ഫോറന്‍സിക് ലാബുകളില്ല; രാജ്യത്ത് കെട്ടികിടക്കുന്നത് 12,000 ലൈംഗികാതിക്രമ കേസുകള്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും തെളിവുകളുടെ പരിശോധന നടത്താന്‍ സൗകര്യമില്ലാത്തതിനാല്‍ ആയിരക്കണക്കിന് ഡി.എന്‍.എ...

ഫോറന്‍സിക് ലാബുകളില്ല; രാജ്യത്ത് കെട്ടികിടക്കുന്നത് 12,000 ലൈംഗികാതിക്രമ കേസുകള്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും തെളിവുകളുടെ പരിശോധന നടത്താന്‍ സൗകര്യമില്ലാത്തതിനാല്‍ ആയിരക്കണക്കിന് ഡി.എന്‍.എ സാമ്പിളുകള്‍ കെട്ടികിടക്കുകയാണെന്ന് ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് സര്‍വ്വീസിന്റെ കണക്കുകള്‍. അത്യാധുനിക സൗകര്യമുള്ള ഹൈടെക് ലാബുകളുടേയും ജീവനക്കാരുടേയും കുറവുമൂലം ലൈംഗിക അതിക്രമ കേസുകളിലെ 12,072 ഡി.എന്‍.എ സാമ്പിളുകളാണ് രാജ്യത്തെ മൂന്ന് കേന്ദ്ര ഫോറന്‍സിക് സയന്‍സ് ഡയറക്ടറികളില്‍(സി.എഫ്.എസ.എല്‍) കെട്ടിക്കിടക്കുന്നത്. 2017 ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരമാണിത്. രാജ്യത്ത് ആറു സി.എഫ.എസ്.എല്ലുകളാണുള്ളത്.

ഇതില്‍ ചണ്ഡീഗഡ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവടങ്ങളിലെ ലാബില്‍ മാത്രമാണ് ഡി.എന്‍.എ പരിശോധന സംവിധാനമുള്ളത്. 30 ഫോറന്‍സിക് ഡി.എന്‍.എ വിദഗ്ദരുള്ള ഈ ലാബുകള്‍ക്ക് ഒരു വര്‍ഷം 600 സാമ്പിളുകളെ പരിശോധിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുകള്‍ ബന്ധിപ്പിക്കുന്നതിനും കുറ്റവാളിയേയും ഇരയേയും ബന്ധിപ്പിക്കുന്നതിനും ഡി.എന്‍.എ തെളിവുകള്‍ ജുഡിഷ്യറിയ്ക്കും അന്വേഷണ എജന്‍സികള്‍ക്കും നിര്‍ണായകമാണ്. ഒരാളെ നിരപരാധിയാണെന്ന് തെളിയിക്കാനും ഡി.എന്‍.എ സഹായിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണ ഏജന്‍സികളും കോടതികളും ഫോറന്‍സിക് തെളിവുകളുടെ പരിശോധന ആവശ്യപെടുന്നത് വര്‍ധിച്ചിട്ടുണ്ട്. ഫോറന്‍സിക് തെളിവുകളുടെ പരിശോധന വൈകുന്നത് കേസ് അനിയന്ത്രിതമായി നീണ്ട് പോകാന്‍ കാരണമാകുന്നു.

ഇതു നീതി ലഭിക്കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നത് വടക്കന്‍ സംസ്ഥാനങ്ങളിലാണ്. ഫോറന്‍സിക് ലാബുകളുടെ കുറവ് കാരണം 6869 കേസുകള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുമ്പോള്‍ 3339 കേസുകളാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. വര്‍ഷത്തില്‍ 2000 സാമ്പിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുള്ള മികച്ച ലാബ് ചണ്ഡീഗഡില്‍ നിര്‍മ്മിക്കാന്‍ ഈ മാസം തുടക്കത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നിര്‍ഭയഫണ്ട് ഉപയോഗിച്ചാണ് 93 കോടി രൂപയുടെ ലാബ് നിര്‍മ്മിക്കുകയെന്ന് സ്ത്രീ-ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ആറ് സി.എഫ.എസ്.എല്‍ കൂടാതെ 31 സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബുകളുണ്ട്. ഇതില്‍ 16 ലാബുകളില്‍ മാത്രമെ ഡി.എന്‍.എ പരിശോധിക്കാന്‍ സംവിധാനമൊള്ളു. ഡല്‍ഹി ലാബിന് മാത്രമാണ് അവശ്യത്തിനനുസരിച്ചുള്ള ശേഷിയുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Story by
Read More >>