രാജസ്ഥാന് മുന്നില്‍ ചെന്നൈ മതില്‍

അഞ്ച് മത്സരത്തിൽ നിന്ന് ഒരു ജയവും നാല് തോൽവിയും വഴങ്ങി രണ്ടുപോയിന്റോടെ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന്റെ എതിരാളി ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്‌സാണ്. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു തോൽവിയുമടക്കം 10 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്.

രാജസ്ഥാന് മുന്നില്‍ ചെന്നൈ മതില്‍

ജയ്പൂർ:ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനിന്ന് ജീവൻമരണ പോരാട്ടം. അഞ്ച് മത്സരത്തിൽ നിന്ന് ഒരു ജയവും നാല് തോൽവിയും വഴങ്ങി രണ്ടുപോയിന്റോടെ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന്റെ എതിരാളി ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്‌സാണ്. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു തോൽവിയുമടക്കം 10 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. സ്വന്തം തട്ടകത്തിലാണ് മത്സരമെങ്കിലും നിലവിലെ ഫോമിൽ ചെന്നൈ വീഴ്ത്തുക രാജസ്ഥാന് എളുപ്പമാവില്ല. സ്ഥിരതയില്ലാത്ത ബാറ്റിങ്ങാണ് രാജസ്ഥാനെ പിന്നോട്ടടിക്കുന്നത്. ബൗളിങ് നിരയുടെ പ്രകടനത്തിലും പ്രതീക്ഷയില്ല. ഇനിയും തോറ്റാൽ പ്ലേ ഓഫ് സാദ്ധ്യതകൾ മങ്ങുമെന്നതിനാൽ എന്തുവിലകൊടുത്തും ജയിക്കേണ്ടത് രാജസ്ഥാന് അത്യാവശ്യമാണ്.

നിലവാരമില്ലാത്ത ബാറ്റിങ്

ബാറ്റിങ് നിര നന്നാകാതെ രാജസ്ഥാന് വിജയം നേടുക അസാധ്യം. എടുത്തുപറയാൻ സാധിക്കുന്ന പേരുകൾ ടീമിനൊപ്പമുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാൻ ആർക്കും സാധിക്കുന്നില്ല. രഹാനെ-ബട്‌ലർ ഓപ്പണിങ് കൂട്ടുകെട്ട് മികവുകാട്ടുന്നില്ല. രാഹുൽ ത്രിപതി,സ്റ്റീവ് സ്മിത്ത്,ബെൻ സ്‌റ്റോക്‌സ്,കൃഷ്ണപ്പ ഗൗതം തുടങ്ങിയവരുടെ പ്രകടനവും തീർത്തും നിരാശപ്പെടുത്തുന്നു. രാജസ്ഥാൻ നിരയിൽ മാറ്റങ്ങളുണ്ടാവുമെന്ന് നേരത്തെ തന്നെ ടീം വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. റൺനിരക്ക് ഉയർത്താൻ കെൽപ്പുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാൻ ബെൻ സ്റ്റോക്‌സിന് കോടികൾ പ്രതിഫലം നൽകിയത് പാഴായിപ്പോയെന്നാണ് അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാക്കുന്നത്. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച ജയദേവ് ഉനദ്ഘട്ട് റൺസ് വാരിക്കോരിക്കൊടുത്തതോടെ ടീമിന് പുറത്തുപോയി. ടോപ് ഓഡറിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും. മദ്ധ്യനിരയിൽ സ്റ്റുവർട്ട് ബിന്നി സ്ഥാനം നിലനിർത്താനാണ് സാദ്ധ്യത. മനാൻ വോറ,ആഷ്ടൺ അഗർ എന്നിവരെ ബാറ്റിങ് നിരയിൽ പരീക്ഷിക്കാൻ സാദ്ധ്യതയുണ്ട്. ബൗളിങ്ങിൽ ജോഫ്ര ആർച്ചറും ശ്രേയസ് ഗോപാലും ഒഴിച്ചാൽ മറ്റാർക്കും മികവുകാട്ടനാവുന്നില്ല. വിൻഡീസ് പേസർ ഓഷ്വാന തോമസ് ഇന്ന് കളിക്കുമെന്നാണ് സൂചന.

പ്ലേ ഓഫിലേക്ക് കുതിക്കാൻ

ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമെന്ന ബഹുമതി സ്വന്തമാക്കാനുറച്ചാണ് ചെന്നൈയുടെ കുതിപ്പ്. വയസ്സൻ പടയെന്ന വിശേഷണത്തെ അലങ്കാരമായിത്തന്നെ കാണുന്ന ധോണിയും സംഘവും എതിരാളികളുടെ പേടി സ്വപ്‌നമാവുകയാണ്. മുംബൈ ഇന്ത്യൻസിനോട് മാത്രമാണ് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റത്. അനുഭസമ്പന്നരായ കളിക്കാരുടെ മികവിലാണ് ചെന്നൈയുടെ കുതിപ്പ്. ഹർഭജൻ സിങ്,ഇമ്രാൻ താഹിർ എന്നീ സീനിയർ സ്പിന്നർമാരുടെ പ്രകടനം ചെന്നൈയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു. ആറ് മത്സരത്തിൽ നിന്ന്് ഒമ്പത് വിക്കറ്റുമായി താഹിർ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുണ്ട്. ഹർഭജൻ എഴ് വിക്കറ്റും അക്കൗണ്ടിലാക്കിക്കഴിഞ്ഞു. ന്യൂബോളിൽ ദീപക് ചാഹറും ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുക്കുന്നത്.ആറ് മത്സരത്തിൽ നിന്ന് എട്ട് വിക്കറ്റാണ് ചാഹർ വീഴ്ത്തിയത്.

ബാറ്റിങ് നിരയിലേക്ക് ഫഫ് ഡുപ്ലെസിസിന്റെ കടന്നുവരവ് ചെന്നൈയെ ശക്തിപ്പെടുത്തി. അവസാന രണ്ട് മത്സരത്തിലും ചെന്നൈയുടെ വിജയത്തൽ ഡുപ്ലെസിസ് നിർണ്ണായക പങ്കുവഹിച്ചു. ഓപ്പണിങ്ങിൽ ഷെയ്ൻ വാട്‌സണ് പഴയ പ്രതാപം കാട്ടാനാവുന്നില്ല. മൂന്നാം നമ്പറിൽ സുരേഷ് റെയ്‌നയ്ക്ക് ഫോം കണ്ടെത്താൻ സാധിക്കുന്നില്ല. കേദാർ ജാദനും എം.എസ് ധോണിയും മദ്ധ്യനിരയെ ശക്തിപ്പെടുത്തുമ്പോൾ രവീന്ദ്ര ജഡേജ ബാറ്റിങ്ങിൽ തിളങ്ങുന്നില്ല.

കണക്കിൽ ചെന്നൈ

ഇതുവരെ 20 തവണ മുഖാമുഖം എത്തിയപ്പോൾ 13 തവണയും ജയം ചെന്നൈയ്ക്കായിരുന്നു. ഏഴ് തവണ രാജസ്ഥാനും ജയിച്ചു.