കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്രശസ്ത്രക്രിയ മുടങ്ങിയിട്ട് 9 മാസം

Published On: 13 Jun 2018 7:00 AM GMT
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്രശസ്ത്രക്രിയ മുടങ്ങിയിട്ട് 9 മാസം

കാസര്‍കോട്: പനിയും പകർച്ച വ്യാധികളും വ്യാപകമാകുമ്പോഴും ജനറല്‍ ആശുപത്രിയിലെ പരിമിതികൾക്ക് പരിഹാരമില്ല. നേത്രശസ്ത്രക്രിയ മുടങ്ങിയിട്ട് ഒമ്പതുമാസം. ഏഴുനില കെട്ടിടത്തിലെ ലിഫ്റ്റ് മുടങ്ങിയിട്ട് ഒരു മാസമായി. റാംപ് സ്ഥാപിക്കാത്തതും പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. അവശരായ രോഗികളെയും മൃതദേഹവും ചുമന്നാണ് താഴേക്ക് കൊണ്ടുവരുന്നത്.

ആറുമാസം മുമ്പ് പണമടച്ചെങ്കിലും ഓപറേറ്റിംഗ് മൈക്രോസ്‌കോപ്പ് എത്തിയില്ല. കഴിഞ്ഞ ഡിസംബര്‍ 19നു ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് (കെഎംഎസ്‌സിഎല്‍) ഇതു വാങ്ങാന്‍ പണം അനുവദിച്ചിരുന്നുവെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ആര്‍എംഎയും നേത്ര സര്‍ജനും ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരാണ് ഈ വിഭാഗത്തിലുള്ളത്. ഇതില്‍ നേത്രവിഭാഗം സര്‍ജന്‍ 45 ദിവസത്തെയും ആര്‍എംഒ 21 വരെയും അവധിയിലാണ്. ഈ മാസം അവസാനവാരമെങ്കിലും ഓപറേറ്റിംഗ് മൈക്രോസ്‌കോപ്പ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം പറഞ്ഞു. രോഗികള്‍ക്ക് കൂടുതല്‍ ആവശ്യമായിവരുന്ന അള്‍ട്ര സൗണ്ട് സ്‌കാന്‍ മാസങ്ങളായി തകരാറിലാണ്. കാലഹരണപ്പെട്ട ഈ മോഡല്‍ മെഷീന്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്നും 9.5 ലക്ഷം രൂപ ചെലവുവരുന്ന പുതിയ കളര്‍ ഡോപ്ലര്‍ അള്‍ട്ര സൗണ്ട് മെഷീന് ഭരണാനുമതി നല്‍കാനുള്ള നടപടിയെടുത്തുവരികയാണെന്നും മന്ത്രി പറഞ്ഞു.

രക്തഘടകവിഭജന യൂണിറ്റ് സ്ഥാപിക്കുന്നതിന് ജനറേറ്റര്‍ ഒഴികെയുളള ഉപകരണങ്ങളെല്ലാമെത്തി. കെട്ടിടത്തിന്റെ വയറിംഗ് ജോലികളും പൂര്‍ത്തിയായി. ആശുപത്രിയില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ വിശദമായ പ്രപ്പോസല്‍ നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപറേഷന്‍ തിയേറ്റര്‍, വെന്റിലേറ്റര്‍ എന്നിവ ശരിയാക്കുന്നതിനു വേണ്ട നടപടികള്‍ കെഎംഎസ്‌സിഎല്‍ സ്വീകരിച്ചുവരുന്നതായും സൂപ്രണ്ട് അറിയിച്ചു. 211 കിടക്കകളുള്ള ആശുപത്രിയില്‍ ശരാശരി 900 ത്തോളം ഒപിയും 190-200 വരെ ഐ പി യും എത്തുന്നുണ്ട്. എന്നാൽ ആവശ്യത്തിന് സൗകര്യവും ജീവനക്കാരുമില്ലാത്തത് പ്രശ്നങ്ങൾക്കിടയാക്കുന്നു. 49 സ്ഥിരം ഡോക്ടര്‍മാരുടെ തസ്തികയുണ്ട്. ആറ് ഡോക്ടര്‍മാരെ എന്‍എച്ച് എം മുഖേന നിയമിച്ചിട്ടുണ്ട്. കൂടാതെ എന്‍ എച്ച് എം മുഖേന ഒരു ദന്ത സ്‌പെഷ്യലിസ്റ്റിനെയും വര്‍ക്കിംഗ് അറേജ്‌മെന്റില്‍ ഒരുഗൈനക്കോളജിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. റേഡിയോളജി യൂണിറ്റുണ്ടെങ്കിലും റേഡിയോളജിസ്റ്റില്ല. മൊത്തം247 ജീവനക്കാരുണ്ടെങ്കിലും 61 പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളുടെ കുറവും പരിഗണിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെയും ആര്‍ദ്രം പദ്ധതിയില്‍ ഉൾപ്പെടുത്തിയിരുന്നു. ഇത് പ്രകാരം നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും ഒരു ഡെപ്യൂട്ടി സൂപ്രണ്ടും, സെപ്ഷ്യലിസ്റ്റ് ഡോക്ടര്മാരടക്കം 10 ഡോക്ടര്‍മാരുടെ തസ്തിക ഈ ആശുപത്രികളില്‍ സൃഷ്ടിച്ച് നിയമനം നടത്തിയെന്നും ആ​രോ​ഗ്യവകുപ്പ് മന്ത്രിയും എൻഎ നെല്ലിക്കുന്ന് എംഎൽഎയും അറിയിച്ചു.

Top Stories
Share it
Top