സര്‍ക്കാര്‍ ഫണ്ട് വെട്ടിചുരുക്കി; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

Published On: 12 April 2018 2:30 PM GMT
സര്‍ക്കാര്‍ ഫണ്ട് വെട്ടിചുരുക്കി; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

മുംബൈ: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിനു നല്‍കിക്കൊണ്ടിരുന്ന ഫണ്ട് സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. സ്ഥാപനത്തിന് നല്‍കിവന്നിരുന്ന തുകയുടെ അഞ്ചുശതമാനമാണ് കുറവു വരുത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വന്‍തിരിച്ചടി നല്‍കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് യു.ജി.സി ടിഐഎസ്എസ് ന് 11 കോടി രൂപ ഗ്രാന്റ് അനുവദിച്ചെങ്കിലും അത് തികയില്ലെന്ന് എംഫില്‍ വിദ്യാര്‍ത്ഥി ഗൗമിന്‍ലാല്‍ പറഞ്ഞു.

ഫണ്ട് ചുരുക്കിയതിന്റെ ഭാഗമായി ടിഐഎസ്എസ് 2.5 ശതമാനത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി /പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്ന ഫീസിളവ് നിര്‍ത്തലാക്കി. ബിരുദാനന്തരബിരുദതലത്തിലും എംഫില്‍ തലത്തിലും പഠിക്കുന്ന 400 കുട്ടികളെ ഈ തീരുമാനം ബാധിക്കും. 2013-2014 കാലഘട്ടത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.1 ശതമാനം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു, തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ക്രമാനുഗതമായി കുറഞ്ഞ് 2017-18 ല്‍ 2.7 ശതമാനമായി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന ഫണ്ടിന്റെ അഭാവം രാഷ്ട്രീയപാര്‍ട്ടികള്‍ അവഗണിക്കുകയാണ്.

സമ്പന്ന കുടുംബങ്ങളിലെ കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി സ്വകാര്യസ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുന്നതും ഇതിന് കാരണമായതായി ജെ.എന്‍.യു വിദ്യാര്‍ഥിയായ കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടു. സാമൂഹികശാസ്ത്ര വിദ്യാര്‍ഥികളില്‍ നിന്നും ഭരണത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാറുകളുടെ അവഗണനക്ക് പ്രധാന കാരണമെന്ന് ചരിത്രകാരി റോമിള താപ്പര്‍ പറഞ്ഞു.

Top Stories
Share it
Top