പെപ്‌സി കമ്പനി കൃഷിയിടങ്ങളില്‍ കടന്നുകയറിയത് ഗുണ്ടകളെപ്പോലെ

നിയമലംഘനം നടന്നാല്‍ പോലും അത് തെളിയിക്കുന്നതിനു വേണ്ടി മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളില്‍ അതിക്രമിച്ച് കയറാന്‍ ഇന്ത്യന്‍ നിയമം ആരെയും അനുവദിക്കുന്നില്ല. പക്ഷേ, ഇക്കാര്യത്തില്‍ കമ്പനി നിയമം കൈയിലെടുക്കുകയായിരുന്നുവെന്നാണ് ഇതുവരെ ലഭ്യമായ വിവരം

പെപ്‌സി കമ്പനി കൃഷിയിടങ്ങളില്‍ കടന്നുകയറിയത് ഗുണ്ടകളെപ്പോലെ

കര്‍ഷര്‍ക്കെതിരേ കോടതിയെ സമീപിച്ച് എക്‌സ്പാര്‍ട്ടി വിധി നേടിയ പെപ്‌സികമ്പനി തെളിവ് ശേഖരിച്ചത് നിയമവിരുദ്ധമായി. കമ്പനി പ്രതിനിധികള്‍ അനധികൃതമായി കൃഷിയിടങ്ങളില്‍ പ്രവേശിപ്പിക്കുകയും ബലംപ്രയോഗിച്ച് ഉരുളക്കിഴങ്ങ് ശേഖരിക്കുകയുമായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കമ്പനി തെളിവ് ശേഖരിക്കാന്‍ പ്രൈവറ്റ് ഡിക്ടക്റ്റീവുകളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഉരുളക്കിഴങ്ങ് വാങ്ങാനെന്ന വ്യാജേന എത്തിയ ഇവര്‍ സാമ്പിളുകള്‍ മോഷ്ടിക്കുകയും കൃഷിയിടങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

ബൗദ്ധിക സ്വത്തവകാശലംഘനങ്ങളുണ്ടായാള്‍ കൃഷിവകുപ്പിനെയാണ് ആദ്യം സമീപിക്കേണ്ടത്. അവരാണ് അത് നിയമപരമായി കൈകാര്യം ചെയ്യേണ്ടതും. പക്ഷേ, ഇക്കാര്യത്തില്‍ കമ്പനി കൃഷി വകുപ്പുമായി ബന്ധപ്പെടുകയോ അവരെ അറിയിക്കുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി തങ്ങളുടെ കൃഷിയിടങ്ങളില്‍ പ്രവേശിച്ച കമ്പനിക്കെതിരേ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ പോലിസില്‍ സമീപിച്ചിട്ടുണ്ടെങ്കിലും അതില്‍ തീരുമാനമായിട്ടില്ല.

നിയമലംഘനം നടന്നാല്‍ പോലും അത് തെളിയിക്കുന്നതിനു വേണ്ടി മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളില്‍ അതിക്രമിച്ച് കയറാന്‍ ഇന്ത്യന്‍ നിയമം ആരെയും അനുവദിക്കുന്നില്ല. പക്ഷേ, ഇക്കാര്യത്തില്‍ കമ്പനി നിയമം കൈയിലെടുക്കുകയായിരുന്നുവെന്നാണ് ഇതുവരെ ലഭ്യമായ വിവരം.

തെളിവ് ശേഖരിക്കാനുള്ള കോടതിയുടെ ഇടപെടലിലും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കോടതി നിയോഗിച്ച കമ്മീഷന്‍ കര്‍ഷരെ അറിയിക്കാതെയാണ് കൃഷിയിടങ്ങളില്‍ നിന്ന് തെളിവ് ശേഖരിച്ചത്.

തങ്ങള്‍ക്ക് പേറ്റന്റുള്ള ഉരുളക്കിഴങ്ങ് വിത്തിനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് 9 ഗുജറാത്തി കര്‍ഷകര്‍ക്കെതിരേ പെപ്‌സി കമ്പനി കേസെടുത്തിരുന്നു. പെപ്സി കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന ലെയ്സ് എന്ന ഉരുളക്കിഴങ്ങ് ചിപ്സില്‍ ഉപയോഗിക്കുന്ന എഫ് എല്‍ 2027 ഇനം ഉരുളക്കിഴങ്ങ് അനധികൃതമായി ഉള്‍പ്പാദിപ്പിച്ചു എന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്. മൂന്നിനും നാലിനും ഇടയില്‍ ഏക്കര്‍ കൃഷിഭൂമിയുള്ള ഏതാനും ഉരുളക്കിഴങ്ങ് കര്‍ഷകരെ പ്രതിചേര്‍ത്താണ് പെപ്സി കമ്പനി ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നുകയറ്റമാരോപിച്ച് കേസ് നല്‍കിയത്. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വറൈറ്റി ആക്റ്റ്, 2001 പ്രകാരം തങ്ങള്‍ പ്ലാന്റ് വറൈറ്റി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഉരുള്ളക്കിഴങ്ങ് ഇനമാണ് എഫ് എല്‍ 2027 എന്നാണ് കമ്പനിയുടെ വാദം. അത് സ്വന്തം കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷര്‍ ബൗദ്ധിക സ്വത്തവകാശത്തില്‍ കടന്നുകയറുകയാണ് ചെയ്തതെന്നും അതിലൂടെ വമ്പിച്ച നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി വാദിച്ചു.

Read More >>