ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു

Published On: 6 Aug 2018 3:45 AM GMT
ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു

റായ്പൂര്‍: ഗോസംരക്ഷണം മുഖ്യ അജണ്ടയാക്കിയ ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു. ഛത്തീസ്ഗഢിലെ ബലോഡ ബസാര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഗോശാലയിലാണ് സംഭവം. ചത്ത പശുക്കളെ ഗോശാലയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

അലഞ്ഞുതിരിഞ്ഞു നടന്ന പശുക്കളെ കൃഷി നശിപ്പിച്ചതിനെതുടര്‍ന്ന് സമീപത്തെ ഗോശാലയില്‍ എല്‍പ്പിച്ചതായിരുന്നു. ഗോശാല പ്രവര്‍ത്തകര്‍ ഇതില്‍ ചിലതിനെ ഗോശാലയത്തിനുള്ളിലും ചിലതിനെ പുറത്തും കെട്ടിയിട്ടു. എന്നാല്‍ തീറ്റ നല്‍കാന്‍ കഴിയാത്തതിനാല്‍ പുറത്തു കെട്ടിയ പശുക്കളെ കെട്ടഴിച്ചു വിട്ടു. അതേസമയം മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ തുറന്നുവിടുന്ന കാര്യം ഗോശാലയിലുളളവര്‍ മറക്കുകയായിരുന്നു. ദിവസങ്ങളോളം തീറ്റയും വെള്ളവും കിട്ടാതെ പശുക്കള്‍ ചത്ത് ദുര്‍ഗന്ധം പുറത്തുവന്നപ്പോഴാണ് ഗോശാല പ്രവര്‍ത്തകര്‍ക്ക് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ അറിയുന്നതിനുമുമ്പെ ഗോശാലയില്‍ നിന്നും നീക്കം ചെയ്യാനുള്ള ഗോശാല പ്രവര്‍ത്തകരുടെ രഹസ്യനീക്കം പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കളക്ടര്‍ അറിയിച്ചു.

ഇതാദ്യമായല്ല ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ ഗോശാലയില്‍ പശുക്കള്‍ ചാകുന്നത്. 2017 ഓഗസ്റ്റില്‍ ഭക്ഷണവും സംരക്ഷണവും ലഭിക്കാതെ ഛത്തീസ്ഗഢില്‍ മൂന്നു സര്‍ക്കാര്‍ ഗോശാലകളിലായി ഇരുനൂറോളം പശുക്കള്‍ ചത്തിരുന്നു.

Top Stories
Share it
Top