ഞങ്ങളുടെ വീടുകൾ ഒലിച്ച് പോകുന്നു,ആരുമത് ഗൗനിക്കുന്നില്ല

ഖോരമാര ദീപിലെ മനുഷ്യർ പലായനം തുടരുകയാണു. വെള്ളം കയറാത്തതും ചോരാത്തതുമായ വീടുകൾ തേടി. അവരുടെ വീടുകൾ മഴയും പുഴയും പകുത്തെടുക്കുകയാണു. അവരെ ആരും...

ഞങ്ങളുടെ വീടുകൾ ഒലിച്ച് പോകുന്നു,ആരുമത് ഗൗനിക്കുന്നില്ല

ഖോരമാര ദീപിലെ മനുഷ്യർ പലായനം തുടരുകയാണു. വെള്ളം കയറാത്തതും ചോരാത്തതുമായ വീടുകൾ തേടി. അവരുടെ വീടുകൾ മഴയും പുഴയും പകുത്തെടുക്കുകയാണു. അവരെ ആരും ശ്രദ്ധിക്കുന്നതേയില്ല.

‘ ആ കാഴ്ച്ച എനിക്ക് മറക്കാനാവില്ല. കാറ്റും കനത്ത മഴയും കൈകോർത്ത് വന്ന് എന്റെ വീടിനെ തകർത്തു കളഞ്ഞു. പുഴ അതിന്റെ അവശിഷ്ടങ്ങൾ അകലേക്ക് അകലേക്ക് കൊണ്ട് പോയി ‘ – പൂർണ്ണിമ ബുയാൻ എന്ന വ്യദ്ധയുടെ വാക്കുകളാണിത്. ഖോരമാര ദ്വീപിലെ ഖാസിമാര ഗ്രാമത്തിലെ അംഗമായിരുന്നു അവർ. 1993ൽ മറ്റ് പതിമ്മൂന്ന് കുടുംബങ്ങൾക്കൊപ്പം ഖോരമാരയിൽ നിന്ന് സാഗർ ഗ്രാമത്തിലേക്ക് പലായനം ചെയ്ത ഒരാൾ. ഖോരമാരയിൽ നിന്ന് 45 മിനിറ്റ് വഞ്ചിയാത്ര നടത്തിയാൽ എത്തവുന്ന ഇടമാണു ഗംഗാസാഗർ. പശ്ചിമബംഗാൾ സർക്കാർ അനുവദിച്ച ചെറിയ തുണ്ട് ഭൂമിയിലിരുന്നാണു അവർ തന്റെ പഴയ വീടിനെയോർക്കുന്നത്.

ഖോരമാരയിൽ നിന്നും മനുഷ്യർ മാത്രമല്ല അപ്രത്യക്ഷമാകുന്നത്. ആ ചെറുദ്വീപ് തന്നെയും പതുക്കെ പതുക്കെ ഇല്ലാതാവുകായാണു. 1975ൽ 9 ചതുരശ്ര കിലോമീറ്ററോളം വിസ്ത്യതിയിലായിരുന്നു ഈ ദ്വീപ്. ഇപ്പോഴത് 4 ചതുരശ്രകിലോമീറ്ററിലും താഴെയാണു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നു. 1969 ൽ നാൽപ്പതിനായിരത്തോളം മനുഷ്യർ ജീവിച്ചിരുന്ന ദ്വീപിൽ ഇപ്പോഴുള്ളത് മൂവായിരത്തോളം പേർ മാത്രമാണു. അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വേലിയേറ്റം...ഖോരമാര പതുക്കെ പതുക്കെ മുങ്ങി മരിക്കുകയാണു.

എല്ലാ മനുഷ്യരേയും പോലെ ജനിച്ച് വളർന്ന ഗ്രാമത്തെപ്പറ്റിയും വീടിനെപ്പറ്റിയും പറയാൻ ഖോരമാരക്കാർക്കും നൂറു നാവാണു. വ്യദ്ധയെങ്കിലും പൂർണ്ണിമ ബയാന്റെ ചെറുപ്പമുള്ള വീടോർമ്മകൾ

‘അയൽപക്കത്തെ കുളത്തിൽ പാത്രങ്ങൾ കഴുകുകയായിരുന്നു ഞാൻ. അവിടെ നിന്നാൽ എനിക്കെന്റെ വീട് കാണാം. അതിൽ ടൈഫോയിഡ് ബാധിച്ച ഭർത്താവും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. മഴ കനത്തു. ഭർത്താവിനേയും കുഞ്ഞുങ്ങളേയും കൂട്ടി തങ്ങളുടെ കൂടെ വന്നു നിൽക്കാൻ അയൽക്കാർ നിർദ്ദേശിച്ചു. എല്ലാം പെട്ടെന്നായിരുന്നു. കാറ്റും മഴയും കൂടി വന്ന് എന്റെ വീടിനെ കൊണ്ടു പോയി. തൊട്ടടുത്ത് നിന്ന് ഞങ്ങളത് നോക്കി നിന്നു. ഒരിക്കലല്ല. പത്ത് പന്ത്രണ്ട് തവണ അങ്ങനെ എന്റെ വീട് പലപ്പോഴായി ഒലിച്ച് പോയിട്ടുണ്ട്. പൂർണ്ണിമയെന്ന വ്യദ്ധയുടെ ഓർമ്മകൾ നിറഞ്ഞ് കവിയുന്നു

