ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പു കമ്മീഷനും മോദിയുടെ ഐക്യമുന്നണിയില്‍, രൂക്ഷ വിമര്‍ശനവുമായി കനിമൊഴി

'വിശ്വസനീയ കേന്ദ്രങ്ങളില്‍' നിന്നുള്ള വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കനിമൊഴിയുടെ വീട് റെയ്ഡ് ചെയ്തിരുന്നു.

ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പു കമ്മീഷനും മോദിയുടെ ഐക്യമുന്നണിയില്‍, രൂക്ഷ വിമര്‍ശനവുമായി കനിമൊഴി

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ മോദി ആദായ നികുതി വകുപ്പിനെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ വീട് റെയ്ഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു കനിമൊഴി. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കനിമൊഴിയുടെ വീട് റെയ്ഡ് ചെയ്തിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് ആദായ നികുതി വകുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. കനിമൊഴിയുടെ വീടിന്റെ മുകള്‍ നില പണം സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നതെന്ന് തൂത്തുക്കുടി ജില്ലാ അധികാരികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ബിജെപി സ്റ്റേറ്റ് നേതാവ് തമിശൈ സൗന്ദരരാജന്റെ വീട്ടില്‍ എന്തുകൊണ്ടാണ് റെയ്ഡ് നടത്താത്തതെന്നും അവിടെ പണം കുന്നുകൂട്ടി സൂക്ഷിച്ചിരിക്കുകയാണെന്നും ഡിഎംകെ നേതാവ് സ്റ്റാലിന്‍ പ്രതികരിച്ചു. ഇതു തുടര്‍ന്നാല്‍ തങ്ങള്‍ സുപ്രിം കോടതിയില്‍ പോകാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണക്കിലില്ലാത്ത പണം കണ്ടെത്തിയെന്നതിന്റെ പേരില്‍ വെല്ലൂര്‍ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് മാറ്റിവച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തമിഴ് നാട്ടില്‍ നിന്നുമാത്രം 204 കോടി രൂപയുടെ കണക്കില്ലാത്ത പണം കണ്ടെത്തിയിരുന്നു.

Read More >>