചേ പറ്റൂ. അല്ലെങ്കില്‍ പണികിട്ടുമെന്ന കാര്യം ഉറപ്പാണ്.

ഫാറ്റി ലിവര്‍

കരളിലെ കൊഴുപ്പിന്റെ ഭാരം 10 ശതമാനത്തില്‍ അധികം വരുമ്പോഴാണ് ഫാറ്റി ലിവര്‍ എന്ന രോഗമായി മാറുന്നത്. മദ്യത്തിന്റെ അമിത ഉപയോഗമാണ് ഫാറ്റി ലിവറിന്റെ കാരണങ്ങളില്‍ പ്രധാനം. ശരീരത്തെ സമനിലയില്‍ കൊണ്ടുപോകുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന കരളിന് തീറ്റയും കുടിയുമായി അമിത ഭാരം കൊടുക്കുമ്പോള്‍ അത് പ്രതികരിക്കും. അങ്ങനെയാണ് കരള്‍ രോഗമുണ്ടാകുന്നത്. കൊഴുപ്പേറിയ ഫാസ്റ്റ് ഫുഡ് ഭക്ഷണവും കോളകളും ഫാറ്റി ലിവറിന് കാരണമാണ്.

മദ്യപാനം മാത്രമാണോ കാരണം?

ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് കരള്‍ രോഗങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ മദ്യപാനികളല്ലാത്ത ആളുകളിലാണ് ഇപ്പോള്‍ കരള്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളും ഇതില്‍നിന്ന് പിന്നിലല്ല. ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടം പിടിച്ചതാണ് കരളിനെ ബാധിക്കുന്ന രോഗങ്ങള്‍. ജീവിത ശൈലിയില്‍ ചിട്ടയുണ്ടാവുക എന്നതാണ് അതിന്റെ പരിഹാരം. അമിതമായ ഭക്ഷ്യ ഉപയോഗം കരളിന് താങ്ങാനാകാത്തതാണ് രോഗങ്ങളിലേക്ക് നയിക്കുന്നത്. അമിത മദ്യപാനം പോലെ ചില മരുന്നുകളുടെ അമിതോപയോഗവും കരളിന്റെ ആരോഗ്യം ക്ഷയിപ്പിക്കും. കരളിലുള്ള കൊഴുപ്പാണ് പലര്‍ക്കും വില്ലനാകുന്നത്. ഇങ്ങനെയുള്ളവര്‍ ശരീരഭാരം കുറയ്ക്കാനും വ്യായാമം ശീലമാക്കാനും ശ്രദ്ധിക്കണം. 1980കളില്‍ അമേരിക്കയില്‍ നടന്ന പഠനത്തിലാണ് മദ്യപാനം കൊണ്ടല്ലാതെയും സിറോസിസ് ഉണ്ടാകുമെന്ന് തെളിഞ്ഞത്. അടുത്ത 20 വര്‍ഷത്തേക്ക് സിറോസിസ് ചികിത്സയുടെ ഭാഗമായി അമേരിക്കയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരിക മദ്യപാനികള്‍ക്കാവില്ലെന്നാണ് പഠനങ്ങള്‍. കരളിനുണ്ടാകുന്ന മാറ്റങ്ങളില്‍ ആദ്യത്തേത് കൊഴുപ്പേറുന്നത് തന്നെ. 10-15 വര്‍ഷം തുടര്‍ച്ചയായി ഫാറ്റി ലിവര്‍ ആണെങ്കില്‍ സിറോസിസായി മാറും. പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഫാറ്റി ലിവറിനെ സിമ്പിള്‍ സ്റ്റിയറ്റോസിസ് എന്നു പറയും. ഫാറ്റി ലിവറിന് ഇന്‍ഫ്ലമേഷന്‍ സംഭവിക്കുമ്പോഴാണ് സിറോസിസായി മാറുന്നത്. ഈ ഘട്ടത്തെ സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് എന്നു പറയും. കരളിനുണ്ടാകുന്ന രണ്ടാമത്തെ മാറ്റമാണിത്. ഫാറ്റി ലിവര്‍ ഉള്ളവര്‍ മദ്യപാനവും ജീവിത ശൈലീ രോഗങ്ങളുമുള്ളവരാണെങ്കില്‍ പ്രതിരോധ നടപടികളെടുക്കണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ശരിയാംവണ്ണം വ്യായാമം ചെയ്യുകയുമാണ് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ചുരുങ്ങിയത് അര മണിക്കൂര്‍ നടത്തമാണ് ഏറ്റവും ലളിതമായ വ്യായാമം.

കുട്ടികളിലും സ്ത്രീകളിലും കരള്‍ രോഗികള്‍ ഉണ്ടാകാറുണ്ട്. പിറവിയില്‍ ജന്മവൈകല്യമായും കരള്‍ രോഗം വരാം. രോഗത്തിന് ചികിത്സ ഫലിക്കാതെ വരുമ്പോള്‍ കരള്‍ മാറ്റിവെക്കേണ്ടി വരും. 25-30 ലക്ഷം വരെ ചെലവു വരുന്നതാണ് ഈ ശസ്ത്രിക്രിയ.

