മോദി പറഞ്ഞത് പെരുങ്കള്ളം: നോട്ടു നിരോധനം തട്ടിപ്പ്, പെരുകി നിറഞ്ഞ് വ്യാജ നോട്ടുകള്‍; ഗുജറാത്ത് വ്യാജന്റെ തലസ്ഥാനം

2018 അവസാനത്തോടെ ഗുജറാത്തില്‍ നിന്നും 6.93 കോടി രൂപ മൂല്യമുള്ള 34,680 വ്യാജ 2,000 രൂപ നോട്ടുകളാണ് പിടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം കണക്കെടുത്താന്‍ ആകെ പിടിച്ചെടുത്ത വ്യാജ 2000 രൂപ നോട്ടിന്റെ 26.28 ശതമാനവും ഗുജറാത്തില്‍ നിന്നാണ്.

മോദി പറഞ്ഞത് പെരുങ്കള്ളം: നോട്ടു നിരോധനം തട്ടിപ്പ്, പെരുകി നിറഞ്ഞ് വ്യാജ നോട്ടുകള്‍; ഗുജറാത്ത് വ്യാജന്റെ തലസ്ഥാനം

2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപകളുടെ നോട്ടു നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ കള്ളപ്പണവും, വ്യാജ നോട്ടുകളും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളക്കിയ പ്രഖ്യാപനം മാത്രമായിരുന്നു നോട്ടു നിരോധനം. ഇതു തെളിയിക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

1000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2000ത്തിന്റേയും 500ന്റേയും നോട്ടുകളാണ് സര്‍ക്കാര്‍ അച്ചടിച്ചിറക്കിയത്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയുള്ള നോട്ടുകള്‍ വ്യാജ കറന്‍സികള്‍ ഇല്ലാതാക്കുമെന്നായിരുന്നു സാർക്കാർ പ്രഖ്യാപനം. എന്നാൽ ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്.

പുതിയ കറന്‍സികള്‍ വ്യാജനെ പൂട്ടിയോ?

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എൻ‌സി‌ആർ‌ബി)യുടെ റിപ്പോർട്ട് പ്രകാരം പുതിയ 2000ത്തിന്റേയും 500ന്റേയും കറന്‍സികള്‍ക്ക് വ്യാജന് തടയിടാനായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. നോട്ടു നിരോധനത്തിന് ശേഷം 2017, 2018 കാലത്ത് രാജ്യത്തു നിന്നും പിടിച്ച വ്യാജ കറന്‍സികളുടെ 56 ശതമാനവും വലിയ സുരക്ഷാ സംവിധാനങ്ങളോടെ പുറത്തിറക്കുന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട 2000 രൂപ നോട്ടാണ്. 2017ല്‍ ആകെ തുകയുടെ 53.3 ശതമാനമായിരുന്നു രണ്ടായിരത്തിന്റെ വ്യാജനെങ്കില്‍ 2018ല്‍ അത് 61.01 ശതമാനമായി ഉയര്‍ന്നു.

2017ല്‍ രാജ്യത്ത് നിന്നും പിടിച്ച വ്യാജ നോട്ടുകള്‍ (ശതമാനത്തിൽ)

2017ൽ 28.10 കോടി രൂപയുടെ വ്യാജ കറൻസികളാണ് രാജ്യത്ത് പിടികൂടിയത്. ഇതിൽ 53.30 ശതമാനവും 2,000 രൂപ നോട്ടുകളാണ്.

2000 രൂപ നോട്ട്- 53.3 ശതമാനം.

500 രൂപ നോട്ട് (പുതിയത്)- 1.57 ശതമാനം.

500 രൂപ നോട്ട് (പഴയത്)-18.29 ശതമാനം.

1000 രൂപ നോട്ട് - 23.39 ശതമാനം

മറ്റുള്ളവ- 3.45

2018ല്‍ രാജ്യത്ത് നിന്നും പിടിച്ച വ്യാജ നോട്ടുകള്‍

2000 രൂപ നോട്ട്- 61.01

500 രൂപ നോട്ട് (പുതിയത്)-7.21

500 രൂപ നോട്ട് (പഴയത്)- 9.99

1000 രൂപ നോട്ട് -15.3

മറ്റുള്ളവ- 6.49

മോദിയുടെ പ്രഖ്യാപനവും യാദാർത്ഥ്യവും

നോട്ടു നിരോധനം രാജ്യത്തെ തീവ്രവാദ ശൃംഖലകളെ തകർക്കും എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. "ഈ തീവ്രവാദികൾക്ക് പണം എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കൾ വ്യാജ കറൻസി നോട്ടുകൾ ഉപയോഗിച്ചാണ് പ്രവർത്തനം നടത്തുന്നത്"- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എൻ‌സി‌ആർ‌ബിയുടെ ഏറ്റവും പുതിയ വാർ‌ഷിക റിപ്പോർട്ട് 'ക്രൈം ഇൻ ഇന്ത്യ' പ്രകാരം 2017, 2018 വർഷങ്ങളിൽ 46.06 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ട് (എഫ്‌ഐ‌സി‌എൻ) ആണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ 56.3 ശതമാനം നോട്ടുകളും 2000ത്തിന്റേതാണ്.

