​കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് അസമിൽ രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

Published On: 9 Jun 2018 1:00 PM GMT
​കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് അസമിൽ രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

ഗുവഹാത്തി: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് അസമില്‍ ജനക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ഗുവഹാത്തിയിലെ ദോഖ്‌മോഖയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം ശക്തമായിരുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെ ദോക്മോകയിലേക്ക് പോകുകയായിരുന്ന നിലോത്പാല്‍ ദാസ്, അഭിജീത് നാഥ് എന്നീ യുവാക്കളെ കാറിൽ നിന്നും വലിച്ച് പുറത്തിട്ടാണ് ജനക്കൂട്ടം മർദിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു.

യുവാക്കളെ മർദ്ദിച്ച് കൊല്ലുന്നതിൻ്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. നീലോത്പാൽ ദാസ് ജനക്കൂട്ടത്തോട് യാചിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. 'ദയവായി എന്നെ കൊല്ലരുത്. ഞാൻ ഒരു അസംകാരനാണ്. എന്‍റെ പിതാവിന്‍റെ പേര് ഗോപാൽ ചന്ദ്ര ദാസ് എന്നും അമ്മയുടെ പേര് രാധിക ദാസ് എന്നുമാണ്. എന്നെ വിശ്വസിക്കണം. ദയവായി എന്നെ പോകാൻ അനുവദിക്കണം' എന്നെല്ലാം ഇയാൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും കേൾക്കാൻ പോലും തയാറാകാതെ ജനക്കൂട്ടം ഇവരെ മർദിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സംഭവത്തെ അപലപിച്ചു. ഊഹാപോഹങ്ങളുടെ പേരിൽ കൊലപാതകം നടത്തുന്നത് അപലപനീയമാണെന്നും എഡിജിപി ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Top Stories
Share it
Top