പ്രളയത്തെ തോല്‍പ്പിക്കും വീട്

ഒരു സെന്റ് സ്ഥലം, മൂന്ന് നില വീട്, വിശാലമായ പാര്‍ക്കിങ്, നിര്‍മ്മാണ ചെലവ് അഞ്ച് ലക്ഷം രൂപ.

പ്രളയത്തെ തോല്‍പ്പിക്കും വീട്

തിരുവനന്തപുരം : ഒരു സെന്റ് സ്ഥലം, മൂന്ന് നില വീട്, വിശാലമായ പാര്‍ക്കിങ്, നിര്‍മ്മാണ ചെലവ് അഞ്ച് ലക്ഷം രൂപ. വിശ്വസിക്കാനാകുന്നില്ലല്ലേ.. എന്നാല്‍ കേട്ടോളൂ ഇത് സത്യമാണ്. ആര്‍കിടെക്റ്റ് ജി ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഇരുപത്തി മൂന്ന് ദിവസം കൊണ്ടാണ് ഈ വീട് പണിതത്. പ്രളയത്തെ തോല്‍പ്പിക്കും വിധമാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

495 ചതുരശ്ര അടിയില്‍ നില്‍ക്കുന്ന വീട് സംസ്‌ക്കരിച്ച മുളയും ഓടും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആറടിയോളം ഉയരമുളള താഴത്തെ നില ഒഴിച്ചിട്ടിരിക്കയാണ്. ആവശ്യമനുസരിച്ച് പഠനമുറിയായോ, പാര്‍ക്കിങ് ഏരിയ ആയോ, തൊഴുത്തായോ മാറ്റിയെടുക്കാം. ഒന്നാം നിലയില്‍ സ്വീകരണ മുറി, അടുക്കള, ശൗചാലയത്തോടുകൂടിയ കിടപ്പുമുറി എന്നിവയും, രണ്ടാം നിലയില്‍ ഒരു കിടപ്പുമുറിയുമാണ് ഉളളത്. വിശാലമായ ബാല്‍ക്കണിയോടു കൂടിയാണ് മൂന്നാം നില നിര്‍മ്മിച്ചിരിക്കുന്നത്. കേരളം പ്രളയം നേരിട്ട സമയത്ത് വീടുകളിലെ ബാല്‍ക്കണികള്‍ ഷീറ്റിട്ട് മറച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിരുന്നു. ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനെ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഇന്റര്‍ലോക്ക് ഇഷ്ടികകളാണ് ഭിത്തി നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. പത്തടി ഉയരത്തില്‍ സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് വെളളം കെട്ടി കിടന്ന് ചുമരുകള്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ചിരട്ട, പഴയ ഓട്, സംസ്‌ക്കരിച്ച മുള എന്നിവയാണ് മേല്‍ക്കൂര, സണ്‍ഷേയ്ഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തറയോടിന് പകരം സെറാമിക് ഓടുകള്‍ നിരത്തിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗം കൂടിയാണിത്. പെയിന്റിങ് ജോലി ഉള്‍പ്പെടെ നാലേമുക്കാല്‍ രൂപയാണ് നിര്‍മ്മാണ ചെലവ്.

തിരുവനന്തപുരം ഡിപിഐ ജംങ്ഷനിലെ പൊലീസ് ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് ഈ വീട് പണിതിരിക്കുന്നത്. പ്രളയ ബാധിത കേരളത്തിന് ഉത്തമ മാതൃകയാണ് ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ പണിത ഈ വീട്. അവസാനഘട്ട മിനുക്ക് പണികള്‍ക്ക് ശേഷം വീട് പൊലീസ് ഗസ്റ്റ് ഹൗസ് ആയോ, ക്യാമ്പ് ഓഫീസായോ ഈ മാസം പ്രവര്‍ത്തനമാരംഭിയ്ക്കും.

Read More >>