മഴക്കാല ആരോഗ്യ സംരക്ഷണം

Published On: 9 Jun 2018 8:45 AM GMT
മഴക്കാല ആരോഗ്യ സംരക്ഷണം

ചൂടും വിയര്‍പ്പും നിറഞ്ഞ വേനല്‍ക്കാലത്തിന് വിട. മഴക്കാലമെത്തി, അതോടൊപ്പം മഴക്കാല രോഗങ്ങളെപ്പറ്റിയുള്ള ആധിയും വര്‍ധിക്കുകയാണ്. പലതരത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വേട്ടയാടുന്ന കാലം കൂടിയാണ് മഴക്കാലം. അതിനാല്‍ തന്നെ ഏറെ ശ്രദ്ധ ഭക്ഷണക്കാര്യത്തിലും ആരോഗ്യകാര്യത്തിലും വരുത്തേണ്ടതും അനിവാര്യമാണ്.

അതികഠിനമായ വേനലില്‍ നിന്ന് മഴയിലേക്കുള്ള മാറ്റത്തിലൂടെ ഭൂമിയിലെ അമ്ലസ്വഭാവം കൂടുന്നതിനാല്‍ പല ശാരീരിക അസ്വസ്ഥതകളും നമ്മളെ അലട്ടാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും കുട്ടികളിലും മുതിര്‍ന്നവരിലും ഏറെ ശ്രദ്ധ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. മഴക്കാലത്തില്‍ ശരീരത്തില്‍ ഈര്‍പ്പം നിലനില്‍ക്കുമെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അധികം തണുത്തതും കൃത്രിമ നിറത്തിലുള്ളതുമായ കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. പകരം, ആയൂര്‍വ്വേദ ആരോഗ്യ പാനീയങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

മഴക്കാലത്ത് ദഹനപ്രക്രിയ സാധാരണയേക്കാള്‍ കുറവായതിനാല്‍ കട്ടിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് പുറത്ത് ഇറങ്ങി നടക്കുന്നത് കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും. പ്രമേഹ രോഗികള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലത്ത് ഫംഗസ്, വൈറസ് ബാധ പിടിപെടാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ പാദരക്ഷകള്‍ അണിഞ്ഞ് പുറത്തിറങ്ങാന്‍ ശ്രദ്ധിക്കുക. നേത്രരോഗങ്ങള്‍ പിടപടരാനുള്ള സാധ്യതയും മഴക്കാലത്ത് ഏറെയാണ്. അതിനാല്‍ ഇടയ്ക്കിടെ കണ്ണില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ആയൂര്‍വേദത്തിലും മറ്റുമുള്ള ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഈ കാലയളവില്‍ ഏറെ ഗുണം ചെയ്യും.

Top Stories
Share it
Top