ഗുജറാത്ത് കള്ളനോട്ടിന്റെ (2000) കേന്ദ്രം

എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം വ്യാജ 2,000 രൂപ നോട്ടുകള്‍ കൂടുതല്‍ പിടിച്ചെടുക്കുന്നത് ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 2016ല്‍ 2000 രൂപ നോട്ട് അവതരിപ്പിച്ചതു മുതല്‍ക്ക് വ്യാജ നോട്ടുകളുടെ കേന്ദ്രം ഗുജറാത്താണ്.

2018 അവസാനത്തോടെ ഗുജറാത്തില്‍ നിന്നും 6.93 കോടി രൂപ മൂല്യമുള്ള 34,680 വ്യാജ 2,000 രൂപ നോട്ടുകളാണ് പിടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം കണക്കെടുത്താന്‍ ആകെ പിടിച്ചെടുത്ത വ്യാജ 2000 രൂപ നോട്ടിന്റെ 26.28 ശതമാനവും ഗുജറാത്തില്‍ നിന്നാണ്. ബംഗാളില്‍ നിന്നും 3.5 കോടി, തമിഴ്‌നാട് 2.8 കോടി, ഉത്തര്‍പ്രദേശ് 2.6 കോടി എന്നിങ്ങനെയാണ് മറ്റു ചില സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ഏകദേശം രാജ്യത്തെ 27 സംസ്ഥാനങ്ങളിലും വ്യാജനോട്ട് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഢ്, ദാദര്‍, നഗര്‍ ഹവേലി, ദാമന്‍, ഡിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും 2018ല്‍ 2000ത്തിന്റെ ഒരു വ്യാജന്‍ പോലും പിടിച്ചെടുത്തിട്ടില്ല.

നോട്ടു നിരോധിച്ചതിന് പിന്നാലെ തന്നെ പിടിമുറുക്കി വ്യാജന്‍

റിപ്പോര്‍ട്ട് പ്രകാരം 2016 നവംബര്‍ എട്ടിന് നോട്ടു നിരോധനം പ്രഖ്യാപിച്ച് 2017 ജനുവരി ഒന്നിനുള്ളില്‍ (53 ദിവസം) ഇന്ത്യയിലുടനീളം 45.44 ലക്ഷം രൂപ വിലമതിക്കുന്ന 2,272 വ്യാജ 2,000 രൂപ നോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലും മുന്‍പന്തിയിലുള്ളത് ഗുജറാത്താണ്. 1300 നോട്ടുകളാണ് സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്തത്.പഞ്ചാബില്‍ നിന്നും 548, കര്‍ണാടകയില്‍ നിന്നും 254, തെലുങ്കാനയില്‍ നിന്നും 114, മഹാരാഷ്ട്രയില്‍ നിന്നും 27

വ്യാജനെ സംബന്ധിച്ച് ആര്‍ബിഐ റിപ്പോര്‍ട്ട്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2017-18 സാമ്പത്തിക വർഷത്തിൽ മൊത്തം 17,929 വ്യാജ 2,000 രൂപ നോട്ടുകൾ ബാങ്കിംഗ് സംവിധാനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് (റിപ്പോർട്ട് പേജ് 147). അടുത്ത വർഷം ഇത് 21,847 നോട്ടുകളായി ഉയർന്നു, 21.9 ശതമാനം വർദ്ധിച്ചു. നോട്ടു നിരോധനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 638 വ്യാജ 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനോടൊപ്പമുള്ള ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുതയെന്തെന്നാൽ 500 രൂപ (പുതിയ നോട്ടുകൾ) വ്യാജ നോട്ടുകൾ കണ്ടെത്തുന്നതിൽ 121 ശതമാനത്തിൻെറ വർദ്ധനവാണുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2000 രൂപയുടെ അച്ചടി നിര്‍ത്തിയോ?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുകയോ അവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയോ ചെയ്തതായി മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പതിവായി സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 14ലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 2,000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ല.

വിവരാവകാശ നിയമപ്രകാരമാണ് പത്രം പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിൻെറ അടിസ്ഥാനത്തിൽ 2016-17 ൽ 3,542.991 ദശലക്ഷം 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അച്ചടിച്ചു. ഇത് 2017-18ൽ 111.507 ദശലക്ഷം നോട്ടുകളായി ചുരുക്കി, 2018-19 ൽ റിസർവ് ബാങ്ക് അത്തരം 46.690 ദശലക്ഷം നോട്ടുകൾ മാത്രമാണ് അച്ചടിച്ചത്.

Read More >>