ബലാല്‍സംഗം: സംഘ്പരിവാറിന്റെ രാഷ്ട്രീയം ആയുധം

തോമസ് മാന്നിന്റെ പുത്രി എറീക്കാ മാന്‍ 'സ്‌കൂള്‍ ഫോര്‍ ബാര്‍ബേറിയന്‍സ്'എന്ന അവരുടെ പുസ്തകത്തില്‍, നാസി ജര്‍മനിയില്‍ കുട്ടികളെയും ചെറുപ്പക്കാരെയും...

ബലാല്‍സംഗം: സംഘ്പരിവാറിന്റെ രാഷ്ട്രീയം ആയുധം

തോമസ് മാന്നിന്റെ പുത്രി എറീക്കാ മാന്‍ 'സ്‌കൂള്‍ ഫോര്‍ ബാര്‍ബേറിയന്‍സ്'എന്ന അവരുടെ പുസ്തകത്തില്‍, നാസി ജര്‍മനിയില്‍ കുട്ടികളെയും ചെറുപ്പക്കാരെയും ചിട്ടയായി നാസി പ്രത്യയശാസ്ത്രത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്ന രീതികള്‍ വിവരിക്കുന്നുണ്ട്. അതില്‍ വ്യക്തമാകുന്ന ഒന്ന്, ആര്യവംശാധിപത്യത്തോടും നാസി പാര്‍ട്ടിയോടുമുള്ള കൂറിന്റെ പേരില്‍ എന്തു കൊടുംക്രൂരതയും ചെയ്യാന്‍ അവരെ തയ്യാറാക്കുന്ന തരം മസ്തിഷ്‌ക പ്രക്ഷാളനവും ശിക്ഷണ പദ്ധതികളുമാണ്. ജൂതന്മാര്‍ മൃഗങ്ങളെക്കാള്‍ ഹീനരാണ്, അവരെ കൊന്നൊടുക്കാം, അവരുടെ സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാം, പാര്‍ട്ടിയോടും രാജ്യത്തോടും കൂറു പുലര്‍ത്താത്തവര്‍ ആരുതന്നെയാണെങ്കിലും അത് സ്വന്തം അച്ഛനോ, അമ്മയോ, ബന്ധുക്കളോ, അയല്‍ക്കാരോ ആകട്ടെ അവരെ ഒറ്റുകൊടുക്കുന്നത് രാജ്യസ്‌നേഹമാണ്, എന്നിങ്ങനെയുള്ള ധാരണകള്‍ സത്യങ്ങളായി അവതരിപ്പിച്ചു കൊണ്ടാണ് ആ പദ്ധതികള്‍ മുന്നേറിയത്. കുട്ടികളെ തികഞ്ഞ അക്രമികളും കൊലയാളികളുമായി വാര്‍ത്തെടുക്കുന്ന ഈ പ്രക്രിയകളിലൂടെയിരുന്നു നാസി പാര്‍ട്ടി തങ്ങളുടെയും, തങ്ങള്‍ മുന്നോട്ടുവെച്ച ദേശീയതയുടെയും, ഭാവിത്തുടര്‍ച്ച ഉറപ്പുവരുത്താന്‍ ശ്രമിച്ചത്. ഒപ്പം, ഒരു ജനതയെ മുഴുവന്‍ ഭയത്തിന് അടിമപ്പെടുത്തുന്ന തങ്ങള്‍ എപ്പോഴും നോട്ടപ്പുള്ളികളാണെന്നും, തെറ്റായ ഒരു വാക്കോ നോക്കോ മതി തങ്ങളുടെ വിധി നിര്‍ണ്ണയിക്കപ്പെടാന്‍ എന്നുമുള്ള ഭീതി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്ന പദ്ധതി കൂടിയായിരുന്നു അത്.

