കരുത്തേകാന്‍ കര്‍ക്കടക മാസം

Published On: 2018-07-08 05:15:00.0
കരുത്തേകാന്‍ കര്‍ക്കടക മാസം

വീണ്ടും കര്‍ക്കടകമെത്തി. മനസിനെയും ശരീരത്തെയും ശുദ്ധയോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താനും ഒരു വര്‍ഷം മുഴുവന്‍ ഉന്‍മേഷത്തോടെ നില്‍ക്കാനും തയ്യാറെടുക്കാന്‍ കര്‍ക്കട മാസം അനുയോജ്യമാണ്. ആയുര്‍വേജദസ ചികിത്സയും ഔഷധ സേവയും ഈ മാസത്തില്‍ ശീലിക്കുന്നത് അനുയോജ്യമായിരിക്കും.
ശരീരത്തിനു നവജീവന്‍ നല്‍കുന്ന ചികില്‍സകള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലമെന്നാണു പൂര്‍വികര്‍ പറയുക.

പ്രതിരോധശേഷി വര്‍ധിപ്പിച്ച്, വിഷാംശങ്ങള്‍ പുറത്തുകളഞ്ഞ്, ത്രിദോഷങ്ങളായ വാത പിത്ത കഫങ്ങളെ നിലയ്ക്കു നിര്‍ത്തി ശരീരത്തിനു നവജീവന്‍ നല്‍കാനുള്ള ചികില്‍സകളില്‍ പ്രധാനമാണു കര്‍ക്കടകക്കഞ്ഞി അഥവാ മരുന്നുകഞ്ഞി. വഴിവക്കുകളിലും തൊടിയിലും കാണുന്ന പച്ചമരുന്നുകളിട്ടാണ് ഈ കഞ്ഞി പണ്ടു തയാറാക്കിയിരുന്നത്. ചെലവു തീരെക്കുറവായിരുന്നുവെന്നര്‍ഥം. എന്നാല്‍, ഇപ്പോള്‍ അങ്ങാടിമരുന്നുകടകളെ ആശ്രയിക്കാതെ നിവൃത്തിയില്ല.

കര്‍ക്കടകത്തില്‍ വിശപ്പുണ്ടാകുന്ന ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയര്‍, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ന്ന കര്‍ക്കടക കഞ്ഞി ഏറ്റവും വിശേഷമത്രെ. വാതശമനത്തിന് ഔഷധങ്ങള്‍ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് തേച്ചുകുളിക്കുകയും ചെയ്യാം. ദിവസേന തേച്ചുകുളി ആയുര്‍വേദത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകള്‍ തടയുന്നതിനും കാഴ്ച ശക്തി, ദേഹപുഷ്ടി, ദീര്‍ഘായുസ്സ്, നല്ല ഉറക്കം, തൊലിക്ക് മാര്‍ദ്ദവവും ഉറപ്പും എന്നിവയ്ക്ക് കാരണമാകുന്നു. തേച്ചുകുളിക്ക് നല്ലെണ്ണ മികച്ചതെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. രോഗങ്ങളെ ചെറുക്കുന്നതില്‍ നല്ലെണ്ണയ്ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്ക്കണം. കഫം വര്‍ധിച്ചിരിക്കുന്നവരും, ഛര്‍ദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്ക്ക് വിധേയമായിരിക്കുന്നവരും അഭ്യംഗം ചെയ്യരുത്. അജീര്‍ണമുള്ളവരും എണ്ണ തേയ്ക്കരുത്.

പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാന്‍ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. രാവിലെ തയാറാക്കിയ കര്‍ക്കടക കഞ്ഞി തേച്ചു കുളികഴിഞ്ഞ് പത്തു മണിയോടെ കഴിക്കാം.

ശരീരശുദ്ധി വരുത്തി പഞ്ചകര്‍മ ചികിത്സ പ്രധാനമായി കഷായവസ്തി ചെയ്യാം. കഷായ വസ്തിക്കു ശേഷം പഴക്കം ചെന്ന ഗോതമ്പ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കാം. എപ്പോഴും പുകച്ച വസ്ത്രം ഉപയോഗിക്കണം. പകലുറക്കം പാടില്ല. കൂടുതല്‍ അധ്വാനം, വെയില്‍ ഒഴിവാക്കണം.

Top Stories
Share it
Top