മനസിനും ശരീരത്തിനും യോഗ 

Published On: 21 Jun 2018 3:45 AM GMT
മനസിനും ശരീരത്തിനും യോഗ 

ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നതുവഴി രക്ത സമ്മര്‍ദ്ദം സാധാരണഗതിയിലാകുക, മനസംഘര്‍ഷം കുറയ്ക്കുക, ശരീരഭാരവും കൊളസ്‌ട്രോളും കുറയ്ക്കുക തുടങ്ങിയവ സാധ്യമാകും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും യോഗ ഉപകരിക്കും. സ്ഥിരമായി യോഗ ചെയ്താല്‍ ആരോഗ്യം നിറഞ്ഞ ദുര്‍മേദസില്ലാത്ത ശരീരം സ്വന്തമാക്കാം.

അതിനെല്ലാമുപരിയായി മനശാന്തിയും നേടാം. യോഗ ചെയ്യുന്നത് കൊണ്ടുള്ള ചില ഗുണങ്ങളിതാ. ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ഗര്‍ഭകാലത്ത് സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ശരീരത്തെ ബലപ്പെടുത്താം. ഗര്‍ഭകാലത്തുണ്ടാകുന്ന ഉറക്കക്കുറവ്, പുറം വേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, മസില്‍പിടുത്തം എന്നിവ മാറാന്‍ യോഗ സഹായിക്കും.യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണര്‍വ്വ് നല്കും.

തലച്ചോറിന്റെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതല്‍ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവര്‍ത്തനവും തമ്മിലുള്ള ഒരു ബാലന്‍സിങ്ങ് ഇത് വഴി നിങ്ങള്‍ക്ക് അറിയാനാകും. ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്. യോഗ സ്ഥിരമായി ചെയ്യുന്നത് വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിര്‍ത്തി ഊര്‍ജ്ജസ്വലമായും, സന്തോഷമായും കഴിയാനാവും. വിവിധ രീതിയിലുള്ള പോസുകളും, ശ്വസനക്രിയകളും വഴി യോഗ രക്തചംക്രമണത്തെ സജീവമാക്കും. നല്ല രീതിയിലുള്ള രക്തചംക്രമണം വഴി ഓക്‌സിജനും മറ്റ് ന്യൂട്രിയന്റ്‌സും ശരീരത്തിലെല്ലായിടത്തും എത്തുകയും അത് വഴി ആരോഗ്യമുള്ള അവയവങ്ങളും, തിളക്കമുള്ള ചര്‍മ്മവും ലഭിക്കുകയും ചെയ്യും.


ശാരീരിക വേദനകളെ അകറ്റാന്‍ യോഗ ചെയ്യുന്നത് ഉത്തമമാണ്. പുറം വേദനയും, സന്ധികളിലുള്ള വേദനയുമകറ്റാന്‍ യോഗ സഹായിക്കും. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന നടുവേദന മാറാന്‍ യോഗ ഏറെ സഹായകരമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പുമൂലം ശരീരഭാഗങ്ങള്‍ക്കുണ്ടാക്കുന്ന വേദനക്കും യോഗ വഴി ശമനം ലഭിക്കും പ്രായമാകുന്തോറും ശരീരത്തിന്റെ ബാലന്‍സിങ്ങ് നഷ്ടപ്പെടും.വ്യായാമമില്ലാത്ത ജീവിതമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ഇത് ക്രമേണ വീഴ്ചക്കും, അസ്ഥികള്‍ പൊട്ടുന്നതിനുമൊക്കെ ഇടയാക്കും. യോഗ ചെയ്യുന്നത് വഴി ശരീരത്തിന് ബാലന്‍സ് നേടാനാവും. യോഗ തലച്ചോറിനെയും ഉദ്ദീപിപ്പിക്കുന്നതിനാല്‍ ശരീര ചലനങ്ങള്‍ക്കനുസരിച്ച് തലച്ചോറും വേഗത്തില്‍ പ്രവര്‍ത്തിച്ച് അപകടങ്ങള്‍ തടയാന്‍ സഹായിക്കുന്നതാണ്.

Top Stories
Share it
Top