ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട 7 ഭക്ഷണങ്ങള്‍    

Published On: 10 April 2018 11:45 AM GMT
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട 7 ഭക്ഷണങ്ങള്‍    

ഒരു സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാനഘട്ടമായ ഗര്‍ഭകാലം നിരവധി ശാരീരിക-മാനസിക മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സമയം കൂടിയാണ്. അതുകൊണ്ടുതന്നെ ഈ സമയം ശരീരത്തിന് കൂടുതല്‍ പരിചരണവും ആവശ്യമാണ്. ഗര്‍ഭകാലത്ത് എല്ലാ ഭക്ഷണവും നമ്മുടെ ശരീരത്തിനും വളരുന്ന കുഞ്ഞിനും ആവശ്യമില്ല. ചിലത് കുഞ്ഞിന്റെ വളര്‍ച്ചക്ക് അത്യാവശ്യവും ചിലത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുമാണ്. നിര്‍ബന്ധമായും ഒഴിവാക്കേണ്ട 7 ഭക്ഷണങ്ങളാണ് താഴെ.

1. ഉയര്‍ന്ന തോതില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം ഗര്‍ഭകാലത്ത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം മത്സ്യങ്ങള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നതാണ് ഗര്‍ഭിണികള്‍ക്ക് നല്ലത്. സ്രാവ്. അയക്കൂറ, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ മെര്‍ക്കുറി അടങ്ങിയതിനാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാകും ഉചിതം. എന്നാല്‍ മറ്റു മത്സ്യങ്ങളില്‍ മെര്‍ക്കുറി അംശം കുറവും കുഞ്ഞിനാവശ്യമായ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയതുമാണ്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക

2. കാപ്പി, ഊര്‍ജ പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയില്‍ കഫീന്റെ അംശം കൂടുതലാണ്. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് കഫീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി കുറയ്ക്കുന്നതാകും നല്ലത്. ഇത് ശരീരം പെട്ടന്ന് ആഗിരണം ചെയ്ത് പ്ലാസന്റയിലും ഭ്രൂണത്തിലും എത്തുന്നു. കഫീന്റെ അളവ് ഗര്‍ഭിണികളില്‍ ഉയര്‍ന്ന തോതില്‍ എത്തിയാല്‍ കുഞ്ഞിന്റെ ജനനസമയത്തെ തൂക്കം കുറയാനും കാരണമാകുന്നു.

3. സംസ്‌കരിച്ച ജങ്ക് ഫുഡ് എല്ലാവര്‍ക്കും ഹാനികരമാണ്. എന്നാല്‍ പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇത് തീര്‍ത്തും ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ അടങ്ങിയിരിക്കുന്ന മൈദ, ഫുഡ് കളര്‍, പ്രിസര്‍വേറ്റീവ്, അസംസ്‌കൃത എണ്ണ എന്നിവ ഗര്‍ഭകാലത്ത് ഹാനികരമാണ്.

4. ഗര്‍ഭകാലത്ത് പാക്കേജ്ഡ് സാലഡുകളും പഴങ്ങളും ഭക്ഷണത്തില്‍ ഒഴിവാക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള കൃത്രിമ വസ്തുക്കള്‍ ഒട്ടും ഗുണകരമല്ലെന്ന് മാത്രമല്ല, അവ ശരീരത്തിന് ഹാനികരവുമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യത കൂടുതലാണ്.

5. അസംസ്‌കൃത മുട്ടയില്‍ വന്‍തോതില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ അണുബാധ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഇത്തരം മുട്ട കഴിക്കുമ്പോള്‍ ഛര്‍ദ്ദി, വയറ് വേദന, പനി എന്നിവയ്ക്കും കാരണമാകുന്നു. അതേസമയം, ചിലരില്‍ ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിനും പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതിന് മുമ്പുള്ള പ്രസവത്തിനും കാരണമാകുന്നു.

6. മുളപ്പിച്ച വിത്തുകളും ധാന്യങ്ങളും ഗര്‍ഭകാലത്ത് കഴിക്കാന്‍ ഉചിതമാണ്. എന്നാല്‍ പാചകം ചെയ്യാതെ ഇത് കഴിക്കുമ്പോള്‍ അതിലെ വിഷാംശം നീക്കം ചെയ്യാനും അതിന്റെ വിത്തിന്റെ ഭാഗം കളയാനും സാധിക്കില്ല. ഇത് ഗര്‍ഭിണികള്‍ക്ക് ഗുണകരമല്ല. അതിനാല്‍ ഇത്തരം ഭക്ഷണം ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

7. ഗര്‍ഭകാലത്ത് ആല്‍ക്കഹോളിനോട് 'നോ' പറയുന്നതാണ് നല്ലത്. ആല്‍ക്കഹോള്‍ ഉപയോഗം ഗര്‍ഭം അലസുന്നതിന് വലിയ തോതില്‍ കാരണമാകുന്നു. കൂടാതെ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.


Top Stories
Share it
Top