സ്വാതന്ത്ര്യം തടവിലായ ആ 21 മാസങ്ങള്‍

Published On: 25 Jun 2018 12:30 PM GMT
സ്വാതന്ത്ര്യം തടവിലായ ആ 21 മാസങ്ങള്‍

'മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത് '

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ , പ്രൊഫ. ടി വി ഈച്ചരവാര്യര്‍

43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണ്‍ 25. അന്നായിരുന്നു രാജ്യം കടന്നുപോയ അതിനിര്‍ണ്ണായകവും ആപല്‍ക്കരവുമായ അടിയന്തരാവസ്ഥ എന്ന കരാളമായ 21 മാസങ്ങളുടെ തുടക്കം. അടിയന്തരാവസ്ഥാ കാലഘട്ടം മുതല്‍ വര്‍ഷങ്ങളോളം ഒരു അച്ഛന്‍ തന്റെ മകനെ അന്വേഷിച്ച് കേരളത്തിലങ്ങോളമിങ്ങോളം അലഞ്ഞുനടന്നിരുന്നു. അയാള്‍ മുട്ടാത്ത അരമനകളില്ല, തിരഞ്ഞുപോകാത്ത ഇടവഴികളില്ല. പക്ഷെ മകനെ കണ്ടുകിട്ടിയില്ല. അവനെയോര്‍ത്ത് ആ അച്ഛന്‍ വിലപിച്ചു. അവന്‍ വരുന്നതും കാത്ത് എന്നും ഒരു പൊതിച്ചോറുമായി അവന്റെ അമ്മ വഴിക്കണ്ണ് നീട്ടിയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി അവന്റെ പെങ്ങള്‍ അവനെയോര്‍ത്ത് തേങ്ങി. പക്ഷെ അവന്‍ വന്നതേയില്ല.

അടിയന്തരാവസ്ഥയെ കേരളം ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കുന്നത് കോഴിക്കോട് റീജിയണല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ പേരിലായിരിക്കും. അടിയന്തരാവസ്ഥ കാലത്ത് പൊലിസ് പിടിച്ചുകൊണ്ടുപോയ രാജനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. എന്താണ് രാജന്‍ ചെയ്ത തെറ്റെന്നും അറിയില്ല. ആ അനുഭവങ്ങളെക്കുറിച്ച് ഈച്ചരവാര്യര്‍` ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ വിശദമായി എഴുതുന്നുണ്ട്.

ഭരണഘടനയുടെ 352 – ആം വകുപ്പ് ഉപയോഗിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആവശ്യപ്രകാരം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 'ആഭ്യന്തര അസ്വസ്ഥത' എന്നതായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കാരണമായി ഇന്ദിരാ ഗാന്ധി പറഞ്ഞത്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിയുടെ എല്ലാ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും അടിയന്തരാവസ്ഥ വന്നതോടുകൂടി ഇല്ലാതായി. ഭരണകൂടത്തിന് ആരെയും എപ്പോഴും പിടിച്ചുകൊണ്ടുപോകാമെന്ന അവസ്ഥ. സര്‍ക്കാറിനെതിരെ ഒരു ചോദ്യവും ഉന്നയിക്കാന്‍ അനുവാദമില്ല. ജുഡീഷ്യറിക്കുമുണ്ടായിരുന്നില്ല പ്രവര്‍ത്തന സ്വാതന്ത്ര്യം. പത്രമാധ്യമങ്ങളുടെ ഉള്ളടക്കം പൂര്‍ണ്ണമായും സെന്‍സറിങിന് വിധേയമായി. ആയിരക്കണക്കിനാളുകള്‍ രാജ്യത്തങ്ങോളമിങ്ങോളം തടവിലായി.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ജയ്പ്രകാശ് നാരായണ്‍ അലഹബാദ് ഹൈകോടതിയില്‍ ഇന്ദിരാ ഗാന്ധിക്കെതിരെ ഹര്‍ജി സമര്‍പ്പിക്കുന്നതോടെയാണ് അടിയന്തരാവസ്ഥക്കുള്ള കളമൊരുങ്ങുന്നത്. ഇന്ദിരാ ഗാന്ധിയെ അയോഗ്യയാക്കിയും ആറുകൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയുമാണ് കേസില്‍ അലഹബാദ് ഹൈകോടതി വിധി വന്നത്. അപ്പീലുമായി ഇന്ദിരാ ഗാന്ധി സുപ്രീകോടതിലെത്തിയെങ്കിലും രക്ഷയുണ്ടായില്ല. തുടര്‍ന്ന് എങ്ങനയെങ്കിലും അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

1977 ജനുവരിയില്‍ ഇന്ദിരാ ഗാന്ധി ഇലക്ഷന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇന്ദിരാ ഗാന്ധി പരാജയപ്പെടുകയാണുണ്ടായത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനും തിരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വന്നു. രാജ്യം മെല്ലെ കിരാതമായ ആ നാളുകളില്‍ നിന്നും തിരിഞ്ഞുനടക്കാന്‍ തുടങ്ങി.

43 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം ഇന്ന് കടന്നുപോകുന്നത് അത്ര ശുഭകരമായ ദിനങ്ങളിലൂടെയല്ല. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. എല്ലാവിധ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഫാഷിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങളില്‍ നിന്നും മോചനം നേടാനുള്ള ഉള്‍ക്കരുത്ത് ഇന്ത്യക്കുണ്ട് എന്ന് അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു. ഇനിയും ഒരു രാജന്‍ ഒരു അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും നോവായി മാറില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

ഫോട്ടോ: പുതിയ കാലത്തെ സമര ദിനങ്ങള്‍ , ജെ എന്‍ യു

Top Stories
Share it
Top