കരള്‍ രോഗം

സഹിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിയാലേ കരള്‍ പ്രതികരിച്ചു തുടങ്ങൂ എന്നതാണ് കരള്‍ രോഗത്തിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ രോഗം വന്നു കഴിഞ്ഞേ വിവരം അറിയുകയുള്ളൂ. ആശുപത്രിയില്‍ പോയി മറ്റെന്തെങ്കിലും കാര്യത്തിന് രക്തം പരിശോധിക്കുമ്പോഴാണ് ചിലര്‍ക്ക് കാര്യം അറിയുന്നത്. മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങള്‍ കരളിനെ ബാധിച്ച ശേഷമേ പലപ്പോഴും തിരിച്ചറിയുന്നുള്ളൂ.

രോഗികള്‍ക്ക് രക്തം കൊടുക്കുന്നതു പോലെയുള്ള ശീലങ്ങള്‍ ഉള്ളവര്‍ക്ക് അസുഖങ്ങള്‍ വേഗം തിരിച്ചറിയാനാകും. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചു കഴിഞ്ഞാല്‍പ്പിന്നെ രോഗി രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണ്.

കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ആരോഗ്യം വഷളാവുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. 50 ശതമാനത്തിലധികം കരളിന്റെ പ്രവര്‍ത്തനം താറുമാറായ ശേഷമായിരിക്കും രോഗം കണ്ടെത്തുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം.

ലക്ഷണങ്ങള്‍

ഉദരത്തിനു മുകളിലായി ചെറിയൊരു വേദന അനുഭവപ്പെടാം എന്നതു മാത്രമാണ് ചിലപ്പോള്‍ ലക്ഷണമായി തോന്നാറുള്ളത്. ചിലര്‍ക്ക് അങ്ങനെയും സംഭവിക്കില്ല. കടുത്ത പനിയോ മറ്റോ വരുമ്പോഴേ കരളിനെ ചില അസുഖങ്ങള്‍ ബാധിച്ചതായി അറിയുകയുള്ളൂ. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും അന്നനാളത്തിലെ ഞരമ്പുകള്‍ പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും. ലിവര്‍ സിറോസസിന്റെ ലക്ഷണം ഇതാണ്. 70 ശതമാനം ലിവര്‍ സിറോസിസും കാന്‍സറിനു കാരണമാകാറുണ്ട്. പ്രതിരോധ കുത്തിവെപ്പുകളും ഇടക്കിടെയുള്ള രക്തപരിശോധനകളും രോഗം വരുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളാണ്. ചെറിയ പനി, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ എന്നിവയും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാണ്. അഞ്ച് വ്യത്യസ്ത വൈറസുകള്‍ കരളിനെ ബാധിക്കുന്നു. ഹൈപ്പറ്റൈറ്റിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. വിറയല്‍, സന്ധിവേദന, ഉന്മേഷമില്ലായ്മ, ക്ഷീണം, ഛര്‍ദ്ദി, വയര്‍ കമ്പനം, മലം അയഞ്ഞു പോവുക എന്നിവയും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

പരിഹാരം

വ്യായാമം ശീലമാക്കുക.

ജങ്ക് ഫുഡിന്റെ അമിതോപയോഗം

ഒഴിവാക്കുക

പോഷകാഹാരങ്ങള്‍ കഴിക്കുക

പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക

വേദനസംഹാരികള്‍ കഴിവതും ഒഴിവാക്കുക

അനുവദനീയമായ ഭക്ഷണം

പയറു വര്‍ഗങ്ങള്‍ (ചെറുപയര്‍, വന്‍പയര്‍, സോയാബീന്‍, ഗ്രീന്‍പീസ്)

മുട്ടയുടെ വെള്ള, മത്സ്യം, പാല്‍

പാല്‍ ഉത്പന്നങ്ങള്‍

പാകം ചെയ്ത പച്ചക്കറികള്‍

പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം

ഒഴിവാക്കേണ്ടവ

വറുത്ത ആഹാരങ്ങള്‍

നെയ്യ്, വെണ്ണ, വനസ്പതി, ഡാല്‍ഡ

കിഴങ്ങ് വര്‍ഗങ്ങള്‍

ചോക്കലേറ്റ്

മുട്ടയുടെ മഞ്ഞ

കക്ക, ഞണ്ട്, ചെമ്മീന്‍

മാര്‍ഗന്‍ മീറ്റ് ( കരള്‍, വൃക്ക, ഹൃദയം)

ബീഫ്, മട്ടണ്‍, പോര്‍ക്ക്

മദ്യം

കശുവണ്ടി, കപ്പലണ്ടി

ക്രീം അടങ്ങിയ സൂപ്പുകള്‍

പാട നീക്കാത്ത പാല്‍, ചീസ്

Read More >>