ദുബൈയിലെ റമദാന്‍ ഫ്രിഡ്ജ് പദ്ധതി തരം​ഗമാകുന്നു

വീടിന് പുറത്ത് സജ്ജീകരിച്ച ഫ്രിഡ്ജിൽ പാവപ്പെട്ട തൊഴിലാളികൾക്ക് നോമ്പുതുറക്കുള്ള ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

ദുബൈയിലെ റമദാന്‍ ഫ്രിഡ്ജ് പദ്ധതി തരം​ഗമാകുന്നു

ദുബൈ: റമദാനിൽ ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെ രണ്ട് വീട്ടമ്മമാർ തുടക്കമിട്ട റമദാൻ ഷെയറിങ് ഫ്രിഡ്ജ് പദ്ധതി യു.എ.ഇയിൽ തരംഗമാവുന്നു. വീടിന് പുറത്ത് സജ്ജീകരിച്ച ഫ്രിഡ്ജിൽ പാവപ്പെട്ട തൊഴിലാളികൾക്ക് നോമ്പുതുറക്കുള്ള ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഈ വർഷം ഇതുവരെയായി 200-ലേറെ റമദാൻ ഫ്രിഡ്ജുകളാണ് തയ്യാറായിരിക്കുന്നത്.

വീടുകൾക്കോ സ്ഥാപനങ്ങൾക്കോ പുറത്ത് ഫ്രിഡ്ജ് സ്ഥാപിക്കുന്നതാണ് പദ്ധതി. വീട്ടുമുറ്റത്തോ കാർ പോർച്ചിലോ വെക്കാം. പുതിയ ഫ്രിഡ്‌ജോ പഴയതോ ഇതിനായി ഉപയോഗിക്കാം. ഇതിൽ ആർക്കും മറ്റുള്ളവർക്കായി വിഭവങ്ങൾ എത്തിക്കാം. ആവശ്യമുള്ളവർക്കെല്ലാം ഭക്ഷണം സൗജന്യമായി കൈപ്പറ്റാം. ഹോളണ്ട് സ്വദേശിയായി മൊറോക്കൻ വംശജ ഫിക്‌റ നാലുവർഷം മുമ്പ് ദുബൈ മീഡോസിലെ താമസ സ്ഥലത്ത് തുടങ്ങിവെച്ച ആശയമാണിത്. ആസ്‌ത്രേലിയക്കാരി സുമയ്യയാണ് ഇതൊരു കൂട്ടായ്മയായി വളർത്തിയത്. റമദാൻ ഷെയറിങ് ഫ്രിഡ്ജ് എന്ന പേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങി. ദിവസങ്ങൾക്കകം 20,000 പേർ കൈകോർത്തു. ഷാർജയിലേക്കും അബൂദബിയിലേക്കും പദ്ധതി വ്യാപിച്ചു.

200 സ്ഥലങ്ങളിൽ ഇപ്പോൾ റമദാൻ ഫ്രിഡ്ജ് അന്യന്റെ വിശപ്പടക്കുന്നു. ജാതി- മത വ്യത്യാസമില്ലാതെ കൂട്ടായ്മയിലെ അംഗങ്ങൾ ഫ്രിഡ്ജിലേക്ക് ഭക്ഷണമത്തെിക്കും. സംഭാവനയായി പണം സ്വീകരിക്കില്ല, ഭക്ഷണം മാത്രം. ജ്യൂസ്, വെള്ളം, ലബൻ, പഴങ്ങൾ, പച്ചക്കറി, ബിരിയാണി, സമൂസ, തൈര് തുടങ്ങി എന്തും ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഗൂഗിൾ മാപ്പ് വഴിയും സാമൂഹികമാധ്യമങ്ങൾ വഴിയും ഫ്രിഡ്ജുകൾ സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങൾ കണ്ടെത്താം. സ്‌കൂളുകളടക്കം ഒട്ടേറെ പൊതു-സ്വകാര്യ സ്ഥാപനങ്ങളും കഴിഞ്ഞവർഷം ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. ദുബൈ മുനിസിപ്പാലിറ്റി യു.എ.ഇ. ഫുഡ് ബാങ്കിന്റെ ഭാഗമായി വിവിധയിടങ്ങളിലായി 80 ഷെയറിങ് ഫ്രിഡ്ജുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം പാഴാക്കാതെ സൂക്ഷിക്കാനും ഇതിനുപിന്നിലെ കൂട്ടായ്മ ശ്രദ്ധപുലർത്തുന്നുണ്ട്. വെള്ളം, ലബാൻ, പാൽ, ബിസ്‌കറ്റ്, പഴവർഗങ്ങൾ, ടിന്നിലടച്ച ഭക്ഷണം എന്നിവയാണ് റംസാൻ ഫ്രിഡ്ജുകളിലേക്ക് സ്വീകരിക്കുക. പാകംചെയ്ത ഭക്ഷണവും ബാക്കി വന്ന ഭക്ഷണവും ചൂടുള്ള ഭക്ഷണസാധനങ്ങളും സ്വീകരിക്കാറില്ല.

Read More >>