പെപ്സികോ- കര്‍ഷക പ്രശ്നം: പ്രതിഷേധം കനക്കുന്നു; കമ്പനിക്ക് ആശങ്ക

കൂട്ടായ പ്രവർത്തനത്തിലൂടെ വിഷയം എത്രയും പെട്ടെന്നു പരിഹരിക്കാൻ ഉന്നത മേധാവികൾ പെപ്‌സികോ ഇന്ത്യയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പെപ്സികോ- കര്‍ഷക പ്രശ്നം: പ്രതിഷേധം കനക്കുന്നു; കമ്പനിക്ക് ആശങ്ക

ന്യൂഡൽഹി: പ്രത്യേക ഇനം ഉരുളക്കിഴങ്ങ് ഉല്പാദനവുമായി ബന്ധപ്പെട്ട് പെപ്‌സികോ ഗുജറാത്തിലെ നാലു കർഷകർക്കെതിരെ നൽകിയ പരാതി സാമൂഹ്യമാദ്ധ്യമങ്ങളും ഏറ്റെടുത്തതോടെ ആശങ്കയിലായി കമ്പനി. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചും പെപ്‌സികോ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരവധി പോസ്റ്റുകളാണ് ഇതിനോടകം സാമൂഹ്യമാദ്ധ്യമത്തിൽ ഉയരുന്നത്. പെപ്‌സികോ കമ്പനി പുറത്തിറക്കുന്ന ലെയ്‌സ് എന്ന ഭക്ഷ്യോല്പന്നത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കർഷകർ കൃഷി ചെയ്തു എന്നതിന്റെ പേരിലാണ് അഹമ്മദാബാദ് കോടതിയിൽ ഒന്നരകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി പരാതി നൽകിയത്.

എന്നാൽ ഇന്ത്യയിലെ സ്ഥിതി ഗതികളിൽ പെപ്‌സികോ ഏഷ്യ- പെസഫിക് മേധാവി ആശങ്ക പ്രകടിപ്പിച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്തു. കൂട്ടായ പ്രവർത്തനത്തിലൂടെ വിഷയം എത്രയും പെട്ടെന്നു പരിഹരിക്കാൻ ഉന്നത മേധാവികൾ പെപ്‌സികോ ഇന്ത്യയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാർട്ടികളും പെപ്‌സികോയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് മുന്നോട്ടുവന്നതും കമ്പനിയെ ബാധിക്കുമെന്നതാണ് ആശങ്കയ്ക്കു പിന്നിലെ പ്രധാന കാരണം. കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കമ്പനി കേസ് പിൻവലിക്കാത്ത പക്ഷം പെപ്‌സികോ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നും സംഘപരിവാർ സംഘടനയായ രാഷ്ട്രീയ കിസാൻ പരിഷത്തിന്റെ പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കർഷകർക്കെതിരെ നൽകിയ പരാതി 72 മണിക്കുറിനകം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പെപ്‌സികോയുടെ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള കാംപെയ്ൻ ആരംഭിക്കുമെന്നും ബി.ജെ.പി ഡൽഹി യൂണിറ്റ് വക്താവ് തജിന്ദർ പാൽ സിങ് ബാഗ്ഗ പറഞ്ഞു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും പെപ്‌സികോയുടെ നടപടിക്കെതിരെ രംഗത്തെത്തി.

ഗുജറാത്തിലെ അമരാവലി, സബർകാന്ത് എന്നിവിടങ്ങളിലെ കർഷകർക്കെതിരെയാണ് പെപ്‌സികോ പരാതി നൽകിയത്. കേസിൽ ജൂൺ 12നാണ് അടുത്ത വാദം കേൾക്കൽ. എന്നാൽ കോടതിക്കു പുറത്ത് പ്രശ്‌നം പരിഹരിക്കാൻ പെപ്‌സികോ താല്പര്യമറിയിച്ചിട്ടുണ്ട്. പ്രത്യേക ഇനത്തിൽപ്പെടുന്ന എഫ്‌സി 50 വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങുകൾ ഉല്പാദിപ്പിക്കുന്ന കർഷകർ അതില്‍ നിന്നുള്ള ഉല്പന്നം കമ്പനിക്കു നൽകണം എന്ന വ്യവസ്ഥയാണ് പെപ്‌സികോ മുന്നോട്ടുവയ്ക്കുന്നത്.159 പൊതുപ്രവർത്തകർ കർഷകർക്ക് പിന്തുണയർപ്പിച്ച് വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

Read More >>