ഇതിനു സമാനമായ ഒരു പദ്ധതിയുടെ വിത്തുകള്‍ ബലാല്‍സംഗത്തെ ഒരു രാഷ്ട്രീയായുധമായി കാണുന്ന സവര്‍ക്കറുടെ വീക്ഷണങ്ങളിലുണ്ട്. മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് മുസ്ലിം 'മുന്നേറ്റത്തെ' തടയാനുള്ള ഒരു സ്ട്രാറ്റെജിയായാണ് സവര്‍ക്കര്‍ അവതരിപ്പിക്കുന്നത്. എന്തിന്, കല്യാണിലെ മുസ്ലിം ഗവര്‍ണറെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പുത്രഭാര്യയെ ഒരുപദ്രവവും കൂടാതെ തിരിച്ചയച്ച ശിവജിയേയും, ബാസീനിലെ പോര്‍ച്ചുഗീസ് ഗവര്‍ണറുടെ പത്‌നിയെ ഒരു കേടും കൂടാതെ തിരിച്ചയച്ച പേഷവ ചിമാജി അപ്പയേയും നിശിതമായി വിമര്‍ശിക്കുന്നുമുണ്ട് സവര്‍ക്കര്‍. അവര്‍ ഹിന്ദുധര്‍മ്മത്തോട് വേണ്ടും പോലെ നീതി പുലര്‍ത്തിയില്ല എന്നതാണ് സവര്‍ക്കറുടെ ആരോപണം.

;

കാശ്മീരിലെയും യു പി യിലെയും സംഭവങ്ങളും സംഘപരിവാര്‍ പരസ്യമായിത്തന്നെ അവയോടെടുക്കുന്ന നിലപാടും സവര്‍ക്കറുടെ പദ്ധതി പ്രായോഗികമാക്കുന്നതിന്റെയും, ഒപ്പം കുട്ടികളെ വരെ അതിനായി വിനിയോഗിക്കുന്നതിന്റെയും, തെളിവുകളായി തന്നെ കാണേണ്ടതുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ്, മുസ്ലിം സ്ത്രീകളുടെ ജഡങ്ങളെ ഖബറില്‍ നിന്നു തോണ്ടിയെടുത്തു ബലാല്‍സംഗം ചെയ്യണം എന്ന് ഒരു പരിവാര നേതാവ് പ്രസംഗിക്കുമ്പോള്‍, അത് കേട്ട് വേദിയില്‍ തലകുലുക്കി ചിരിച്ചിരുന്നത് മറ്റാരുമല്ല, യു പി മുഖ്യമന്ത്രിയായിരുന്നു എന്നത് ഒട്ടും ആകസ്മികമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ യുപിയില്‍ അമ്പതിലേറെ 'ഏറ്റുമുട്ടല്‍ മരണങ്ങള്‍' ആണ് ഉണ്ടായത് എന്നതും ആകസ്മികമല്ല.

സൂചനകള്‍ വ്യക്തമാണ്. മുസ്ലീങ്ങളെയും, ദളിതരെയും, വിമര്‍ശകരേയും, അഭിപ്രായ വ്യത്യാസമുള്ളവരേയുമെല്ലാം തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന കുടില ദേശീയതയുടെ നാളുകളാണ് വരുന്നത്. ഇനിയങ്ങോട് ഈ രാഷ്ട്രത്തെ നിര്‍ണ്ണയിക്കാന്‍ പോകുന്ന രാഷ്ട്രീയ വികാരം ഭയമാണ് ഏതു നിമിഷവും, എവിടെ നിന്നു വേണമെങ്കിലും, ഇന്നലെ വരെ നമുക്ക് പരിചയമുള്ളവരില്‍ നിന്നു പോലും നമ്മെ ഇല്ലാതാക്കാന്‍ കഴിയുന്ന അക്രമം ഉണ്ടാകാം എന്ന നിദാന്ത ഭീതി. അതിനിടയിലും, ഇവിടെ ഫാസിസം വന്നു കഴിഞ്ഞോ ഇല്ലയോ എന്ന് ചോദിച്ചു കൊണ്ടിരിക്കാന്‍ വിഡ്ഢികള്‍ക്കേ കഴിയൂ, അല്ലെങ്കില്‍ അതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ മോഹിക്കുന്നവര്‍ക്ക്. അവരുടെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് അവര്‍ മനസ്സിലാക്കുമ്പോഴേക്കും കാര്യങ്ങള്‍ വളരെ വൈകിയിരിക്കും.

(മുണ്ടോളില്‍ നാരായണനന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നെടുത്തത്)

Story by
Read More >>