സർക്കാർ സഹായിച്ചില്ല. 1993 ൽ അടുത്തുള്ള സാഗർ ദ്വീപിൽ ഖോരമാരയിൽ നിന്നുള്ള അനേകർക്കായി കിട്ടിയത് കഷ്ടിച്ച് ഒരേക്കർ ഭൂമിയാണു. ഇനിയൊരു ജീവിതമുണ്ടെങ്കിൽ അത് ഖോരമാരയിലായിരിക്കാൻ പൂർണ്ണിമ ബുയാനു ആഗ്രഹമുണ്ട്. കാരണം മറ്റൊന്നല്ല. സ്നേഹമുള്ളവരായിരുന്നു ആ ദ്വീപുകാർ. ഓരോ തവണയും വീട് തകർക്കപ്പെടുമ്പോൾ കുത്തിക്കൂട്ടുന്നത് നാട്ടുകാർ ചേർന്നായിരുന്നു. ആ ഒത്തൊരുമ സർക്കാർ അനുവദിച്ച ഈ അഭയാർത്ഥി ദ്വീപിൽ ഇല്ല. പൂർണ്ണിമ ബുയാന്റെ വാക്കുകൾക്കൊപ്പം ഒരു നെടുങ്കൻ നെടുവീർപ്പ്.

പൂർണ്ണിമയെപ്പോലെ ഖോരമാരയെന്ന് ജന്മദ്വീപിന്റെ ഓർമ്മകൾ പേരി നിരവധി മനുഷ്യർ സാഗർ ദ്വീപിലും മറ്റ് ദ്വീപുകളിലും കഴിയുന്നുണ്ട്. അവരുടെ ഉള്ളുകളിൽ തകർന്നു പോയ അവരുടെ കൊച്ച് കൊച്ച് വീടുകളുണ്ട്.

പ്രക്യതി ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായ ഇവർക്ക് , സർക്കാർ സംരക്ഷണം ലഭിക്കുന്നില്ലെന്നത് സങ്കടകരമായ കാര്യമാണു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അഭയാർത്ഥികാളിവർ. എന്നാൽ ഇവരുടെ പലായാനങ്ങൾ അടുത്തുള്ള ദ്വീപുകളിലേക്ക് തന്നെ ആയതിനാൽ അത് പുറം ലോകം അറിയുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ അഭയാർത്ഥികൾ എന്ന അന്തർദേശീയ തലക്കെട്ടിനുള്ളിൽ വരുന്നില്ല. കൊൽക്കൊത്ത ജാദവ്പൂർ സർവ്വകലാശാലയിലെ പ്രൊഫ.സുഗതാ ഹസ്റയുടെ വാക്കുകൾ . നിസ്സഹായരായ ഈ മനുഷ്യരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അഭയാർത്ഥികളായി പരിഗണിച്ച് സംരക്ഷിക്കണമെന്നാണു പ്രൊഫസർ പറയുന്നത്. പലായനത്തിനിടയിൽ സംഭവിക്കുന്ന സംഘർഷങ്ങളും വലുതാണു. ഖോരമാരയിൽ നിന്ന് മറ്റ് ദ്വീപുകളിലേക്ക് കുടിയേറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രാദേശിക തർക്കങ്ങളാണു അതിലൊന്നു. വീട് നഷ്ടപ്പെട്ട് മറ്റൊരിടം തേടുമ്പോൾ അവിടം നേരത്തേ കയ്യടക്കിയ ആളുകളുടെ ആക്രമണങ്ങൾക്കും ഖോരമാരക്കാർ ഇരയാവുന്നു

കാര്യം ഖോരമാരയെക്കുറിച്ച് പറയാൻ ഇഷ്ടമാണു. ജീവിക്കാനും ഇഷ്ടമാണു. 45 മിനിറ്റ് വഞ്ചിയിൽ പോയാൽ അവിടെ എത്തുകയും ചെയ്യാം. പക്ഷേ, ഞങ്ങൾ പോകാറില്ല. വഞ്ചിയടുപ്പിക്കാൻ അവിടെ ഒരു നല്ല കടത്ത് പോലുമില്ല. മഴ അത് പലപ്പോഴായി കൊണ്ട് പോയി. ഖോരമാരയിൽ നിന്ന് ഓടിപ്പോന്ന മറ്റൊരാളുടെ വാക്കുകൾ.

ഞങ്ങൾക്കിവിടെ ആശുപത്രിയില്ല. പച്ചക്കറി കിട്ടുന്ന കടകളില്ല. എല്ലാത്തിനും കടത്ത് കടന്ന് പോകണം. മറ്റൊരു തുണ്ട് ഭൂമി കിട്ടിയാൽ ഞാൻ ഭാര്യയേയും രണ്ട് മക്കളേയും കൊണ്ട് അങ്ങോട്ട് പോകും. ഖോരമാരയിൽ വെറ്റിലക്കൊടി ക്യഷി നടത്തി ജീവിക്കുന്ന ദിൽജാന്റെ വാക്കുകൾ

ഒരിക്കൽ എന്റെ മകനെ പുഴ കൊണ്ട് പോകാൻ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണു അവനെ തിരികെ കിട്ടിയത്. പല തവണ മഴയും പുഴയും എന്റെ വീട് കൊണ്ട് പോയി. ഒരു കണക്കിനു ഞാനതിനെ വീണ്ടുമവിടെ തറപ്പിച്ച് നിർത്തിയിരിക്കുകയാണു.

ദിൽജാൻ ഒരു കാര്യം കൂടി പറഞ്ഞു.

ദാ, ഇതു പോലെ ചില പത്രക്കർ ഇടക്കിടെ ഇവിടെ വരും. പടമെടുത്ത് കൊണ്ട് പോകും. പിന്നീടവരെ കാണാറില്ല.

അവരെ മാത്രമല്ല. ആരേയും

ഉർവ്വശി സർക്കാർ

പരിഭാഷ : കുഴൂർ വിത്സൺ

Story by
Read More >>