ഇത് ധീരമായ ചുവട്‌വെപ്പ്‌; രാജ്യം നമിച്ചിരിക്കുന്നു ഈ സ്ത്രീരത്‌നങ്ങളെ

'ഒരു പക്ഷേ ഞാന്‍ കൊല്ലപ്പെട്ടേക്കാം, ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, എങ്കിലും മരണഭയമില്ല. ആ കുഞ്ഞിന് നീതി കിട്ടും വരെ പോരാടും. ശബ്ദിച്ചു...

ഇത് ധീരമായ ചുവട്‌വെപ്പ്‌; രാജ്യം നമിച്ചിരിക്കുന്നു ഈ സ്ത്രീരത്‌നങ്ങളെ

'ഒരു പക്ഷേ ഞാന്‍ കൊല്ലപ്പെട്ടേക്കാം, ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, എങ്കിലും മരണഭയമില്ല. ആ കുഞ്ഞിന് നീതി കിട്ടും വരെ പോരാടും. ശബ്ദിച്ചു കൊണ്ടേയിരിക്കും. കേസ് ഏറ്റെടുത്ത അന്ന് തുടങ്ങിയതാണ് ഭീഷണിയും അധിക്ഷേപവും സ്വാധീനിക്കാനുള്ള ശ്രമവും. അതിനൊന്നും തന്നെ എന്നെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ല. അവസാന ശ്വാസം വരെ പോരാട്ടം തുടരുക തന്നെ ചെയ്യും' - ഈയിടെ രാജ്യം കേട്ട ഏറ്റവും ഉറച്ച ഒരു സ്ത്രീ ശബ്ദമാണിത്.

കറുപ്പും വെളുപ്പും കലര്‍ന്ന വക്കീല്‍ കോട്ടില്‍ കനല്‍ പാറുന്ന മിഴികളോടെ നടന്നു വരുന്ന ദീപിക സിംഗിന്റെ വാക്കുകളാണിത്. പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ആളുകളെ മുഴുവന്‍ നശിപ്പിച്ച് കളയാന്‍ പോന്നൊരു ശക്തി ആ കണ്ണിലെ കനലുകള്‍ക്കുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്ന ചിത്രമാണിത്.

രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍കളിലേയ്ക്കും പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസത്തിന്റെ ആ കനല്‍ അങ്ങിനെ കെടാതെ കാണാം ആ കണ്ണുകളില്‍. കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നു തള്ളുന്നതിനെപ്പേലും ന്യായീകരിക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിനു മുന്നില്‍ ഈ ഒരു ഭാവത്തിലല്ലാതെ എങ്ങിനെയാണ് ഒരു സ്ത്രീയ്ക്ക് നിലനില്‍ക്കാനാവുക. അത് കൊണ്ടാണ് ആ വാക്കുകളില്‍ നിന്ന് ഉതിരുന്ന ഓരോ വാക്കുകളിലും നിശ്ചയദാര്‍ഢ്യം ഉറച്ചുനില്‍ക്കുന്നത്.

യാതൊരു ഭീഷണികള്‍ക്കും വഴങ്ങാതെ ധീരമായി മുന്നേറി കൊണ്ടിരിക്കുന്ന ആ നിയമജ്ഞയുടെ വാക്കുകള്‍ രാജ്യം മുഴുവന്‍ അലയടിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അവരുടെ പിന്നിലണി നിരന്നുകൊണ്ട് പതിനായിരക്കണക്കിനാളുകളാണ് പെണ്‍കുട്ടിയുടെ നീതിക്കായ് ശബ്ദമുയര്‍ത്തുന്നത്.

ആരുമറിയാതെ തേഞ്ഞുമാഞ്ഞു പോവുമായിരുന്ന കേസായിരുന്നു കഠ്‌വകേസ്. എന്നാല്‍ പെണ്‍കുട്ടിയുടെ നീതിയിക്ക് വേണ്ടി സ്വമേധയാ കേസ് ഏറ്റെടുത്ത് പോരാടുകയായിരുന്നു ദീപിക. ന്യായവും അന്യായവും വഴിതിരിച്ചു വിടുന്ന നിയമക്കോട്ടുകള്‍ക്ക് മുന്നില്‍ ചങ്കുറപ്പോടെ ധീരതയോടെ നിന്ന് പോരാടുകയാണ് ഈ പെണ്‍ പുലി. ചില്ലറ ആത്മവിശ്വാസമല്ല ഇവര്‍ നമ്മുക്ക് പകര്‍ന്നു തരുന്നത്.

ലിംഗഭേദമില്ലാതെ ഈ പ്രശ്നം രാജ്യം മുഴുവന്‍ ഒരേ പോലെ ഉള്‍ക്കൊള്ളുന്നുവെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ അല്ലെങ്കില്‍ കുറച്ചുകൂടി ഫലപ്രദമായി വിഷയം കേടതിയില്‍ അവതരിപ്പിക്കാന്‍ ഒരു വനിതാ വക്കീലിന് എന്ത് കൊണ്ടും സാധിക്കും.

ജനുവരി 17നാണ് കഠവയിലെ പെണ്‍കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുക്കുന്നത്. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പത്രത്തിലൂടെ വായിച്ചറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛനെ നേരിട്ട് കണ്ടു വക്കാലത്ത് ഒപ്പിട്ടുവാങ്ങുകയായിരന്നു ദീപിക. ശേഷം ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ കേസ് ഫയലാക്കി കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണത്തിന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് പല ഭീഷണികളും നേരിടേണ്ടി വന്ന ദീപിക കോടതിയോട് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. ദീപികയോട് ഒപ്പം തന്നെ നിര്‍ത്താവുന്ന മറ്റൊരു കഥാപാത്രമാണ് ഈ കേസ് അന്വേഷണ സംഘത്തിലെ വനിത പോലീസ് ഡി.വൈ.എസ്.പി ശ്വേതാംബരി ശര്‍മ്മയെയും. ഒരു സ്ത്രീയ്ക്ക ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന ആളുകളുടെ പരിഹാസ ചോദ്യങ്ങള്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു ശ്വേതാംബരിയുടെ കേസന്വേഷണരീതി. അത് കേസിന്റെ പ്രതിഭാഗം വക്കീല്‍ അങ്കുര്‍ ശര്‍മ്മവരെ സമ്മതിച്ച കാര്യമാണ്. അവരെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേസന്വേഷണത്തിന്റെ പുരോഗതി.

രാജ്യത്തിന്റെ മുഴുവന്‍ കണ്ണുകളും ഈ രണ്ട് പെണ്ണുങ്ങള്‍ക്ക് നേരെയാണ്. കൊച്ചു കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വേര്‍ത്തിരിവില്ലാതെ ഓരോ നിമിഷവും സ്ത്രീകള്‍ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരെ പോലുള്ളവര്‍ ഓരേ സ്ത്രീകള്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

ഒരു സ്ത്രീ എന്ന നിലയില്‍ ഈ രണ്ട് പെണ്ണുങ്ങളെയും കുറിച്ചോര്‍ത്ത ഈ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ പെണ്ണും അഭിമാനിക്കണം. ഒപ്പം ആ പിഞ്ചുകുഞ്ഞിന് നീതി നേടി കൊടുക്കാനുള്ള അവരുടെ പോരാട്ടത്തില്‍ അവരോടൊപ്പം നില്‍ക്കുകയും വേണം.

Story by
Read More >>